ദേശീയ ആക്ഷൻ ചാർട്ടർ; വാർഷികം ആഘോഷിച്ച് വിദ്യാഭ്യാസ മന്ത്രാലയം
text_fieldsആഘോഷപരിപാടികളിൽനിന്ന്
മനാമ: രാജ്യ പുരോഗതിയുടെ നെടുംതൂണായ ദേശീയ ആക്ഷൻ ചാർട്ടറിന്റെ 24ാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. സാഖിറിൽ നടന്ന ചടങ്ങിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയം വർഷാവർഷം സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയിൽ രാജകുടുംബത്തിലെ വിശിഷ്ട വ്യക്തികളും പങ്കാളികളായി.
ആഘോഷത്തിൽ രാജ്യത്തെ പൊതു- സ്വകാര്യ സ്കൂളുകളിലെ 3000ത്തോളം കുട്ടികൾ അണിനിരന്ന് ഹമദ് രാജാവിനെയും കിരീടാവകാശിയെയും മറ്റു വിശിഷ്ടാതിഥികളെയും ആനയിച്ചു. വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅയും മറ്റു മന്ത്രാലയ ഉദ്യോഗസ്ഥരുമാണ് ഹമദ് രാജാവിനെ ആഘോഷ വേദിയിലേക്ക് സ്വീകരിച്ചത്.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ ആഘോഷ പരിപാടിയിലേക്ക് സ്വീകരിക്കുന്ന വിദ്യാർഥികൾ
ദേശീയ ഗാനത്തോടെയും ഖുർആൻ പാരായണത്തോടെയും ആരംഭിച്ച പരിപാടിയിൽ വിദ്യാർഥികൾ രാജ്യത്തിന്റെ അഭിമാനം പ്രകടമാക്കുന്ന കവിതകൾ ചൊല്ലിയും പാട്ടുകൾ പാടിയും വേദിയുടെയും സദസ്സിന്റെയും ശ്രദ്ധ കൈപ്പറ്റി. കൂടാതെ വിദ്യാഭ്യാസ മന്ത്രാലയം നിർമിച്ച മൂന്ന് പാട്ടുകളും വിദ്യാർഥികൾ വേദിയിൽ അവതരിപ്പിച്ചു. വിദ്യാർഥികളുടെ കലാവിഷ്കാരങ്ങൾ, സംഘനൃത്തങ്ങൾ, പരമ്പരാഗത ബഹ്റൈൻ നൃത്തങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. ആഘോഷത്തിന്റെ പ്രൗഢിക്കും സംഘാടനത്തിനും മന്ത്രാലയത്തെയും ഉദ്യോഗസ്ഥരെയും ഹമദ് രാജാവ് പ്രശംസിച്ചു.
വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ദേശീയ ആക്ഷൻ ചാർട്ടർ വാർഷികാഘോഷത്തിൽ പങ്കെടുക്കുന്ന ഹമദ് രാജാവ്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സമീപം
പൗരത്വ വിദ്യാഭ്യാസത്തിലൂടെ പകരുന്ന മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് വിദ്യാർഥികളുടെ പങ്കാളിത്തമെന്നും അവരെ പ്രശംസിച്ച് ഹമദ് രാജാവ് പറഞ്ഞു. ചാർട്ടറിന്റെ 24ാം വാർഷികാഘോഷ വേദിയിൽ ഹമദ് രാജാവിന്റെയും കിരീടാവകാശിയുടെയും കിരീട വാഴ്ചയുടെ സിൽവർ ജൂബിലി സന്തോഷവും വിദ്യാഭ്യാസ മന്ത്രി ഡോ. ജുമുഅ അറിയിച്ചു.
പ്രാദേശികമായും അന്തർദേശീയമായും രാജ്യം കൈവരിച്ച പുരോഗതിക്കും നേട്ടങ്ങൾക്കും വികസനത്തിനും രാജാവിനും കിരീടാവകാശിക്കും നന്ദി അറിയിച്ച അദ്ദേഹം അന്തർദേശീയ വേദികളിലെ ബഹ്റൈന്റെ വിശിഷ്ടമായ സ്ഥാനവും എടുത്തുപറഞ്ഞു. വിദ്യാഭ്യാസ മേഖലയോടുള്ള സർക്കാറിന്റെ പ്രതിബദ്ധത ചൂണ്ടിക്കാട്ടിയ ഡോ. ജുമുഅ ഹമദ് രാജാവിന്റെ നിർദേശങ്ങൾക്കനുസൃതമായി ദേശീയ ആക്ഷൻ ചാർട്ടറിന്റെ തത്ത്വങ്ങളും മൂല്യങ്ങളും പാഠ്യ, പാഠ്യേതര പദ്ധതികളിൽ വീണ്ടും ഉൾപ്പെടുത്തുമെന്നും വിദ്യാർഥികളിലെ പൗരബോധവും അഭിമാനവും വളർത്തുമെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.