ഓണം കഴിഞ്ഞു; ഇനി ഓണാഘോഷങ്ങളുടെ കാലം
text_fieldsമനാമ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഗൃഹാതുര സ്മരണകളുമായി വന്നെത്തിയ ഓണക്കാലം ലോകമെമ്പാടുമുള്ള മലയാളികൾക്കൊപ്പം ബഹ്റൈൻ പ്രവാസികളും ആഘോഷിച്ചു. ഓണം കഴിഞ്ഞെങ്കിലും ആഘോഷങ്ങൾ തുടങ്ങിയിട്ടേ ഉള്ളു. മലയാളി സംഘടനകളുടെയെല്ലാം ഓണാഘോഷങ്ങൾ വരും ദിവസങ്ങളിലാണ്. സ്കൂൾ വെക്കേഷനും ഓണവും പ്രമാണിച്ച് നാട്ടിൽ പോയ കുടുംബങ്ങൾ തിരികെ വരുന്നതേയുള്ളു. പകൽ സമയത്തെ കനത്ത ചൂടും അൽപാൽമായി കുറയുന്നുണ്ട്. അതെല്ലാം പരിഗണിച്ച് സെപ്റ്റംബറിലാണ് ഓണാഘോഷങ്ങൾ അസോസിയേഷനുകളും കൂട്ടായ്മകളും ആസൂത്രണം ചെയ്തിരിക്കുന്നത്. ശരിക്കുമുള്ള ഓണം വരും ദിവസങ്ങളിലാണെന്നർഥം. ബഹ്റൈന്‍ കേരളീയ സമാജം ഓണസദ്യ സെപ്റ്റംബര്‍ 22നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്ലബിൽ സെപ്റ്റംബര്‍ 29 നാണ് ഓണസദ്യ. ‘ഗൾഫ്മാധ്യമം’ ലുലു ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ ഈ ഓണത്തിണ് ഓണോത്സവമാണ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 15ന് ലുലു ദാന മാളിൽ നടക്കുന്ന ഓണോത്സവത്തോടനുബന്ധിച്ച് കേരളത്തനിമയാർന്ന മത്സരങ്ങളും ഘേഷയാത്രയും അരങ്ങേറും. പങ്കെടുക്കുന്നവർക്കും കാഴ്ചക്കാർക്കും കൈനിറയെ സമ്മാനങ്ങൾ നേടാൻ അവസരമൊരുക്കി പായസമൽസരം, പൂക്കള മൽസരം, ചിത്രരചന മൽസരം എന്നിവയും നടക്കും. ചിരിയുടെയും അഭിനയമുഹൂർത്തങ്ങളുടെയും സവിശേഷമുഹൂർത്തങ്ങൾ സൃഷ്ടിക്കുന്ന കപ്പിൾ കോണ്ടസ്റ്റും അന്ന് നടക്കും. പ്രിയങ്കരരായ ടെലിവിഷൻ താരങ്ങൾ ജീവ ജോസഫും മീനാക്ഷി രവീന്ദ്രനും അവതാരകരായി എത്തുന്നുണ്ട്. കേരളീയ സമാജത്തിലെ മഹാരുചിമേള ആയിരങ്ങളുടെ പങ്കാളിത്തത്തോടെയാണ് നടന്നത്. സെപ്റ്റംബർ ഒന്നിന് വൈകീട്ട് 5.30 ന് ഘോഷയാത്ര മത്സരം കേരളീയ സമാജത്തിൽ അരങ്ങേറും. സെപ്റ്റംബർ ഒമ്പതിന് രാത്രി എട്ടിനാണ് തിരുവാതിരക്കളി. പത്തിന് ഓണപ്പുടവ മത്സരം, നാടോടിപ്പാട്ട് എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഓണപ്പാട്ട് മത്സരം, സിനിമാറ്റിക് ഡാൻസ് മത്സരം എന്നിവയും നടക്കും. 14ന് എം.പി. രഘു മെമ്മോറിയൽ അവാർഡ് ശ്രീകുമാരൻ തമ്പിക്ക് സമർപ്പിക്കും. തുടർന്ന് ശ്രീകുമാരൻ തമ്പി മ്യൂസിക്കൽ നൈറ്റ് അരങ്ങേറും. 15 ന് രാത്രി 7.30ന് കെ.എസ്. ചിത്ര അവതരിപ്പിക്കുന്ന ബോളിവുഡ് നൈറ്റ് നടക്കും. 