ലൈസൻസില്ലാത്ത ടൂർ ഓപറേറ്റർക്ക് ഒരുവർഷം തടവും 10,000 ദിനാർ പിഴയും
text_fieldsമനാമ: ഇറാഖിലേക്ക് അനധികൃതമായി ടൂർ സംഘടിപ്പിച്ച്, 140 ബഹ്റൈൻ പൗരന്മാർ അവിടെ കുടുങ്ങാനിടയായ സംഭവത്തിൽ ടൂർ ആസൂത്രണം ചെയ്ത ബഹ്റൈനിലെ ടൂർ ഓപറേറ്റർക്ക് ക്രിമിനൽ കോടതി ഒരു വർഷം തടവും 10,000 ദിനാർ പിഴയും വിധിച്ചു. ടൂർ ഓപറേറ്റർ പണം നൽകാത്തതിനെതുടർന്ന് കർബലയിലെ ഹോട്ടലുകാർ ബഹ്റൈനികളുടെ പാസ്പോർട്ട് വിട്ടുനൽകാൻ വിസമ്മതിച്ചതോടെയാണ് സംഭവം വിവാദമായത്.
ഇക്കാര്യം പൗരന്മാർ ബന്ധപ്പെട്ടവരെ അറിയിച്ചു. തുടർന്ന് ഇറാഖിലെ ബഹ്റൈൻ എംബസി ഇടപെട്ട് പാസ്പോർട്ടുകൾ വീണ്ടെടുക്കുകയും പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയുമായിരുന്നു. ടൂറിസം ലൈസൻസില്ലാതെ പ്രവർത്തിച്ചതിനും ബിസിനസ് ലൈസൻസില്ലാതെ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും ടൂർ ഓപറേറ്റർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സ്ഥാപനം അടച്ചുപൂട്ടാനും കോടതി ഉത്തരവിട്ടു.
ദുരിതബാധിതരായ പൗരന്മാരുടെ പരാതിയെത്തുടർന്ന് ടൂർ ഓപറേറ്റർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ)യും പ്രഖ്യാപിച്ചിരുന്നു.
ബി.ടി.ഇ.എയുടെ ടൂറിസം മോണിറ്ററിങ് വിഭാഗം ഓപറേറ്ററുടെ ഓഫിസ് അടച്ചുപൂട്ടുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
ലൈസൻസുള്ള ട്രാവൽ ഏജൻസികൾ വഴി മാത്രം യാത്രാ ക്രമീകരണങ്ങൾ നടത്താൻ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അഭ്യർഥിച്ചു.
30 സ്വദേശികളാണ് ലൈസൻസില്ലാത്ത ടൂർ ഓപറേറ്റർക്കെതിരെ സാമ്പത്തിക നഷ്ടം ആരോപിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിക്ക് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.