ഒാൺലൈൻ തട്ടിപ്പ് വീണ്ടും: പാലക്കാട് സ്വദേശിക്ക് നഷ്ടമായത് 365 ദിനാർ
text_fieldsമനാമ: നിരന്തര ബോധവത്കരണവും പൊലീസിെൻറ മുന്നറിയിപ്പുകളും ഉണ്ടെങ്കിലും ഒാൺലൈൻ തട്ടിപ്പുകൾക്ക് അവസാനമില്ല. പാലക്കാട് സ്വദേശിയുടെ 365 ദിനാർ നഷ്ടപ്പെട്ടതാണ് ഒടുവിലത്തെ സംഭവം.
ഇദ്ദേഹത്തിെൻറ അക്കൗണ്ടുള്ള ബാങ്കിൽനിന്നാണെന്നുപറഞ്ഞ് കഴിഞ്ഞ ദിവസം ബഹ്റൈൻ നമ്പറിൽനിന്ന് മൊബൈൽ ഫോണിലേക്ക് സന്ദേശം എത്തിയതോടെയാണ് തട്ടിപ്പിെൻറ തുടക്കം. ബാങ്ക് അക്കൗണ്ടിൽ സി.പി.ആർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും അതിനാൽ സി.പി.ആർ നമ്പറും മൊബൈൽ നമ്പറും അയച്ചുകൊടുക്കണമെന്നുമാണ് സന്ദേശത്തിൽ ആവശ്യപ്പെട്ടത്.
അടുത്തിടെയാണ് ഇദ്ദേഹം ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയിൽനിന്ന് മറ്റൊന്നിലേക്ക് മാറിയത്. അതിനാൽ, പുതിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനായിരിക്കുമെന്ന ധാരണയിൽ ഇദ്ദേഹം ഉടൻ സി.പി.ആർ നമ്പറും മൊബൈൽ നമ്പറും അയച്ചുകൊടുത്തു.
നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ടിൽനിന്ന് 365 ദിനാർ പിൻവലിച്ചുവെന്ന സന്ദേശമാണ് ലഭിച്ചത്. ഇദ്ദേഹത്തിെൻറ അക്കൗണ്ടിൽ ആകെയുണ്ടായിരുന്ന തുകയാണത്. കമ്പനിയിൽനിന്ന് ലഭിച്ച ഗ്രാറ്റുവിറ്റി തുകയാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നത്.
ഉടൻ തുക നാട്ടിലേക്ക് അയക്കാനിരുന്നതാണ് ഇദ്ദേഹം. തട്ടിപ്പുകാർ സന്ദേശമയച്ച നമ്പറിലേക്ക് തിരിച്ചുവിളിച്ചപ്പോൾ ഒരു കാർ പാർക്കിങ് ഏജൻസിയുടെ നമ്പർ ആണെന്നാണ് മറുപടി ലഭിച്ചത്. അവർക്ക് തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്നും വ്യക്തമാക്കി. ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് വിവരമറിയിച്ചു.
തുടർന്ന് ബാങ്കിെൻറ നിർദേശപ്രകാരം പൊലീസിൽ പരാതി നൽകി. തട്ടിപ്പുകാർ അയച്ച സന്ദേശങ്ങൾ ഉൾപ്പെടെ പൊലീസിന് കൈമാറിയിട്ടുണ്ട്.
തട്ടിപ്പുകൾ പലവിധം
പല രീതിയിലാണ് ഒാൺലൈൻ തട്ടിപ്പുകൾ അരങ്ങേറുന്നത്. മൊബൈൽ കമ്പനികളിൽനിന്നാണെന്ന് പറഞ്ഞാണ് ചിലർ വിളിക്കുക. സിം കാർഡ് കാലാവധി ഉടൻ തീരുമെന്നും വീണ്ടും സേവനം ലഭ്യമാകണമെങ്കിൽ അവർ അയക്കുന്ന ഒ.ടി.പി പറഞ്ഞുകൊടുക്കണമെന്നും പറയും. ഒ.ടി.പി പറഞ്ഞുകൊടുത്താൽ ആ നിമിഷം അക്കൗണ്ടിൽനിന്ന് പണം നഷ്ടമാകും.
ബാങ്ക് ഒാൺലൈൻ അക്കൗണ്ടിെൻറ പിൻ നമ്പർ സ്ഥിരീകരിക്കാൻ എന്നുപറഞ്ഞ് ചിലർ വിളിക്കും. ബാങ്കിൽനിന്നല്ലേ, കൊടുത്തില്ലെങ്കിൽ പ്രശ്നമാകുമോ എന്ന് പേടിച്ച് പിൻ നമ്പർ പറഞ്ഞുകൊടുത്താൽ അക്കൗണ്ട് കാലിയാകും. ഒരാളുടെ വാട്സ് ആപ്പിൽ വിളിച്ച് ഒ.ടി.പി അയക്കാൻ വേറൊരാളുടെ നമ്പർ ചോദിക്കും ചില തട്ടിപ്പുകാർ. ചതിയറിയാതെ സുഹൃത്തുക്കളുടെ നമ്പർ കൊടുത്ത് കുടുങ്ങിയവരുമുണ്ട്. വാട്സ് ആപ്പിൽ വിളിച്ചാണ് മറ്റൊരു തട്ടിപ്പ്. വൻതുക ലോട്ടറി അടിച്ചിട്ടുണ്ടെന്നും തുക ലഭിക്കണമെങ്കിൽ മൊബൈലിൽ വരുന്ന ഒ.ടി.പി നമ്പർ പറഞ്ഞുകൊടുക്കണമെന്നും പറയും. ഇതുകേട്ട് ഒ.ടി.പി നമ്പർ പറഞ്ഞുകൊടുത്താൽ നിങ്ങളുടെ വാട്സ്ആപ് അക്കൗണ്ടിെൻറ നിയന്ത്രണം അവർക്കാകും. പിന്നെ അവർക്ക് തോന്നുന്നതൊക്കെയാകും നിങ്ങളുടെ വാട്സ് ആപ്പിലൂടെ ചെയ്യുക. നിങ്ങളുടെ സുഹൃത്തുക്കളെ വിളിച്ച് പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുക, ബ്ലാക്മെയിൽ ചെയ്യുക തുടങ്ങിയവയൊക്കെ സംഭവിക്കാം. ലോട്ടറി അടിച്ചിട്ടുണ്ടെന്നും പണം നിക്ഷേപിക്കാൻ ബാങ്ക് അക്കൗണ്ട് അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടായിരിക്കും ചിലപ്പോൾ വിളിക്കുക. മൊബൈലിലേക്ക് വരുന്ന ഒ.ടി.പി പറഞ്ഞുകൊടുത്താൽ മാത്രം മതി, വേറൊന്നും ചെയ്യേണ്ടതില്ല എന്നൊക്കെയുള്ള സൗമ്യവാക്കുകൾ കേട്ട് ഒ.ടി.പി പറഞ്ഞുകൊടുത്താൽ പണം പോയതുതന്നെ. ഒാൺലൈൻ തട്ടിപ്പുകാരെ കരുതിയിരിക്കണമെന്ന് പൊലീസ് ഇടക്കിടെ മുന്നറിയിപ്പ് നൽകാറുണ്ട്. എന്നാലും, ആളുകൾ വേണ്ടത്ര ജാഗ്രത പാലിക്കാത്തതാണ് തട്ടിപ്പുകാർക്ക് അനുഗ്രഹമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.