ഓൺലൈൻ, ഡിജിറ്റൽ തട്ടിപ്പുകളുടെ എണ്ണം കൂടിയതായി കണക്കുകൾ
text_fieldsസൈബർ തട്ടിപ്പുകളിൽ ജാഗ്രത വേണം; വ്യക്തിവിവരങ്ങൾ കൈമാറരുത്
മനാമ: കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവ് ഉണ്ടായെങ്കിലും ഓൺലൈൻ, ഡിജിറ്റൽ തട്ടിപ്പുകളുടെ എണ്ണം വർധിച്ചതായി കണക്കുകൾ. അറ്റോണി ജനറൽ ഡോ. അലി ബിൻ ഫദ്ൽ അൽ ബൂഐനൈൻ കഴിഞ്ഞ ദിവസം കുറ്റകൃത്യങ്ങൾ സംബന്ധിച്ച പട്ടിക പുറത്തുവിട്ടിരുന്നു. 2023ൽ മൊത്തം 47,678 ക്രിമിനൽ കേസുകളാണ് പബ്ലിക്ക് പ്രോസിക്യൂഷൻ രേഖപ്പെടുത്തിയിട്ടുള്ളത്. സാമ്പത്തിക തട്ടിപ്പ് നടത്തിയ കുറ്റവാളികളിൽ നിന്ന് 15 മില്യണിലധികം ദീനാർ കണ്ടുകെട്ടി. ടെലികമ്യൂണിക്കേഷൻ ദുരുപയോഗവുമായി ബന്ധപ്പെട്ട 1,314 കേസുകളും സോഷ്യൽ മീഡിയ ദുരുപയോഗവുമായി ബന്ധപ്പെട്ട 753 കേസുകളും കഴിഞ്ഞ വർഷമുണ്ടായി. സോഷ്യൽ മീഡിയ ക്രിമിനൽ കേസുകളിൽ 388 എണ്ണം വാട്സ്ആപ്പുമായി ബന്ധപ്പെട്ടതും 184 എണ്ണം ഇൻസ്റ്റഗ്രാമിലും 54 എണ്ണം സ്നാപ്ചാറ്റിലും 51 എണ്ണം ടിക്ടോക്കിലും 51 എണ്ണം ഫേസ്ബുക്കിലും 25 എണ്ണം എക്സിലുമാണ്.
അടുത്ത കാലത്തായി സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ സൈബർ തട്ടിപ്പുകാർ കബളിപ്പിക്കുന്ന സംഭവങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബെനിഫിറ്റ് പേ, എ.ടി.എം കാർഡ് എന്നിവയുടെ കാലാവധി കഴിഞ്ഞു എന്ന രീതിയിലാണ് തട്ടിപ്പുകാർ സമീപിക്കുന്നത്. ഇത്തരം തട്ടിപ്പുകളെ ചെറുക്കാൻ പ്രോസിക്യൂഷന്റെ ശ്രമം നടത്തുന്നുണ്ട്. പബ്ലിക്ക് പ്രോസിക്യൂഷന്റെ സോഷ്യൽ മീഡിയ പേജുകൾ ഉപയോഗിച്ച് സാധാരണ തട്ടിപ്പ് രീതികൾ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.വ്യക്തിപരവും സാമ്പത്തികവുമായ വിശദാംശങ്ങൾ ആരോടും പങ്കിടരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ വർഷം ആദ്യം ആഭ്യന്തര മന്ത്രാലയത്തിലെയും സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈനിലെയും ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ടെലികമ്യൂണിക്കേഷൻ കമ്പനികളുടെയും മേധാവികളുമടങ്ങുന്ന യോഗം പ്രോസിക്യൂഷൻ സംഘടിപ്പിച്ചിരുന്നു.ഇത്തരം തട്ടിപ്പുകൾ തടയാനാവശ്യമായ മാർഗങ്ങൾ യോഗം ചർച്ച ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.