ഓണം, നവരാത്രി മഹോത്സവം: വിപുല ഒരുക്കവുമായി ബഹ്റൈൻ കേരളീയ സമാജം
text_fieldsമനാമ: ഓണം, നവരാത്രി മഹോത്സവം ആഘോഷങ്ങൾക്ക് വിപുലമായ ഒരുക്കവുമായി ബഹ്റൈൻ കേരളീയ സമാജം. 'ശ്രാവണം 2022' എന്ന പേരിൽ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികൾക്ക് ആഗസ്റ്റ് 11ന് 'പിള്ളേരോണം' പരിപാടിയോടെയാണ് തിരിതെളിഞ്ഞത്. രണ്ടു മാസത്തോളം നീണ്ടുനിൽക്കുന്ന ഓണം, നവരാത്രി ആഘോഷമാണ് ഇത്തവണ നടത്തുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഈ വർഷത്തെ ഓണാഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ നാട്ടിൽനിന്ന് കലാകാരന്മാരുടെ നീണ്ട നിര തന്നെ എത്തും. കേരളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര, പ്രശസ്ത ഗായകൻ ഹരിഹരൻ, വീണ വിദ്വാൻ രാജേഷ് വൈദ്യ, നിത്യ മാമൻ, നജീം അർഷാദ്, പ്രശസ്ത മജീഷ്യൻ സാമ്രാജ്, ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ, കഥകളിസംഗീതജ്ഞൻ കോട്ടക്കൽ മധു തുടങ്ങിയവരാണ് ഓണാഘോഷത്തിൽ പങ്കുചേരാൻ എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പിള്ളേരോണം, കബഡി മത്സരങ്ങൾ ജനപങ്കാളിത്തംകൊണ്ട് വൻ വിജയമായിരുന്നുവെന്ന് ഓണാഘോഷ കമ്മിറ്റി ചെയർമാൻ എം.പി. രഘു പറഞ്ഞു.
സെപ്റ്റംബർ എട്ടിന് ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ അതിഥിയായി എത്തുന്ന ചടങ്ങിൽ പ്രശസ്ത മലയാളം പിന്നണിഗായകരായ നജീം അർഷാദ്, നിത്യ മാമൻ എന്നിവരുടെ ഗാനമേളയും ഉണ്ടായിരിക്കും. സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന 'ശ്രാവണം 2022' ഉദ്ഘാടനച്ചടങ്ങിൽ വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി മുഖ്യാതിഥിയായിരിക്കും. തുടർന്ന് കെ.എസ്. ചിത്രയും സംഘവും ഗാനമേള അവതരിപ്പിക്കും.
നൂറോളം പേർ അണിനിരക്കുന്ന മെഗാ തിരുവാതിര, ചരടു പിന്നിക്കളി, ഓണപ്പുടവ മത്സരം, അത്തപ്പൂക്കള മത്സരം, പായസമത്സരം, വടംവലി മത്സരം, ഘോഷയാത്ര തുടങ്ങി നിരവധി പരിപാടികൾ വരുംദിവസങ്ങളിൽ അരങ്ങേറും. സെപ്റ്റംബർ 23ന് ഒരുക്കുന്ന വിപുലമായ ഓണസദ്യയിൽ 5000 പേർക്ക് സദ്യ വിളമ്പുമെന്ന് കേരളീയ സമാജം അസി. ജനറൽ സെക്രട്ടറി വർഗീസ് ജോർജ് അറിയിച്ചു. പാചകകലയിൽ നൈപുണ്യം തെളിയിച്ച പഴയിടം മോഹനൻ നമ്പൂതിരിയും ടീമുമാണ് ഈ വർഷത്തെ ഓണസദ്യ ഒരുക്കുന്നത്. സെപ്റ്റംബർ 29ന് പ്രശസ്ത മജീഷ്യൻ സാമ്രാജ് അവതരിപ്പിക്കുന്ന മാജിക് ഷോ ഉണ്ടായിരിക്കും. ഓണാഘോഷത്തിന്റെ സമാപനദിവസമായ സെപ്റ്റംബർ 30ന് നടക്കുന്ന പരിപാടിയിൽ കേരള സഹകരണമന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത ഗായകൻ ഹരിഹരനും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശയും ഉണ്ടാവും.
ഒക്ടോബർ അഞ്ചിന് നടക്കുന്ന വിദ്യാരംഭം ചടങ്ങിൽ കുരുന്നുകൾക്ക് അക്ഷരം പകർന്നുനൽകാൻ നാട്ടിൽനിന്ന് ഡോ. വി.പി. ഗംഗാധരൻ എത്തിച്ചേരും. ഒക്ടോബർ ആറിന് പ്രശസ്ത കഥകളിവിദ്വാൻ കോട്ടക്കൽ മധുവും സംഘവും അവതരിപ്പിക്കുന്ന കഥകളിയും ഒക്ടോബർ ഏഴിന് വീണ വിദ്വാൻ രാജേഷ് വൈദ്യ അവതരിപ്പിക്കുന്ന സംഗീതപരിപാടിയും അരങ്ങേറും.
കന്യാകുമാരി മുതൽ കാസർകോട് വരെയുള്ള രുചികൾ ആസ്വദിക്കാൻ അവസരമൊരുക്കി സെപ്റ്റംബർ രണ്ടിന് നടക്കുന്ന രുചിമേളയാണ് മറ്റൊരാകർഷണം. പ്രശസ്ത ഷെഫും ടി.വി അവതാരകനുമായ രാജ് കലേഷ് മുഖ്യാതിഥിയായി പങ്കെടുക്കും. ഓണം, നവരാത്രി മഹോത്സവം വിജയകരമാക്കാൻ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ ശങ്കർ പല്ലൂർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ സമാജം ട്രഷറർ ആഷ്ലി കുര്യൻ, രുചിമേളം കൺവീനർ ഷാജൻ സെബാസ്റ്റ്യൻ, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, ഇൻഡോർ ഗെയിംസ് സെക്രട്ടറി പോൾസൺ ലോനപ്പൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.