പ്രതിസന്ധിഘട്ടങ്ങളിൽ പ്രവാസികളുടെ കൂടെ നിന്നിട്ടുള്ള പത്രം
text_fieldsമനാമ: പത്രവായന വളരെ ചെറുപ്പംമുതൽക്കേയുള്ള ശീലമാണ്. നാട്ടിലായിരുന്നപ്പോൾ രണ്ടും മൂന്നും പത്രങ്ങൾ വായിക്കും. എഡിറ്റോറിയൽ വെട്ടിസൂക്ഷിക്കുന്ന ഏർപ്പാടുമുണ്ടായിരുന്നു കുറച്ചു കാലം. 89 അവസാനം ബഹ്റൈനിൽ പ്രവാസജീവിതം തുടങ്ങിയപ്പോൾ റൂമിൽ പത്രം വരുത്തുന്നുണ്ടായിരുന്നു. അന്ന് ഫ്ലാറ്റിലെ എല്ലാവരും ഷെയർ എടുത്താണ് പത്രം വാങ്ങുന്നത്. എന്നാൽ, അന്ന് പത്രം ലഭിക്കുക വൈകീട്ടായിരുന്നു. രാത്രിയാണ് പത്രവായന.
രാവിലെതന്നെ പത്രം വായിച്ച് ദിവസം തുടങ്ങുന്ന എനിക്ക് അത് ഒരു സുഖമില്ലാത്ത അനുഭവമായിരുന്നു. എന്നാൽ, മാധ്യമം ഗൾഫ് എഡിഷൻ ഇവിടെ തുടങ്ങിയപ്പോൾ വളരെ സന്തോഷമായി.ആ കാലത്ത് വേറെയും കുറച്ച് പത്രങ്ങൾ ഗൾഫ്നാടുകളിൽ തുടങ്ങിയിരുന്നെങ്കിലും, പ്രാദേശിക വാർത്തകളും ഗൾഫ് വാർത്തകളും അത്യാവശ്യ വിദേശ വാർത്തകളുംകൊണ്ട് വായനക്കാരനെ തൃപ്തിപ്പെടുത്താൻ മാധ്യമത്തിന് കഴിഞ്ഞിട്ടുണ്ട്. നമ്മൾ ആഗ്രഹിക്കുന്ന രീതിയിലുള്ള പ്രിൻറിങ്ങാണ് മറ്റൊരു ഘടകം. ഒരു വായനക്കാരന് ഒഴുകി വായിക്കാൻ കഴിയുന്ന രീതിയിലായിരിക്കണം ലേഔട്ടും പ്രിന്റിങ്ങും.
എഡിറ്റോറിയൽ എന്റെ രാഷ്ട്രീയ കാഴ്ചപ്പാടിന് വിരുദ്ധമായിരിക്കുമെങ്കിലും, അത് ഞാൻ എന്നും വായിക്കാറുണ്ട്. എന്നും രാവിലെ അഞ്ചു മണിക്ക് എനിക്ക് പത്രം എത്തിച്ചു തന്നിട്ടുണ്ട്. തുടങ്ങിയ നാളിന്നുവരെ വളരെ കാര്യക്ഷമമായി ഏതു പ്രതിസന്ധിയിലും ഗൾഫ് പ്രവാസികളുടെ കൂടെ നിന്നിട്ടുണ്ട് ഗൾഫ് മാധ്യമം. കൊറോണക്കാലത്ത് എത്ര പേരെയാണ് ടിക്കറ്റ് നൽകി നാട്ടിലേക്ക് എത്തിച്ചതെന്ന് എനിക്ക് വ്യക്തിപരമായിട്ടറിയാം. ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്തുകൊണ്ട് തൊഴിൽരഹിതർക്ക് ആശ്വാസം നൽകുന്നതും എടുത്തുപറയേണ്ടതാണ്. സാധാരണക്കാരായ മലയാളി പ്രവാസികളുടെ ഇടയിൽ ഇന്ന് ഏറ്റവും പ്രചാരമുള്ള ‘ഗൾഫ് മാധ്യമ’ത്തിന് ഇനിയും ഒരുപാട് കാലം മുന്നോട്ടുപോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.