മൂന്നാംപാദത്തിലെ ഇറക്കുമതിയിൽ ഒമ്പതു ശതമാനം വളർച്ച
text_fieldsമനാമ: ഈ വർഷം മൂന്നാംപാദത്തിൽ ബഹ്റൈനിലേക്കുള്ള ഇറക്കുമതിയിൽ ഒമ്പതു ശതമാനം വളർച്ച. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 1.471 ബില്യൺ ദീനാറിന്റെ ഉൽപന്നങ്ങളാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.349 ബില്യൺ ദീനാറിന്റെ ഇറക്കുമതിയാണ് നടന്നത്. മൊത്തം ഇറക്കുമതിയുടെ 71 ശതമാനവും പത്ത് രാജ്യങ്ങളിൽനിന്നാണ്.
ബഹ്റൈനിലേക്ക് ഏറ്റവുമധികം ഉൽപന്നങ്ങൾ എത്തിയത് ചൈനയിൽനിന്നാണ്. 213 മില്യൺ ദീനാറിന്റെ ഉൽപന്നങ്ങൾ ചൈനയിൽനിന്ന് എത്തിയപ്പോൾ രണ്ടാംസ്ഥാനത്തുള്ള ബ്രസീലിൽനിന്ന് 188 മില്യൺ ദീനാറിന്റെ ഉൽപന്നങ്ങളും മൂന്നാംസ്ഥാനത്തുള്ള ആസ്ട്രേലിയയിൽനിന്ന് 123 മില്യൺ ദീനാറിന്റെ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്തു.
ഇറക്കുമതി ഉൽപന്നങ്ങളിൽ മുൻപന്തിയിൽ അസംസ്കൃത ഇരുമ്പയിരാണ്. 201 മില്യൺ ദീനാറിന്റെ ഇരുമ്പയിര്, 113 മില്യൺ ദീനാറിന്റെ അലൂമിനിയം ഓക്സൈഡ്, 78 മില്യൺ ദീനാറിന്റെ എയർക്രാഫ്റ്റ് എൻജിൻ ഭാഗങ്ങൾ എന്നിവയും ഇറക്കുമതി ചെയ്തു.
തദ്ദേശീയ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ആറു ശതമാനം വളർച്ചയാണ് മൂന്നാംപാദത്തിൽ രേഖപ്പെടുത്തിയത്. 1.240 ബില്യൺ ദീനാറിന്റെ തദ്ദേശീയ ഉൽപന്നങ്ങൾ ഇക്കാലയളവിൽ കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷം 1.174 ബില്യൺ ദീനാറിന്റേതായിരുന്നു കയറ്റുമതി.
ഇറക്കുമതി രാജ്യങ്ങളിൽ മുന്നിൽ 260 മില്യൺ ദീനാറിന്റെ ഉൽപന്നങ്ങൾ ബഹ്റൈനിൽനിന്ന് വാങ്ങിയ സൗദി അറേബ്യയാണ്. അമേരിക്ക 171 മില്യൺ ദീനാറിന്റെയും യു.എ.ഇ 139 മില്യൺ ദീനാറിന്റെയും ഉൽപന്നങ്ങൾ ബഹ്റൈനിൽനിന്ന് വാങ്ങി. അലൂമിനിയം, സംസ്കരിച്ച ഇരുമ്പയിര്, അലൂമിനിയം കമ്പി എന്നിവയാണ് പ്രധാനമായും ബഹ്റൈനിൽനിന്ന് കയറ്റുമതി ചെയ്തത്. ബഹ്റൈനിൽനിന്നുള്ള മൊത്തം പുനർകയറ്റുമതി ഒരു ശതമാനം വർധിച്ച് 177 മില്യൺ ദീനാറിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.