ഇനി കോയിൻ വേണ്ട; ഇലക്ട്രോണിക് പേമെന്റ് പാർക്കിങ് മീറ്ററുകളെത്തി
text_fieldsമനാമ: കോയിൻ ഓപറേറ്റഡ് പാർക്കിങ് മീറ്ററുകൾക്ക് പകരം പുതിയ ഡിജിറ്റൽ സ്മാർട്ട് പാർക്കിങ് മീറ്ററുകളെത്തി. മുഹറഖിലെ ശൈഖ് ഹമദ് അവന്യൂവിൽ കഴിഞ്ഞ ദിവസം ഡിജിറ്റൽ സ്മാർട്ട് പാർക്കിങ് മീറ്ററുകൾ സ്ഥാപിച്ചു. ഡ്രൈവർമാർക്ക് മൊബൈൽ ആപ് ഉപയോഗിച്ച് പാർക്കിങ്ങിന് പണമടക്കാവുന്ന സംവിധാനമാണ് ഇതിലൂടെ സാധ്യമായിരിക്കുന്നത്.
രാജ്യത്തെമ്പാടുമുള്ള നാണയമിടുന്ന മീറ്ററുകൾ ഘട്ടംഘട്ടമായി നിർത്തലാക്കാനും, പാർക്കിങ് രീതികൾ കൂടുതൽ ആധുനിക രീതിയിലാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പുതിയ സംവിധാനം.
പാർക്കിങ് ലളിതവും വേഗത്തിലുമാക്കാനും ഡ്രൈവർമാർക്ക് ഓൺലൈൻ പേമെന്റ് ആപ്പുകൾ വഴി ഫീസ് അടക്കാനും ഈ മാറ്റം ലക്ഷ്യമിടുന്നു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന പുതിയ സ്മാർട്ട് പാർക്കിങ് മീറ്ററുകൾ വ്യാപാരമേഖലക്കും ഉണർവേകും.
പോക്കറ്റിൽ 100 ഫിൽസ് കോയിൻ ഇല്ലാത്തതിനാൽ പാർക്കിങ് ഫീസ് കൊടുക്കാതിരിക്കുകയും തിരിച്ചുവരുമ്പോൾ വൻ തുക പിഴയായി കൊടുക്കേണ്ടി വരുകയും ചെയ്യുന്ന അവസ്ഥ പലർക്കുമുണ്ടായിരുന്നു. അത് ഷോപ്പിങ് ഉപേക്ഷിക്കാനും കാരണമായിരുന്നു. സ്മാർട്ട്ഫോണിലൂടെയോ കോൺടാക്ട്ലെസ് കാർഡിലൂടെയോ വേഗത്തിൽ പണമടക്കാനാകും.
നാണയങ്ങൾക്കായി പരതുന്ന സമയവും പരമ്പരാഗത മീറ്ററുകളിൽ നാണയമിടാനായി കാത്തുനിൽക്കേണ്ട സമയവും ലാഭിക്കാൻ ഇതു വഴി കഴിയും. മാത്രമല്ല നാണയം നിറയുമ്പോൾ മീറ്ററുകൾ തുറന്ന് അവ മാറ്റുന്ന പ്രവൃത്തിയും ഒഴിവാക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.