22ന് പ്രശസ്ത ചാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കുന്ന ഓണസദ്യ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ മെഗാ കൈകൊട്ടിക്കളി, ഒപ്പന മൽസരം, പുലിക്കളി എന്നിവയും സമാജത്തിൽ നടക്കും. ഇന്ത്യൻ ക്ലബ് സംഘടിപ്പിക്കുന്ന ‘ഓണം ഫെസ്റ്റ് 2023’ സെപ്റ്റംബർ 11 മുതൽ 15 വരെയാണ് നടക്കുക. സാംസ്കാരിക, വിനോദ പരിപാടികളും പരമ്പരാഗത കായിക മത്സരങ്ങളും ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 11ന് ഉദ്ഘാടനവും തുടർന്ന് ഓണപ്പുടവ മത്സരവും നടക്കും. പായസ മത്സരം,നാട്യോൽസവം,നാടൻ പാട്ട്, ഓണച്ചന്ത,തിരുവാതിര മത്സരം, വടംവലി മത്സരം, ഘോഷയാത്ര എന്നിവയെല്ലാം നടക്കും. 29ന് 2500 പേർക്ക് ഓണസദ്യ വിളമ്പും. ബി.എം.സി ഓണാഘോഷം ശ്രാവണ മഹോത്സവം 2023 സെഗയ ബി.എം.സി ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. 30 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളാണ് നടക്കുന്നത്. ലേബർ ക്യാമ്പുകളിൽ നിന്നുള്ള ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യയും ശ്രാവണ മഹോത്സവത്തിന്റെ ഭാഗമായി നൽകുന്നുണ്ട്. പാലക്കാട് പ്രവാസി അസോസിയേഷൻ ‘പൊന്നോണം 2023’ 15ന് സെഗായ ബി.എം.സി ഹാളിൽ രാവിലെ 10 മുതൽ മൂന്ന് വരെ നടക്കും. പ്രമുഖ പാചക വിദഗ്ധൻ കരിമ്പുഴ മണി ഒരുക്കുന്ന വള്ളുവനാടൻ ശൈലിയിലുള്ള ഓണസദ്യയാണ് മുഖ്യ ആകർഷണം.ബഹ്റൈൻ പ്രതിഭയുടെ ഓണാഘോഷ പരിപാടികൾ ‘ഒരുമയുടെ ഓണം’എന്ന പേരിൽ വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ, കേരളീയ സമാജം ഹാളിൽ നടന്നു.സീറോ മലബാർ സൊസൈറ്റി (സിംസ്) അണിയിച്ചൊരുക്കുന്ന ഓണം മഹോത്സവം ഒക്ടോബർ അവസാന വാരം വരെ നീണ്ടുനിൽക്കും. 1500 ൽപരം ആളുകൾ പങ്കെടുക്കുന്ന ഓണസദ്യ, കേരളത്തിന്റെ തനതായ കലാകായിക മത്സരങ്ങൾ എന്നിവ ഓണാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. കേരള കാത്തലിക് അസോസിയേഷൻ കെ.സി.എ ബി.എഫ്.സി ഓണം പൊന്നോണം 2023 ആഘോഷങ്ങളോടനുബന്ധിച്ച് പഞ്ചഗുസ്തി മത്സരമുൾപ്പെടെ വ്യത്യസ്തമായ മത്സരങ്ങൾ നടത്തിയിരുന്നു.
ഗുരുദേവ സോഷ്യൽ സൊസൈറ്റി ഓണോത്സവം 2023ന്റെ ഭാഗമായി അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. ഓണപ്പാട്ട് മൽസരമുൾപ്പെടെ വ്യത്യസ്ത പരിപാടികളാണ് മുഹറഖ് മലയാളി സമാജം സംഘടിപ്പിച്ചിരിക്കുന്നത്.കണ്ണൂർ സർഗവേദിയുടെ ആഭിമുഖ്യത്തിൽ 29ന് കെ. സിറ്റി ഹാളിലാണ് ഓണാഘോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.