നോമ്പോർമ്മ: ‘നോമ്പുകള്ളൻ’
text_fieldsവിശ്വാസികൾക്ക് വിശുദ്ധിയുടെ ചൈതന്യം വീശാൻ ഒരു റമദാൻകൂടി സമാഗതമായിരിക്കുന്നു. മനുഷ്യരുടെ മാനസിക സംസ്കരണവും ശാരീരിക ഇച്ഛകളുടെ നിയന്ത്രണവുമാണ് ഈ മാസംകൊണ്ട് രക്ഷിതാവ് ഉദ്ദേശിക്കുന്നത്. മറ്റു പതിനൊന്നു മാസങ്ങളിൽനിന്ന് വ്യത്യസ്തമായി ജീവിതചര്യകളിലും മാറ്റംവരുന്ന മാസമാണിത്. ഓരോ റമദാൻ കടന്നുവരുമ്പോഴും വിശ്വാസികൾക്ക് ആഹ്ലാദമാണ്. പുണ്യങ്ങൾ വാരിക്കൂട്ടാനുള്ള സുവർണാവസരമാണിത്. പാപ മോചനത്തിന്റെ അനന്തസാധ്യതകളിലേക്കാണ് വിശ്വാസികളെ റമദാൻ കൈപിടിച്ചാനയിക്കുന്നത്.
ഇന്നലെകളിലെ റമദാൻ ഓർമകൾക്കുപോലും നോമ്പിന്റെ സുഗന്ധമാണ്. നാട്ടുനന്മകൾ ഏറെ നിറഞ്ഞിരുന്ന ഒരു ഗ്രാമാന്തരീക്ഷവും കുട്ടിക്കാലവുമാണ് ഓർമകളിൽ ഊളിയിട്ടിറങ്ങുന്നത്. അന്നത്തെ കാലത്ത്, ചെറിയ കുട്ടികളെ നോമ്പെടുക്കാൻ ഉമ്മമാർ സമ്മതിക്കുമായിരുന്നില്ല. നിരന്തരമായ ശല്യപ്പെടുത്തലുകൾകൊണ്ടാണ് വീട്ടിൽനിന്ന് പലർക്കും അനുമതി ലഭിക്കാറുള്ളത്. എന്നാൽ, അങ്ങനെ ഒരാവേശത്തിന് പരിശീലനമൊന്നും കൂടാതെ എടുത്ത നോമ്പ് പാതിവഴിക്കുവെച്ച് മുറിക്കേണ്ടിയും വന്നിട്ടുണ്ട് പലർക്കും. അത്തരം ഒരു അനുഭവമാണ് ഇപ്പോൾ മനസ്സിൽ തികട്ടിവരുന്നത്.
നോമ്പുപിടിച്ചുതുടങ്ങിയ കാലം. ഒരു മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങൾ ഇടവിട്ടും റമദാൻ 27, 17, അതേപോലെ വെള്ളിയാഴ്ച രാവ് തുടങ്ങിയ പ്രധാന ദിവസങ്ങളിലുംകൂടി മൊത്തത്തിൽ ഒരു പത്തു നോമ്പ് മാത്രമേ എന്റെ പ്രായത്തിലുള്ളവർക്ക് വീട്ടിൽനിന്ന് അനുവദിക്കപ്പെട്ടിരുന്നുള്ളൂ. ധാരാളമായി മാമ്പഴങ്ങളുള്ള സീസണിലായിരുന്നു അത്തവണ റമദാൻ കടന്നുവന്നത്. വീട്ടിലാകട്ടെ അധികം വെളിച്ചമൊന്നും ഇല്ലാതിരുന്ന ഒരു ഇരുട്ടുമുറിയിൽ കുടുക്കക്കകത്തു വയ്ക്കോലിൽ പൊതിഞ്ഞ് മാങ്ങകൾ പഴുക്കാൻ വെച്ചിട്ടുണ്ടായിരുന്നു, നോമ്പ് തുറക്കുമ്പോൾ മുറിച്ചുതിന്നാൻ വേണ്ടി. സമയം ഏതാണ്ട് ഉച്ചയോടടുത്തിരിക്കും. എന്തോ ആവശ്യത്തിന് മാങ്ങ പഴുക്കാൻവെച്ച റൂമിൽ കയറേണ്ടിവന്നു. നല്ല എളോർ മാങ്ങയുടെ മണം മൂക്കിലേക്ക് അടിച്ചുകയറി. വയ്ക്കോൽ മാറ്റിനോക്കിയപ്പോൾ നല്ല ചുവപ്പുകലർന്ന മഞ്ഞ കളറിൽ മത്തുപിടിപ്പിക്കുന്ന ഭാവത്തിൽ മാങ്ങകൾ എന്നെ കൊതിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
പിന്നെ മറ്റൊന്നും ആലോചിച്ചില്ല. കൈയിൽ കിട്ടിയ ചുവന്നുതുടുത്ത മാമ്പഴം ചുണ്ടിനോടടുപ്പിച്ച് കടിച്ചുതിന്നു. ഉടുത്ത വസ്ത്രത്തിൽ കൈയും മുഖവും തുടച്ച് ഒന്നും സംഭവിക്കാത്ത മട്ടിൽ വീട്ടുകാർക്കു മുന്നിൽ നോമ്പുകാരനായി അഭിനയിച്ചു. മഗ്രിബ് സമയത്ത് അനുജന്മാർക്കൊന്നും നോമ്പില്ലാത്തതിനാൽ സ്പെഷൽ ഫുഡ് ഐറ്റംസ് എണ്ണത്തിൽ കൂടുതൽ കിട്ടിയത് എനിക്കായിരുന്നു. എന്നാൽ, അടുത്ത ദിവസം ളുഹർ നമസ്കാരത്തിന് പള്ളിയിൽ പോയപ്പോൾ കേട്ട ഉർദി (മതപ്രഭാഷണം) എന്നെ ഉദ്ദേശിച്ചാണോ മുസ്ലിയാർ പറഞ്ഞതെന്ന് എനിക്ക് തോന്നിപ്പോയി. ‘‘നോമ്പ് എനിക്കുള്ളതാണ്, അതിനുള്ള പ്രതിഫലം വിലപ്പെട്ടതാണ്.
നാട്ടുകാരെയോ വീട്ടുകാരെയോ കാണിക്കാൻ നോമ്പെടുത്തിട്ട് ഒരു കാര്യവുമില്ല. റബ്ബ് നോക്കുന്നത് നിങ്ങളുടെ ഹൃദയത്തിലേക്കാണ്’’ -ഈ വാക്കുകൾ എന്റെ കുട്ടി പ്രായമുള്ള ഹൃദയത്തിലേക്ക് തുളച്ചുകയറി. പടച്ചോനെ ഞാൻ കള്ളനോമ്പ് എടുത്തവനായിപ്പോയല്ലോ. ഇനി ഒരിക്കലും ഇത് ആവർത്തിക്കില്ല. പൊറുത്തുതരണമേ. എന്റെ ആത്മഗതം ഇങ്ങനെ മന്ത്രിച്ചു.
ഈ ഒരു സംഭവം നടന്നതുകൊണ്ടാവാം, പിന്നീട് ഒരു നോമ്പിനെപ്പോലും പാതിവഴിയിൽ ഞാൻ ഉപേക്ഷിച്ചിട്ടില്ല. വീട്ടിൽ മറ്റാരും അറിയാത്തതുകൊണ്ട് അവർ എന്നെ വിളിച്ചു പരിഹസിച്ചില്ലെങ്കിലും ഞാൻ സ്വയം വിളിച്ചു, നോമ്പുകള്ളൻ.
ശംസുദ്ദീൻ വെള്ളികുളങ്ങര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.