ഒാൺലൈൻ തട്ടിപ്പുകാർ സജീവം; ജാഗ്രത മാത്രം രക്ഷ
text_fieldsമനാമ: ഒാൺലൈൻ തട്ടിപ്പുകൾക്കെതിരെ നിരന്തരം ബോധവത്കരണം ഉണ്ടെങ്കിലും തട്ടിപ്പുകാർ വെറുതെ ഇരിക്കാൻ ഭാവമില്ല. ഒേട്ടറെ പേരുടെ ഫോണിലേക്ക് തട്ടിപ്പുകാരുടെ കാളുകൾ വരുന്നുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു.ലോട്ടറി അടിച്ചിട്ടുണ്ട്, ഒ.ടി.പി പറഞ്ഞുതരണം, സിം പുതുക്കണം, സി.പി.ആർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം എന്നൊക്കെ പറഞ്ഞാണ് കാളും സന്ദേശവുമെത്തുന്നത്.കഴിഞ്ഞ ദിവസം മലയാളിയായ പ്രവാസിയുടെ മൊബൈൽ ഫോണിലേക്ക് പ്രമുഖ മൊബൈൽ കമ്പനിയിൽനിന്നാണെന്ന് പറഞ്ഞ് കാൾവന്നു. സിം പുതുക്കുന്നതിന് മൊബൈലിലേക്ക് വരുന്ന ഒ.ടി.പി നമ്പർ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. സംശയം തോന്നിയ ഇദ്ദേഹം സാമൂഹിക പ്രവർത്തകനായ അൻവർ ശൂരനാടിനെ ബന്ധപ്പെട്ടു. ഇത് തട്ടിപ്പാണെന്നും നമ്പർ കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞതിനാൽ പ്രവാസി തട്ടിപ്പിൽനിന്ന് രക്ഷപ്പെട്ടു.
മറ്റൊരു പ്രവാസിയുടെ ഫോണിലേക്കുവിളിച്ച് ലോട്ടറി അടിച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്. സമ്മാനം നൽകുന്നതിനുള്ള സർവിസ് ചാർജാണ് അവർ ആവശ്യപ്പെട്ടത്. വിദേശത്തുനിന്നുള്ള നമ്പറിൽനിന്നാണ് കാൾ എത്തിയത്.കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് പലർക്കും സമാന രീതിയിൽ കാളുകൾ വന്നതായി അൻവർ ശൂരനാട് പറഞ്ഞു. തട്ടിപ്പിനിരയായ രണ്ട് മലയാളികൾക്ക് 1590 ദിനാർ നഷ്ടമായത് 'ഗൾഫ് മാധ്യമം' വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. സമീപകാലത്ത് മലയാളികളായ വേറെയും പ്രവാസികൾക്ക് ഇങ്ങനെ പണം നഷ്ടമായിട്ടുണ്ട്. അക്കൗണ്ടിൽ ശമ്പളം എത്തുന്ന ദിവസങ്ങളിൽ തട്ടിപ്പുകൾ കൂടുതലായി നടക്കുന്ന പ്രവണതയുണ്ടെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.
കഴിഞ്ഞ ദിവസം, ശമ്പളം അക്കൗണ്ടിൽ കയറി ഒരു മണിക്കൂറിനകമാണ് മലയാളിക്ക് 293 ദിനാർ നഷ്ടമായത്. വ്യാഴാഴ്ച മൊബൈൽ കമ്പനിയിൽനിന്നാണെന്നുപറഞ്ഞ് കാൾ ലഭിച്ച വ്യക്തിക്കും ശമ്പളം ലഭിച്ചത് അതേ ദിവസമാണ്.ആളുകൾ ജാഗ്രത പുലർത്തുകയാണ് ഇത്തരം തട്ടിപ്പുകൾ തടയാനുള്ള ഏക വഴി. ബാങ്കിൽനിന്നോ മൊബൈൽ കമ്പനിയിൽനിന്നോ ഒ.ടി.പി നമ്പറോ വ്യക്തിഗത വിവരങ്ങളോ തിരക്കി വിളിക്കില്ലെന്ന് എല്ലാവരും ഒാർത്തിരിക്കണം. ഫോണിൽ വിളിക്കുന്നവർക്ക് രഹസ്യ വിവരങ്ങൾ കൈമാറാതിരിക്കാൻ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.