ഓൺലൈൻ, സമൂഹമാധ്യമ സാമ്പത്തിക തട്ടിപ്പ്: ജാഗ്രത വേണം
text_fieldsമനാമ: സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈനുകളിലൂടെയും തെറ്റായ അവകാശവാദവുമായി തട്ടിപ്പ് നടത്തുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് എം.പിമാർ. ഓൺലൈൻ വിതരണക്കാർ, സേവനദാതാക്കൾ, വിൽപനക്കാർ എന്നിവരുടെ അനുചിതവും നിയമവിരുദ്ധവും അധാർമികവുമായ പ്രവർത്തനങ്ങൾക്കെതിരെ നടപടി വേണ്ടതുണ്ടെന്നും എം.പിമാർ ആവശ്യപ്പെട്ടു.
പാർലമെന്റ്, ശൂറ കൗൺസിൽ, മുനിസിപ്പൽ കൗൺസിലുകൾ, ക്യാപിറ്റൽ ട്രസ്റ്റി ബോർഡ് എന്നിവക്ക് ലഭിച്ച പരാതികളെതുടർന്നാണ് അഞ്ച് എം.പിമാർ ഈ ആവശ്യം ഉന്നയിച്ചത്. ആകർഷകമായ കിഴിവുകൾ വാഗ്ദാനം ചെയ്ത് വ്യാജ അക്കൗണ്ടുകളിലൂടെ സമൂഹമാധ്യമങ്ങളിൽ പരസ്യം വ്യാപകമായിരുന്നു. ഇതിൽ ആകൃഷ്ടരായി ആ ലിങ്കിൽ ക്ലിക് ചെയ്താൽ ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന അക്കൗണ്ടിൽനിന്ന് പണം നഷ്ടമാകും.
ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച് ചിത്രസഹിതം അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ബനിഫിറ്റ് പേയുടെ കാലാവധി കഴിഞ്ഞതിനാൽ പുതുക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക എന്ന രീതിയിലും തട്ടിപ്പുകാർ വിലസുന്നുണ്ട്. ആരോഗ്യ ആപ്പിന്റെ മറവിലും ഇത്തരം വ്യാജ ഫോൺ സന്ദേശങ്ങൾ വ്യാപകമാകുകയും പലർക്കും പണം നഷ്ടമാകുകയും ചെയ്തിരുന്നു.
വ്യാജ സി.ആറിന്റെ മറവിലാണ് ചില ഓൺലൈൻ ബിസിനസുകൾ പ്രവർത്തിക്കുന്നതെന്നും രജിസ്റ്റർ ചെയ്ത ബിസിനസുകളാണെങ്കിൽകൂടി വ്യാജമോ ലൈസൻസില്ലാത്തതോ ആയ സേവനങ്ങളോ ഉൽപന്നങ്ങളോ നൽകുന്നുണ്ടെന്നും എം.പിമാർ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ചർമ, മുടി ലേപനങ്ങൾ, ക്രീമുകൾ, ഷാംപൂകൾ പോലുള്ള ഉൽപന്നങ്ങൾ അർബുദമടക്കം വരുത്തുന്നവയാണ്. ലൈംഗികശേഷി വർധിപ്പിക്കാനെന്ന് പറഞ്ഞും വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്നുണ്ട്.
ഇത്തരം വ്യാജന്മാർക്കെതിരെ കടുത്ത നടപടി വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റും ആരോഗ്യ മന്ത്രാലയവും ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റിയും കൈക്കൊള്ളണമെന്നാണ് എം.പിമാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.