അപരിചിതരുടെ അതിഥിയായി നോമ്പ് തുറന്ന ഓർമ
text_fieldsനോമ്പോർമകളുടെ വ്യത്യസ്തതകളിലേക്ക് മനസ്സിനെ തിരിച്ചുനടത്താനുള്ള ഒരു എളിയ ശ്രമം. എല്ലാ വർഷവും റമദാൻ സമാഗതമാവുമ്പോൾ ഗൾഫ് മാധ്യമത്തിന്റെ ഓർമപ്പെടുത്തലാണ് ഇന്നലെകളിലെ നോമ്പിലേക്ക് തിരിഞ്ഞുനടക്കാൻ പ്രചോദനവും പ്രേരണയും നൽകുന്നത്. കാലത്തെ തിരിച്ചുപിടിക്കുമ്പോൾ ലഭിക്കുന്ന കുളിരും അനുഭൂതിയും കൂടി ലഭിക്കുന്നുണ്ട് ഈ ഓർമകളുടെ തിരിച്ചുപിടിത്തത്തിലൂടെ.
കഴിഞ്ഞ റമദാനിൽ ട്രാൻസ്പോർട്ട് കമ്പനിയിലെ ഡ്യൂട്ടിയുടെ ഭാഗമായി ഒരു അതിഥിയെ സൗദി അറേബ്യയിലെ അൽ കോബാറിൽ ഡ്രോപ് ചെയ്യേണ്ടതുണ്ടായിരുന്നു. റമദാനിൽ വൈകുന്നേരത്തെ യാത്രകൾ അത്ര സുഖകരമല്ല. ട്രാഫിക് പ്രശ്നവും മറ്റു തടസ്സങ്ങളും ഈ സമയത്ത് വല്ലാതെ പ്രയാസപ്പെടുത്തും. കോസ് വേയിൽ വന്ന അപ്രതീക്ഷിത തിരക്കും റോഡിലെ വാഹന ആധിക്യവും യാത്രയുടെ താളവും പ്രതീക്ഷിച്ച സമയത്ത് എത്താമെന്ന കണക്കുകൂട്ടലുകളെ ബാധിച്ചു തുടങ്ങിയിരുന്നു. പക്ഷേ, എങ്ങനെയോ ഒരുവിധം അതിഥിയെ ഇഫ്താർ സമയത്തിന് തൊട്ടുമുമ്പായി അദ്ദേഹത്തിന്റെ ലൊക്കേഷനിൽ എത്തിക്കാൻ സാധിച്ചു. അൽ കോബാറിൽനിന്ന് കുറേ മാറി എവിടെയോ ആണ് സ്ഥലം. ബാങ്ക് വിളിക്കാൻ മൂന്നോ നാലോ മിനിറ്റ് മാത്രം ബാക്കി. സൗദിയിൽ സാധാരണ പോകുമ്പോൾ ഭക്ഷണം കഴിക്കുന്ന അൽ കോബാർ ലുലുവിന് അടുത്തുള്ള കേരള ഹോട്ടലിലേക്ക് എത്തണമെങ്കിൽ 15 മിനിറ്റിൽ കൂടുതൽ യാത്ര ചെയ്യണം.
ആദ്യം കാണുന്ന മസ്ജിദിൽ കയറി നോമ്പുതുറന്ന് ഭക്ഷണം കഴിക്കാൻ അൽ കോബാറിൽ ഹോട്ടലിലേക്ക് പോകാമെന്ന് തീരുമാനിച്ചു. ഡ്രൈവിങ്ങിനിടെ അടുത്ത് കണ്ട വലിയ ഒരു പള്ളിയുടെ പാർക്കിങ് ലക്ഷ്യംവെച്ച് വണ്ടി തിരിച്ചു. അപ്പോഴത്തേക്ക് പള്ളി മിനാരത്തിൽനിന്ന് മനോഹരമായ ബാങ്കൊലി ഉയർന്നു.
