കായികാവേശം പകർന്ന് ഒളിമ്പിക് ദിനാചരണം
text_fieldsമനാമ: കായികാവേശം നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ ഒളിമ്പിക് ദിനം ആചരിച്ചു. സീഫിലെ വാട്ടർ ഗാർഡൻ സിറ്റി ബീച്ചിൽ ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി)യുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ പ്രഥമ ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ ദിനാചരണത്തിൽ പങ്കെടുത്തു.
മുതിർന്ന കായിക താരങ്ങളും ഫെഡറേഷനുകളുടെയും ക്ലബുകളുടെയും പ്രതിനിധികളും സന്നിഹിതരായിരുന്നു. ഒളിമ്പിക് ദിനാചരണ ഭാഗമായി സെയിലിങ്, റോയിങ്, ബീച്ച് സോക്കർ, ബീച്ച് വോളിബാൾ, ഓപൺ വാട്ടർ നീന്തൽ, ആയോധനകലകൾ, നെറ്റ്ബാൾ, വെയ്റ്റ്ലിഫ്റ്റിങ്, അക്വാത്ലോൺ തുടങ്ങി നിരവധി മത്സരങ്ങളും സ്പോർട്സ് ഷോകളും നടന്നു. 15 വയസ്സിനു താഴെയുള്ളവർ, 16-19 വയസ്സ്, 20-40 വയസ്സ്, 41 വയസ്സിനു മുകളിലുള്ളവർ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുത്ത ഒളിമ്പിക്ദിന ഓട്ടവും നടന്നു. മത്സരങ്ങളും ഷോകളും ഉൾപ്പെടുത്തി ഇന്ററാക്ടിവ് തിയറ്ററും സംഘടിപ്പിച്ചിരുന്നു.ശൈഖ് ഖാലിദ് പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ പര്യടനം നടത്തി.
ഒളിമ്പിക് മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ദിനാചരണം സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ കായിക അസോസിയേഷനുകളുടെയും താരങ്ങളുടെയും വർധിച്ച പങ്കാളിത്തമുണ്ടായതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. കായികക്ഷമതയുള്ള സമൂഹത്തെ പടുത്തുയർത്തുക, സ്പോർട്സിന്റെ മൂല്യങ്ങൾ കായികതാരങ്ങൾക്കും സമൂഹത്തിനും പകർന്നുകൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആഹ്വാനത്തിന് അനുസൃതമായി, ബി.ഒ.സി ഒളിമ്പിക് ദിനം ആചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.