ഉച്ച വിശ്രമ നിയമം; തൊഴിലിടങ്ങളിലെ പരിക്കുകൾ 60 ശതമാനം കുറഞ്ഞു
text_fieldsമനാമ: ഉച്ച വിശ്രമനിയമം നടപ്പിലാക്കിയതോടെ തൊഴിലിടങ്ങളിലെ പരിക്കുകൾ 60 ശതമാനത്തോളം കുറഞ്ഞതായി തൊഴിൽ മന്ത്രാലയത്തിലെ തൊഴിൽ സുരക്ഷാ, പരിശോധന വിഭാഗം മേധാവി മുസ്തഫ അഖീൽ അശ്ശൈഖ് വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് മെച്ചപ്പെട്ട നിയമങ്ങളാണ് രാജ്യത്തുള്ളത്. ഇതിലേറ്റവും പ്രധാനമായതാണ് ചൂട് കാലത്തെ ഉച്ചവിശ്രമ നിയമം. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് നാല് വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലെടുക്കുന്നവർക്കാണ് നിയമം ബാധകമാവുക.
തൊഴിലാളികളെ അപകടങ്ങളിൽനിന്ന് സുരക്ഷിതമാക്കുന്നതാണ് ഇതിന്റെ ഗുണം. 2007 മുതൽ നടപ്പാക്കിത്തുടങ്ങിയ നിയമം 2024 ആകുമ്പോഴേക്ക് തൊഴിലിടങ്ങളിലെ അപകടങ്ങളും സൂര്യാതപമടക്കമുള്ള അവസ്ഥകളും 60 ശതമാനത്തോളം കുറവു വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ തൊഴിലിടങ്ങളിലെ അപകടങ്ങളിൽ 40 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. സൂര്യാഘാതം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ രണ്ടു മാസക്കാലം, ഉച്ചക്ക് 12 മുതല്‍ നാലു മണിവരെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കണം. ജൂലൈ ഒന്നുമുതല്‍ ആഗസ്റ്റ് 31 വരെയാണ് നിയന്ത്രണം.
ചൂട് വർധിക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പുറത്തെ സൈറ്റുകളില്‍ ഉച്ചക്ക് 12 മുതല്‍ നാലുമണിവരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ മൂന്നു മാസത്തിൽ കൂടാത്ത തടവുശിക്ഷയോ 500 ദിനാര്‍ മുതല്‍ 1,000 ദിനാര്‍വരെ പിഴയോ ചുമത്തും. രണ്ടു ശിക്ഷയും ഒരുമിച്ച് ലഭിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.