അതിവിശാലമായ പാർക്കിങ് സൗകര്യമുള്ള വലിയ പള്ളി. അവിടെ പബ്ലിക് നോമ്പുതുറ ഇല്ലാത്തതിനാലാണ് എന്ന് തോന്നുന്നു ഒറ്റവരിയിൽ ഒതുങ്ങാൻ മാത്രമുള്ള സ്വദേശികൾ മാത്രം. കുറച്ചു മിസ്രികളും സുഡാനികളും മാത്രം. പള്ളിയിൽനിന്ന് ബോട്ടിൽ വെള്ളം കൊണ്ട് നോമ്പുതുറന്നു. കൂട്ടത്തിൽ ഒരാൾ ഈത്തപ്പഴം ഷെയർ ചെയ്തു. മഗ്രിബ് നിസ്കാരവും സുന്നത്ത് നിസ്കാരവും കഴിഞ്ഞു പുറത്തിറങ്ങാൻ തുനിയവെ പള്ളിയുടെ ഗേറ്റിനോട് ചേർന്ന് സെക്യൂരിറ്റി റൂം പോലെ തോന്നിക്കുന്ന ഒരു ചെറിയ റൂമിലേക്ക് എന്നെയും ക്ഷണിച്ചു. രണ്ടോ മൂന്നോ സൗദി പൗരർ, പിന്നെ മിസ്രികൾ, സുഡാനികൾ ഉൾപ്പെടെ പത്തിൽ താഴെ വരുന്ന അറബ് സ്വദേശികളുടെ നോമ്പുതുറയിലേക്ക് ഞാനും ആനയിക്കപ്പെട്ടു.
നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പരിചയപ്പെടാൻ വന്ന ആ കൂട്ടത്തിലെ ഒരാളോട് ബഹ്റൈനിൽനിന്ന് വന്നതാണെന്ന് പറഞ്ഞിരുന്നു. അത് കൊണ്ടാവാം ഒരതിഥിയെ ലഭിച്ചപോലെയായിരുന്നു അവർ എനിക്ക് നൽകിയ പരിഗണനയും സ്നേഹവും. ആദ്യംതന്നെ മട്ടന്റെ സൂപ്പ്. അവർ ഒന്നിച്ച് ഒരു പാത്രത്തിൽ കഴിക്കുന്നത് കൊണ്ടാവാം സെർവിങ് പ്ലേറ്റ്സുകളോ എക്സ്ട്രാ പാത്രങ്ങളോ ഇല്ലായിരുന്നു. അപരിചിതർക്കൊപ്പം ഒരു പാത്രത്തിൽ ഒന്നിച്ചു കഴിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരിക്കും എന്ന് മനസ്സിലാക്കിയത് കൊണ്ടായിരിക്കും ഉള്ളതിൽനിന്ന് എനിക്ക് വേറെതന്നെ ഒരു പാത്രത്തിൽ സൂപ്പും പേരറിയാത്ത അറബിക് വിഭവങ്ങളും കൊണ്ട് നന്നായി സൽകരിച്ചു. ഫ്രൂട്സും സൂപ്പും ബോട്ടിൽ ജൂസും അറബിക് വിഭവങ്ങളും കൊണ്ട് കുശാലായ ഒരു നോമ്പുതുറ. ജീവിതത്തിൽ അതുവരെ കണ്ടിട്ടില്ലാത്ത ഇനി ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത തീർത്തും അപരിചിതരായ മനുഷ്യർക്കൊപ്പം അവരുടെ ഒരു ഒരതിഥിയായി ഒരു നോമ്പുതുറ. ജീവിതത്തിലെ ആദ്യനുഭവം. ഒരു പക്ഷേ അവസാനത്തെയും.
റമദാൻ വിഭാവനം ചെയ്യുന്ന പങ്കുവെക്കലിന്റെയും സഹവർത്തിത്തതിന്റെയും നേർകാഴ്ചയായി ഒരു നോമ്പനുഭവം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.