മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഇന്ന് ഒരു വർഷം; കണ്ണീരണിഞ്ഞ് ദരിദ്ര കുടുംബങ്ങൾ
text_fieldsമനാമ: ബഹ്റൈനിലെ മുഹറഖ് തീരത്തുനിന്ന് മത്സ്യബന്ധനത്തിനു പോയ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുമ്പോൾ അവർ മടങ്ങിവരുമെന്നുള്ള പ്രതീക്ഷയിൽ പ്രാർഥനയിലാണ് തമിഴ്നാട്ടിലുള്ള ഇവരുടെ കുടുംബങ്ങൾ.
2022 ഒക്ടോബർ 17 നാണ് കന്യാകുമാരി കൽക്കുളം താലൂക്കിലെ കടിയപ്പട്ടണം നിവാസികളായ സഹായ സെൽസോ (35), ആന്റണി വിൻസെന്റ് ജോർജ് (37) എന്നിവർ മുഹറഖിലെ ഫിഷിങ് ഹാർബറിൽനിന്ന് മീൻ പിടിക്കാൻ ചെറിയ ബോട്ടിൽ പുറപ്പെട്ടത്. സാധാരണ രണ്ടുമൂന്നു ദിവസത്തിനകം മത്സ്യവുമായി ഇവർ മടങ്ങിയെത്തേണ്ടതായിരുന്നു. തിരിച്ചെത്താത്തതിനെതുടർന്ന് സുഹൃത്തുക്കളും സ്പോൺസറും പരാതിപ്പെട്ടു. ബഹ്റൈൻ തീര സംരക്ഷണസേനയും പൊലീസും പുറംകടലിൽ തിരച്ചിൽ നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. തുടർന്ന് സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല ഭാരവാഹിയുമായ ഷാജി പൊഴിയൂരിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയിൽ പരാതി നൽകി. എംബസി, സർക്കാർ അധികൃതരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും കിട്ടിയില്ല.
സഹായ സെൽസോയും ആന്റണി വിൻസെന്റും ബഹ്റൈനിൽ എത്തിയിട്ട് 10 വർഷത്തോളമായിരുന്നു. ഇവരുടെ ചെറിയ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. അഞ്ചും രണ്ടും വയസ്സുള്ള മക്കളുമായി ദുരിതത്തിൽ കഴിയുകയാണെന്ന് ആന്റണി വിൻസെന്റ് ജോർജിന്റെ ഭാര്യ സുബി റോസ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
നാട്ടുകാരുടെ സഹായംകൊണ്ടാണ് ഉപജീവനം നടത്തുന്നത്. സഹായ സെൽസോയുടെ ഭാര്യ ആരോഗ്യ ശുഭയും ഏഴും നാലും വയസ്സുള്ള പെൺ മക്കളുമായി ദാരിദ്ര്യത്തിൽ കഴിയുകയാണ്. എന്തെങ്കിലും വിവരം കിട്ടുമെന്ന പ്രതീക്ഷ ഇനിയും ഇവർ കൈവിട്ടിട്ടില്ല. തമിഴ്നാട് സർക്കാർ നൽകുന്ന സൗജന്യ റേഷൻ മാത്രമാണ് ഇപ്പോൾ ആശ്രയം. സ്ഥലം എം.എൽ.എയും എം.പിയും ഇടപെട്ട് ചെറിയ സഹായം നൽകിയിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസംപോലും മുടങ്ങുന്ന സാഹചര്യത്തിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ കുടുംബങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.