എണ്ണ ഉൽപാദന നിയന്ത്രണം വർഷാവസാനം വരെ തുടരും –മന്ത്രി
text_fieldsകുവൈത്ത് സിറ്റി: ഒപെക്, നോൺ ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപാദനം കുറക്കാനുള്ള ഉടമ്പടി വർഷാവസാനം വരെ തുടരുമെന്ന് കുവൈത്ത് എണ്ണ, ജല-വൈദ്യുതി മന്ത്രി എൻജി. ബുഗൈത്ത് അൽ റുശൈദി. 2018 അവസാനത്തോടെ പെട്രോളിയം വിപണിയിൽ ലക്ഷ്യമിടുന്ന സന്തുലനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. അതുവരെ നിശ്ചിത ശതമാനം ഉൽപാദനം കുറക്കാനുള്ള പദ്ധതി ഒപെക്, നോൺ ഒപെക് രാജ്യങ്ങൾ തുടരും. കരാർ നടപ്പാക്കാനുള്ള മന്ത്രിതല സമിതിയുടെ ഏഴാമത് യോഗത്തിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തീരുമാനം നടപ്പാക്കുന്നതിൽ കഴിഞ്ഞവർഷം അംഗരാജ്യങ്ങൾ പുലർത്തിയ കണിശതയെ മന്ത്രി അഭിനന്ദിച്ചു. അതിെൻറ അനുകൂലമായ പ്രതിഫലനങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും മാസങ്ങൾ പിന്നിടുന്നതോടെ ചിത്രം കൂടുതൽ വ്യക്തമാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജൂണിന് മുമ്പ് നിയന്ത്രണം നീക്കുന്നതിനെ കുറിച്ച് യോഗം ചർച്ചചെയ്തു. പടിപടിയായി നിയന്ത്രണം കുറച്ചുകൊണ്ടുവരുന്നത് സംബന്ധിച്ച് ആലോചിച്ചെങ്കിലും ഒടുവിൽ നിലവിലുള്ള ധാരണ കാലാവധി പൂർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു.
മൂന്നുവർഷം കൊണ്ട് ബാരലിന് 58 ഡോളർ വരെ വില കുറക്കുക ലക്ഷ്യമിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇപ്പോൾ തന്നെ ബാരലിന് 67 ഡോളറിലെത്തിനിൽക്കുകയാണ്. ഇൗ സാഹചര്യത്തിൽ നിയന്ത്രണം നീട്ടിക്കൊണ്ടുപോവേണ്ടതില്ലെന്നാണ് ചില രാജ്യങ്ങൾ വാദിക്കുന്നത്. എന്നാൽ, ഭൂരിപക്ഷാഭിപ്രായം ഉൽപാദന നിയന്ത്രണം ഡിസംബർ അവസാനം വരെ തുടരുന്നതിന് അനുകൂലമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.