ഒരു ദിവസം, ആറ് രാജ്യങ്ങൾ; ചരിത്രയാത്രക്ക് വളയം പിടിക്കാൻ ഷാഫിയും സിയാദും
text_fieldsദോഹ: അവധിദിവസങ്ങളിൽ കാറുമെടുത്ത് കൂട്ടുകാർക്കും കുടുംബങ്ങൾക്കുമൊപ്പം അയൽ രാജ്യങ്ങളിലേക്കുള്ള യാത്ര ഗൾഫിലെ പ്രവാസികൾക്കിടയിൽ പുതുമയുള്ള കാര്യമല്ല. എന്നാൽ, തൃശൂർ സ്വദേശികളും കൂട്ടുകാരുമായ ചാവക്കാട്ടുകാരൻ സിയാദും കൈപ്പമംഗലംകാരൻ ഷാഫി മോനും വ്യാഴാഴ്ച പുറപ്പെടുന്നത് ആരും പരീക്ഷിക്കാത്തൊരു യാത്രക്കാണ്.
24 മണിക്കൂറിനുള്ളിൽ ജി.സി.സിയിലെ ആറു രാജ്യങ്ങളും കടന്ന് ലക്ഷ്യസ്ഥാനത്തെത്തുന്ന അപൂർവമായൊരു യാത്ര. സമയസൂചികയിൽ ഒക്ടോബർ 19 വ്യാഴാഴ്ച തെളിയുമ്പോൾ കുവൈത്തിലെ പ്രശസ്തമായ കുവൈത്ത് ടവറിന് അരികിൽനിന്ന് ഇവരുടെ ടൊയോട്ട ഫോർച്യൂണർ ഓടിത്തുടങ്ങും. നുവൈസിബ് അതിർത്തി കടന്ന് സൗദിയുടെ മണ്ണിലൂടെ ഓടി, അൽഖോബാർ വഴി നേരെ ബഹ്റൈനിലേക്ക്. ലോകാത്ഭുതമായ കിങ് ഫഹദ് കോസ്വേയും കടന്ന് ബഹ്റൈനിലെത്തിയശേഷം തിരികെ വീണ്ടും സൗദിയുടെ മണ്ണിൽ.
അറേബ്യൻ ഉൾക്കടൽ തീരത്തെ റോഡുകളിലൂടെ വിജനമായ മരുഭൂ പാതകളും മണൽക്കാടുകളും കടന്ന് നീണ്ടുകിടക്കുന്ന റോഡിലൂടെ വീണ്ടും യാത്ര. സൗദിയുടെ അതിർത്തി നഗരങ്ങൾ കടന്ന് സൽവ വഴി അബൂ സംറയും കടന്ന് ഖത്തറിന്റെ മണ്ണിൽ ഉച്ചക്കു മുമ്പായി പ്രവേശിക്കും. ശേഷം, ദോഹ കോർണിഷിലെത്തി ഖത്തറിന്റെ ചരിത്രമുദ്രകൾക്ക് സാക്ഷ്യംവഴിച്ച അതേ വേഗത്തിൽ അതിർത്തി കടന്ന് അടുത്ത ലക്ഷ്യസ്ഥാനമായ യു.എ.ഇയിലേക്ക്.
