‘ഈ ഓണം ലൗഷോറിനൊപ്പം’ ബി.എം.സിയിൽ നാളെ പ്രത്യേക പരിപാടി
text_fieldsമനാമ: ‘ഈ ഓണം ലൗഷോറിലെ മക്കള്‍ക്കു വേണ്ടി’ എന്ന പേരിൽ ബി.എം.സിയിൽ ശനിയാഴ്ച പ്രത്യേക പരിപാടി നടക്കും. കോഴിക്കോട് ജില്ലയിലെ പന്നിക്കോട് ഗ്രാമത്തിൽ 2001ൽ ആരംഭിച്ച ‘ലൗഷോർ’ മാനസിക വെല്ലുവിളി, ഓട്ടിസം എന്നിവ അനുഭവിക്കുന്ന കുട്ടികൾക്കായുള്ള സ്ഥാപനമാണ്. ഇന്ന് കോഴിക്കോടിന് പുറമെ, മലപ്പുറം ജില്ലയിലെ വാഴക്കാട്, വയനാട്ടിലെ വൈത്തിരി, മേപ്പാടി എന്നിവിടങ്ങളിലായി അറുനൂറിലധികം കുട്ടികൾ ലൗഷോറിന്റെ തണലിൽ കഴിയുന്നുണ്ട്. ഭിന്നശേഷിക്കാർക്കായുള്ള പ്രവർത്തനങ്ങളിൽ അഭിമാനമുണ്ടെന്ന് മനായിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ബന്ധപ്പെട്ടവർ അറിയിച്ചു.
സുമനസ്സുകളുടെ സഹായം കൊണ്ടാണ് ലൗഷോർ മുന്നോട്ടുപോകുന്നത്. സ്ഥാപനത്തിനുള്ള പിന്തുണ മുൻ നിർത്തി ലൗ ഷോർ ബഹ്റൈൻ ചാപ്റ്റർ രൂപവത്കരിച്ചിട്ടുണ്ട്. 31ന് വൈകീട്ട് ഏഴിന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ബഹ്റൈനിലെത്തിയ ലൗഷോർ ജനറൽ സെക്രട്ടറി മുനീർ, ട്രഷറർ അസീസ് വയനാട്, കോഓഡിനേറ്ററും സുപ്രസിദ്ധ ഗായകനുമായ ഗഫൂർ കുറ്റ്യാടി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
മുൻ എം.പി ഡോ. മസൂമ അബ്ദുൽറഹീം പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും. വിവിധ പദ്ധതികളുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന സംഘടനക്ക് ഏവരുടെയും സഹകരണങ്ങൾ വളരെ അത്യന്താപേക്ഷിതമാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ലൗ ഷോർ ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികളായ ഫ്രാൻസിസ് കൈതാരത്ത്, ഡോ. പി.വി. ചെറിയാൻ, ഗഫൂർ കൈപ്പമംഗലം, ഫൈസൽ കണ്ടിതാഴ, എ.പി. അബ്ദുസ്സലാം എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.