ഒളിമ്പിക്സ് പ്രതീക്ഷകൾക്ക് ശരവേഗം: ബഹ്റൈൻ സ്പ്രിന്റർ കെമി അദെക്കോയക്ക് അന്താരാഷ്ട്ര മീറ്റിൽ സ്വർണം
text_fieldsമനാമ: പാരീസ് 2024 ഒളിമ്പിക്സ് മെഡൽ പ്രതീക്ഷകൾക്ക് ചിറക് മുളപ്പിച്ചുകൊണ്ട് ബഹ്റൈൻ സ്പ്രിന്റർ കെമി അദെക്കോയക്ക് അന്താരാഷ്ട്ര മീറ്റിൽ സ്വർണം.
ഹംഗറിയിലെ സെക്സ്ഫെഹെർവാറിൽ നടന്ന ഗ്യൂലായ് ഇസ്ത്വാൻ മെമ്മോറിയൽ മീറ്റിലാണ് വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ അദെക്കോയ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 54.13 സെക്കൻഡിൽ അദെക്കോയ വിജയം കണ്ടപ്പോൾ 54.86 സെക്കൻഡിൽ ഫിനിഷ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ സെനി ഗെൽഡൻഹ്യൂസ് രണ്ടാമമെത്തി. യു.എസിന്റെ കസാന്ദ്ര ടേറ്റ് 55.59 സെക്കൻഡിൽ മൂന്നാം സ്ഥാനത്തുമെത്തി. അദെക്കോയയുടെ ഈ വർഷത്തെ മികച്ച രണ്ടാമത്തെ സമയമാണിത്.
അദെക്കോയയുടെ സീസണിലെ ഇതുവരെയുള്ള ഏറ്റവും മികച്ച സമയം 53.90 സെക്കൻഡാണ്. 2016ലെ ഇൻഡോർ ലോക ചാമ്പ്യനും ഏഷ്യൻ, അറബ് ചാമ്പ്യൻഷിപ്പുകളിലും ഏഷ്യൻ ഗെയിംസിലും സ്വർണമെഡൽ ജേതാവുമാണ് കെമി. ഫിൻലൻഡിലും സ്പെയിനിലും ഹർഡിൽസ് വിജയങ്ങളും കെനിയയിൽ നടന്ന 400 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ഒളിമ്പിക്സിനുള്ള അവസാന തയാറെടുപ്പുകൾ തുടരുന്ന 31കാരി മികച്ച ഫോമിലാണ്.
400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും അദെക്കോയ ബഹ്റൈനെ പ്രതിനിധാനം ചെയ്യും. ബഹ്റൈനിൽനിന്ന് 14 കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. അത്ലറ്റിക്സിൽ എട്ട് കായികതാരങ്ങളും നീന്തൽ, ഭാരോദ്വഹനം, ജൂഡോ, ഗുസ്തി എന്നിവയിൽ ഓരോരുത്തരുമാണ് മാറ്റുരക്കുന്നത്.
കെമി അദെക്കോയക്ക് പുറമെ ലോകചാമ്പ്യനായ വിൻഫ്രെഡ് യാവി (വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പ്ൾ ചേസ്), സൽവ ഈദ് നാസർ (വനിതകളുടെ 400 മീറ്റർ), റോസ് ചെലിമോ (വനിതകളുടെ മാരത്തൺ), ടിജിസ്റ്റ് ഗാഷോ (വനിത മാരത്തൺ), യൂനിസ് ചുംബ (വനിതകളുടെ മാരത്തൺ), നെല്ലി ജെപ്കോസ്ഗെ (വനിതകളുടെ 800 മീറ്റർ), ബിർഹാനു ബലേവ് (പുരുഷന്മാരുടെ 5000 മീറ്റർ) എന്നിവരാണ് അത്ലറ്റിക്സിലെ രാജ്യത്തിന്റെ മെഡൽ പ്രതീക്ഷകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.