പ്രവാസികളുടെ ഓണം കളറാക്കാൻ കേരളത്തിൽനിന്ന് എത്തിയത് ടൺ കണക്കിന് വിഭവങ്ങൾ
text_fieldsമനാമ: ഗൾഫ് മലയാളികൾക്ക് ഓണാഘോഷത്തിന് രുചിക്കൂട്ടൊരുക്കാൻ ഇത്തവണ കേരളത്തിൽനിന്നും വിമാനം കയറിയത് 6200 ടണ്ണിലധികം പഴം പച്ചക്കറി വർഗങ്ങൾ. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളം വഴി കഴിഞ്ഞ രണ്ടാഴ്ചക്കകം കയറ്റുമതി ചെയ്ത കണക്കാണിത്.
സാധാരണ ഗതിയിൽ ഓണം, വിഷു വിശേഷ ദിനങ്ങളിൽ കയറ്റി അയക്കാറുള്ളതിൽനിന്നും കാര്യമായ വർധനയൊന്നും ഇത്തവണ ഉണ്ടായില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയാണ് ഇത്തവണ സാധനങ്ങള്‍ കൂടുതലും കയറ്റിപ്പോയതെന്ന് സ്റ്റേറ്റ് ഇൻഡ്സ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് (കെ.എസ്.ഐ.ഇ) വൃത്തങ്ങൾ പറഞ്ഞു.
സാധാരണ ദിവസങ്ങളില്‍ 120-150ടണ്‍ പച്ചക്കറിയാണ് കൊച്ചിയില്‍നിന്നു കയറ്റിപ്പോകുന്നത്. 15 ദിവസം കൊണ്ട് 1700 ടൺ അയച്ചു. കരിപ്പൂരിൽനിന്ന് 55-60 ടണ്ണും. പൂക്കളും രണ്ടു ടണ്ണിലധികം വാഴയിലയും ഗൾഫിലെത്തി. ഇടിചക്ക, വെള്ളരി, മുരിങ്ങകായ, പാവക്ക, മത്തൻ, കാബേജ്, കൂര്‍ക്ക, പച്ചക്കായ, പയര്‍, ചേന, വഴുതനങ്ങ, ചക്ക, വാഴപ്പഴം, വാഴയില, വാഴക്കൂമ്പ്, മത്തൻ, കുമ്പളം, കാരറ്റ് തുടങ്ങിയവയാണ് പ്രധാനമായും വിദേശത്തേക്ക് വരുന്നത്. ചിപ്സുകളും പപ്പടവും കഴിഞ്ഞ ഒരാഴ്ചയിലേറെയായി എത്തിക്കൊണ്ടിരിക്കുന്നു. നേന്ത്രക്കായ കൂടുതലായി കയറ്റി വിടുന്നുണ്ട്.
തിരുവനന്തപുരം വഴി പൊതിച്ച തേങ്ങയും ഓണം സ്പെഷലായുണ്ട്. ഉപ്പേരിക്കും ശര്‍ക്കര വരട്ടിക്കും പുറമേ ഇഞ്ചിക്കറിയും പായസക്കൂട്ടും ഓണക്കോടിയും ഇത്തവണ ഗള്‍ഫ് മലയാളികളുടെ ഓണ സദ്യക്ക് സ്വാദ് കൂട്ടാന്‍ ദുബൈ, ഷാര്‍ജ, അബൂദബി, ജിദ്ദ, ദമാം, ദോഹ, കുവൈത്ത്, മസ്കത്ത് എന്നീ ഗള്‍ഫ് നാടുകളിലേക്കെത്തി.
വിവിധയിനം പൂക്കളാണ് കയറ്റിയയക്കപ്പെട്ട മറ്റൊരിനം. പ്രധാനമായും തമിഴ്നാട്ടിൽ നിന്നാണിവ. ഏതാണ്ട് രണ്ടു മുതൽ മൂന്നു വരെ ടൺ പൂക്കൾ ഇവിടെ നിന്ന് അയക്കപ്പെട്ടുവെന്നാണ് കണക്ക് . ഇതിനു പുറമെ വാഴയിലയും നാളികേരവും കപ്പയും.
ശീതീകരിച്ച കാര്‍ഗോ വിമാനങ്ങളില്‍ കേരളത്തില്‍ നിന്ന് കൊണ്ടുപോകുന്ന പച്ചക്കറികള്‍ക്ക് വന്‍ ഡിമാന്റാണ്. കേരളത്തിലെ പച്ചക്കറികള്‍ വിഷരഹിതമാണെന്ന വിശ്വാസമാണ് ഈ ഡിമാന്റിന് കാരണം. ജൈവ കൃഷിക്ക് പ്രോത്സാഹനം നല്‍കിയതോടെ ഉണ്ടായ മാറ്റമാണിത്.
കേരള ഓര്‍ഗാനിക് എന്ന പേരിലാണ് കേരള പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നത്. കാര്‍ഷിക ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയാണ് ഓര്‍ഗാനിക് പച്ചക്കറികള്‍ ഗള്‍ഫ് നാടുകളിലെത്തിക്കുന്നത്. കൊച്ചിയിൽ നിന്നു കപ്പൽമാർഗം കുവൈത്ത്, ഖത്തര്‍, യു.എ.ഇ. സൗദി, ഒമാന്‍, ബഹ്റൈന്‍, യൂറോപ്പ്, യു.എസ്, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം ഓണ വിഭവങ്ങള്‍ കയറ്റിയയക്കുന്നുണ്ട്.
കോവയ്ക്ക, പയർ, പാവക്ക പോലുള്ളവ ഇപ്പോഴും തമിഴ്നാട്ടില്‍ നിന്നുതന്നെയാണ് കൂടുതലും. കമ്പം, തേനി ഭാഗങ്ങളിൽ നിന്നുള്ളതാണിത്. ഗള്‍ഫിലേക്ക് കപ്പ ശ്രീലങ്കയിൽ നിന്നും ബ്രസീലിൽ നിന്നും വരുന്നതിനാൽ മത്സരവുമുണ്ട്. വിവിധ സഹകരണ സംഘങ്ങള്‍ വഴി കൃഷി ചെയ്യുന്ന പച്ചക്കറികളാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
മലബാറിലെയും ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെയും ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ ശേഖരിക്കുന്നുണ്ട്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നെത്തുന്നതുമായ കാര്ഷികോല്പന്നങ്ങള് പ്രത്യേകം പാക്ക് ചെയ്ത് സുരക്ഷിതമായാണ് ഗള്‍ഫിലേക്ക് അയക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.