ഒളിമ്പിക്സ് നേട്ടം ഭാവി തലമുറക്ക് പ്രചോദനം -ഹമദ് രാജാവ്
text_fieldsമനാമ: ബഹ്റൈനെ പ്രതിനിധാനം ചെയ്ത് പാരിസ് ഒളിമ്പിക്സിൽ മെഡലുകൾ നേടിയ താരങ്ങളുടെ നേട്ടങ്ങൾ ഭാവിതലമുറക്ക് പ്രചോദനമാകുമെന്ന് ഹമദ് രാജാവ്. വരാനിരിക്കുന്ന മത്സരങ്ങളിൽ മികവ് പുലർത്താൻ കായികതാരങ്ങൾക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. സഖീർ കൊട്ടാരത്തിൽ മെഡൽ നേടിയ താരങ്ങളെ അദ്ദേഹം സ്വീകരിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫെസ്റ്റ് ഡെപ്യൂട്ടി ചെയർമാനും, ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
പാരിസിൽ ടീം ബഹ്റൈൻ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമടക്കം നാല് മെഡലുകളാണ് വാരിയെടുത്തത്. ഈ നേട്ടത്തിന് അത്ലറ്റുകളെയും ഒഫിഷ്യൽസിനെയും ഹമദ് രാജാവ് അഭിനന്ദിച്ചു. ഒളിമ്പിക്സിൽ പങ്കെടുത്ത 204 രാജ്യങ്ങളിൽ 33ാം സ്ഥാനത്തെത്താൻ ബഹ്റൈന് കഴിഞ്ഞു. അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തുമാണ് രാജ്യം.
ഈ ചരിത്ര നേട്ടം കൈവരിക്കാൻ പ്രയത്നിച്ച, മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യങ്ങൾക്കും വേണ്ടിയുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് ഖാലിദ് എന്നിവരുടെ നേതൃത്വപരമായ പരിശ്രമങ്ങളെയും ഹമദ് രാജാവ് പ്രശംസിച്ചു.
കായികതാരങ്ങളായ വിൻഫ്രെഡ് യാവി, അഹ്മദ് മുഹമ്മദ് താജുദ്ദീൻ, സൽവ ഈദ് നാസർ, ഗോർ ടിഗ്രാൻ മിനസ്യാൻ എന്നിവർക്ക് ഫസ്റ്റ് ക്ലാസ് മെഡൽ ഓഫ് കോംപറ്റൻസ് നൽകി ഹമദ് രാജാവ് ആദരിച്ചു. ഈ ബഹുമതിക്ക് കായികതാരങ്ങൾ അദ്ദേഹത്തോട് നന്ദി രേഖപ്പെടുത്തി. കൂടുതൽ നേട്ടങ്ങൾക്കായി പരിശ്രമിക്കുന്നത് തുടരുമെന്ന് അവർ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.