ഓൺലൈൻ തട്ടിപ്പ് വീണ്ടും; മലയാളിക്ക് പണം നഷ്ടമായി
text_fieldsമനാമ: ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി മലയാളിക്ക് 136 ദിനാർ നഷ്ടമായി. വടകര ആയഞ്ചേരി സ്വദേശി അഷ്റഫിനാണ് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയേടെ മിനിറ്റുകൾ ഇടവിട്ട് മൊബൈലിലേക്ക് മെസേജുകൾ വരുന്നത് പരിശോധിച്ചപ്പോഴാണ് 20 ദിനാർ, 10 ദിനാർ എന്നിങ്ങനെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചുപോകുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻ അക്കൗണ്ടിലെ ബാക്കി തുക മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് ബാങ്കുമായി ബന്ധപ്പെട്ടു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും അക്കൗണ്ട് സ്റ്റേറ്റ്മെന്റ് നൽകി ഓൺലൈൻ തട്ടിപ്പുകൾ അന്വേഷിക്കുന്ന അഴിമതിവിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ വിഭാഗത്തിൽ പരാതിപ്പെടാനാണ് ബാങ്ക് നിർദേശിച്ചത്. പരാതി നൽകാനെത്തിയപ്പോൾ സമാനരീതിയിൽ തട്ടിപ്പിനിരയായ സ്വദേശികൾ അടക്കമുളളവർ ക്രൈം ഡിപ്പാർട്മെന്റലെത്തിയിരുന്നതായി അഷ്റഫ് പറഞ്ഞു. പ്രമുഖ ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിലെ ഡെലിവറി വിഭാഗത്തിൽ ജോലിചെയ്യുന്ന അഷ്റഫ് ഉപഭോക്താക്കളിൽനിന്ന് പണം ഓൺലൈൻ വഴിയാണ് സ്വീകരിക്കുന്നത്. തന്റെ വ്യക്തിപരമായ ഡേറ്റയോ ഒ.ടി.പി നമ്പറോ ആർക്കും നൽകിയിട്ടില്ലന്നും അഷ്റഫ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ രണ്ട് മലയാളികൾക്ക് 1590 ദിനാർ നഷ്ടപ്പെട്ട വാർത്ത 'ഗൾഫ് മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ഒ.ടി.പി നൽകാൻ അജ്ഞാത നമ്പറിൽനിന്ന് കോൾ വന്നതായിരുന്നു. ആളുകൾ പരമാവധി ജാഗ്രത പാലിക്കണമെന്നാണ് ഈ തട്ടിപ്പുകൾ ഓർമിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.