ബഹ്റൈൻ കേരളീയ സമാജത്തിൽ ഓണാഘോഷം ഇന്ന് മുതൽ
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷമായ 'ശ്രാവണം 22'ന് വ്യാഴാഴ്ച തുടക്കമാകും. രാത്രി 7.30ന് നടക്കുന്ന ചടങ്ങിൽ ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയെ ആദരിക്കും. തുടർന്ന് നടക്കുന്ന ഗാനമേളയിൽ നഞ്ചിയമ്മ, നജീം അർഷാദ്, നിത്യ മാമൻ, ജിൻഷ ഹരിദാസ് തുടങ്ങിയ പ്രമുഖ പിന്നണി ഗായകർ ഗാനങ്ങൾ ആലപിക്കും.
ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച രാത്രി ഏഴിന് പ്രശസ്ത ഗായിക കെ.എസ്. ചിത്രയുടെ ഗാനമേള ആരംഭിക്കുമെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും വാർത്തക്കുറിപ്പിൽ അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിനുശേഷം തുടരുന്ന ഗാനമേളയിൽ കെ.എസ്. ചിത്ര, പ്രമുഖ പിന്നണി ഗായകരായ നിഷാദ്, രൂപ രേവതി തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിന് പുറത്ത് നടക്കുന്ന ഏറ്റവും വലിയ ഓണാഘോഷ പരിപാടികളാണ് ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്നതെന്നും ബഹ്റൈനിലെ മലയാളി സമൂഹത്തിന് കലാപരിപാടികൾ ആസ്വദിക്കാനുള്ള മികച്ച അവസരമാണ് ഇതെന്നും പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. എം.പി. രഘു ചെയർമാനും ശങ്കർ പല്ലൂർ ജനറൽ കൺവീനറുമായ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കമാണ് ഓണാഘോഷ പരിപാടികളുടെ വിജയത്തിന് നടന്നുവരുന്നത്.
ആയിരക്കണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന പരിപാടിയിൽ സമാജം ഹാളിനു പുറത്ത് കൂറ്റൻ എൽ.ഇ.ഡി ടി.വിയും സജ്ജീകരിച്ചിട്ടുണ്ട്. സമാജത്തിനടുത്തുള്ള ഗ്രൗണ്ടുകൾ കാർ പാർക്കിങ്ങിനായി തയാറാക്കിയിട്ടുണ്ട്. ഒക്കോബർ ഏഴ് വരെ നീണ്ടു നിൽക്കുന്ന ഓണം-നവരാത്രി മഹോത്സവത്തിൽ കേരളത്തിൽനിന്നുള്ള നിരവധി കലാകാരൻമാർ പങ്കാളികളാകും. സെപ്റ്റംബർ 23ന് ഒരുക്കുന്ന വിപുലമായ ഓണസദ്യയിൽ 5000 പേർക്ക് സദ്യ വിളമ്പും. പാചക കലയിൽ നൈപുണ്യം തെളിയിച്ചിട്ടുള്ള പഴയിടം മോഹനൻ നമ്പൂതിരിയും ടീമുമാണ് ഈ വർഷത്തെ ഓണസദ്യ ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.