നെട്ടോട്ടമോടണ്ട, അപ്പോസ്റ്റിൽ ചെയ്യാൻ
text_fieldsബഹ്റൈനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും പുതിയ അധ്യയന വർഷം ആരംഭിച്ചിട്ട് മൂന്നാഴ്ച പിന്നിടുന്നു. ഇപ്പോഴും മക്കളുടെ സ്കൂൾ പ്രവേശനത്തിനുവേണ്ടി രക്ഷിതാക്കളുടെ നെട്ടോട്ടമാണ്. കോവിഡ് മഹാമാരിയുടെ ഭീഷണി ഒഴിഞ്ഞ സാഹചര്യത്തിൽ ഇത്തവണ പുതുതായി പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയാണുള്ളത്. എൽ.കെ.ജി മുതൽ 12 വരെയുള്ള ക്ലാസുകളിൽ ഈ പ്രവണത കാണുന്നുണ്ട്.
ബഹ്റൈനിലെ സ്കൂൾ പ്രവേശനത്തിനുള്ള പ്രധാന കടമ്പകളിൽ ഒന്നാണ് സർട്ടിഫിക്കറ്റുകൾ അപ്പോസ്റ്റിൽ ചെയ്യിക്കുക എന്നത്. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പ് വരുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് അപ്പോസ്റ്റിൽ ചെയ്യേണ്ടത്. അപ്പോസ്റ്റിൽ സ്റ്റാമ്പ് പതിച്ചാൽ മറ്റ് സാക്ഷ്യപ്പെടുത്തലുകൾ ആവശ്യമില്ല. ഗൾഫിൽ ബഹ്റൈൻ, ഒമാൻ എന്നിവയാണ് അപ്പോസ്റ്റിൽ സ്റ്റാമ്പ് അംഗീകരിക്കുന്ന 119 രാജ്യങ്ങളുടെ പട്ടികയിലുള്ളത്. മറ്റ് രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് നാട്ടിലെ വിദേശ കാര്യ മന്ത്രാലയം, വിദേശ രാജ്യത്തിന്റെ എംബസി, താമസിക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസി, അവിടുത്തെ വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിൽനിന്നുള്ള അറ്റസ്റ്റേഷൻ ആവശ്യമാണ്.
നാട്ടിൽനിന്നുതന്നെ സർട്ടിഫിക്കറ്റുകൾ അപ്പോസ്റ്റിൽ ചെയ്യിക്കാമെങ്കിലും പലരും ബഹ്റൈനിൽവെച്ചാണ് ഇക്കാര്യം ശ്രദ്ധിക്കുക. ബഹ്റൈനിലുള്ള ഏതെങ്കിലും ഡോക്യുമെന്റ് ക്ലിയറൻസ് ഏജന്റ് മുഖേന സർട്ടിഫിക്കറ്റുകൾ അപ്പോസ്റ്റിൽ ചെയ്യിക്കുന്നതിനുള്ള നടപടി സ്വീകരിക്കാം. സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ ഇതിനായി നൽകണം. അപ്പോസ്റ്റിൽ ചെയ്ത് കിട്ടാൻ മൂന്നുമുതൽ നാല് വരെ ആഴ്ച സമയമെടുക്കും. നാട്ടിൽനിന്ന് ചെയ്യുകയാണെങ്കിൽ ശരിയായ രീതിയിലാണ് അപ്പോസ്റ്റിൽ ചെയ്യുന്നതെന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തേണ്ടതാണ്. അല്ലെങ്കിൽ സമയ നഷ്ടവും ധനനഷ്ടവും സംഭവിക്കാൻ സാധ്യതയുണ്ട്.
രണ്ടാം ക്ലാസ് മുതലുള്ള പ്രവേശനത്തിനാണ് സർട്ടിഫിക്കറ്റുകൾ അപ്പോസ്റ്റിൽ ചെയ്യിക്കേണ്ടത്. രണ്ട് മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് ടി.സി മാത്രം സാക്ഷ്യപ്പെടുത്തിയാൽ മതി. എട്ട് മുതൽ 12 വരെ ക്ലാസുകളിലേക്ക് ടി.സിയും മാർക്ക് ലിസ്റ്റും അപ്പോസ്റ്റിൽ ചെയ്യണം. ഇതിനുശേഷം ബഹ്റൈനിലെ വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് തുല്യത സർട്ടിഫിക്കറ്റും എടുക്കണം. ചില സ്കൂളുകൾ തന്നെ ഇതിനുള്ള സൗകര്യം ചെയ്ത് കൊടുക്കുന്നുണ്ട്. തുല്യത സർട്ടിഫിക്കറ്റ് ലഭിക്കാൻ ഏഴ് മുതൽ 10 ദിവസം വരെ എടുക്കും.
വിദ്യാർഥികൾക്ക് പുറമെ, ബഹ്റൈനിൽ പുതുതായി വരുന്ന നഴ്സുമാർ, ഡോക്ടർമാർ, എൻജിനീയർമാർ, സർക്കാർ ജോലിക്കാർ എന്നിവർക്കും സർട്ടിഫിക്കറ്റ് അപ്പോസ്റ്റിൽ നിർബന്ധമാണ്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.