അബൂദബിയും പറ്റുമെങ്കിൽ ദുബൈയിലെത്തി ബുർജ് ഖലീഫക്കരികിലെത്തി, ഷാർജയും കടന്ന് അടുത്ത ലക്ഷ്യ സ്ഥാനത്തേക്ക്. ഷാം കടന്ന് റാസ് അൽ ദഹ്റം അതിർത്തി വഴി യു.എ.ഇയുടെ തെക്കുഭാഗത്തായി വേറിട്ടുനിൽക്കുന്ന ഒമാന്റെ ഭാഗമായ മുസന്ദമിലേക്ക്. കടലും മലകളും ചുരങ്ങളുമായി ഏറെ മനോഹരമായ പ്രകൃതി കാഴ്ചയൊരുക്കുന്ന മുസന്ദമിൽ പ്രവേശിക്കുന്നതോടെ സാഹസം നിറഞ്ഞ തങ്ങളുടെ ‘ഓൾ ജി.സി.സി ടൂർ’ അവസാനിപ്പിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. പുലർച്ചെ ആറിന് തുടങ്ങി, അടുത്ത ദിവസം ആരംഭിക്കുംമുമ്പേ ആറാമത്തെ രാജ്യമായി ഒമാനിൽ പ്രവേശിക്കുകയാണ് ഷാഫിയുടെയും സിയാദിന്റെയും ലക്ഷ്യം. 2000ത്തോളം കിലോമീറ്റർ ദൂരമാണ് കുവൈത്തിൽ തുടങ്ങി, ആറു രാജ്യങ്ങൾ പിന്നിടുമ്പോഴേക്കും താണ്ടിയെത്തുക. കാലാവസ്ഥയും സാഹചര്യങ്ങളും അനുകൂലമായാൽ മനസ്സിൽ കണ്ട സമയത്തിനുള്ളിൽ തന്നെ ലക്ഷ്യത്തിലെത്തുമെന്ന് ഇവർ പറയുന്നു.
എല്ലാ ജി.സി.സി രാജ്യങ്ങളും സന്ദർശിക്കാൻ ഒരു ടൂറിസ്റ്റ് വിസ എന്ന ഏകീകൃത പദ്ധതി പ്രാബല്യത്തിൽ വരാനിരിക്കെ, ഗൾഫ് രാജ്യങ്ങളിലേക്ക് പരസ്പരമുള്ള യാത്രക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യവുമായാണ് യാത്രാപ്രിയരായ രണ്ടു പേർ ഇറങ്ങിത്തിരിക്കുന്നത്.
10 വർഷത്തോളമായി ജോലിയുടെ ഭാഗമായും അല്ലാതെയും എല്ലാ ഗൾഫ് രാജ്യങ്ങളിലും നിരന്തരം സന്ദർശിക്കുന്ന സിയാദും ഷാഫിയും പുതുമയേറിയ യാത്രയെന്ന നിലയിലാണ് ‘ജി.സി.സി യൂനിഫൈഡ് ട്രിപ്പുമായി പുറപ്പെടുന്നത്. ദുബൈയിൽ ഫോട്ടോഗ്രഫി മേഖലയിൽ പ്രവർത്തിക്കുകയാണ് ഷാഫി മോൻ. സ്വന്തം സംരംഭവുമായി ദുബൈയിൽതന്നെയാണ് സിയാദിന്റെയും ഇടം. കഴിഞ്ഞ ജൂണിൽതന്നെ ഇരുവരും യാത്രയുടെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ആവശ്യമായ വിസ എല്ലായിടത്തേക്കും സ്വന്തമാക്കി.
ഒപ്പം, എല്ലാ രാജ്യങ്ങളിലുമെത്തി അതിർത്തിയിലെ എമിഗ്രേഷൻ നടപടികൾ ഒരു ട്രയൽ എന്ന നിലയിൽ പരിശീലിക്കുകയും ചെയ്തു. സൗദിയുടെ മൾട്ടി എൻട്രി വിസയും ഖത്തറിന്റെ ഹയ ടൂറിസ്റ്റ് വിസയും കുവൈത്തിലേക്ക് ബിസിനസ് വിസയുമായി എല്ലാ രേഖകളും തയാർ.
ഭക്ഷണവും വെള്ളവും സൂക്ഷിക്കാനും അത്യാവശ്യമെങ്കിൽ പാചകംചെയ്യാനുമെല്ലാം സജ്ജമാക്കിയ തങ്ങളുടെ ഫോർച്യൂണർ വാഹനത്തിന്റെ വളയംപിടിച്ച് ഇനി ഒരു കുതിപ്പ്. 24 മണിക്കൂറിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻതന്നെയാണ് ശ്രമം. അവിചാരിതമായ കാരണങ്ങളാൽ സമയം വൈകിയാലും, യാത്ര പൂർത്തിയാക്കുമെന്ന് ഇരുവരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.