ഓൺലൈൻ തട്ടിപ്പ്: കുട്ടികളെ രക്ഷിക്കുക; മുന്നറിയിപ്പുമായി അധികൃതർ
text_fieldsമനാമ: ഓൺലൈൻ തട്ടിപ്പുകാരിൽനിന്ന് കുട്ടികളെ രക്ഷിക്കുക എന്ന മുന്നറിയിപ്പുമായി അധികൃതർ. കുട്ടികളെ വലയിലാക്കാനായി വെറുപ്പുളവാക്കുന്നതും അധാർമികവുമായ ഉള്ളടക്കങ്ങളും ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളും വ്യക്തികളും സജീവമായതായി അധികൃതർ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു.
കുട്ടിയുടെ വിശ്വാസം സാവധാനം നേടിയാണ് ഓൺലൈൻ വേട്ടക്കാർ അവരെ വലയിലാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം സൈബർസ്പേസ് ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് മേധാവി മേജർ ഫൗസ് മുഹമ്മദ് പറയുന്നു. കുട്ടികളെ ഇതിൽനിന്ന് രക്ഷിക്കാൻ ജാഗ്രത അനിവാര്യമാണ്.
കുട്ടികളിൽ അസാധാരണ സ്വഭാവവിശേഷം ശ്രദ്ധയിൽപെട്ടാൽ കുടുംബം ജാഗ്രത പുലർത്തണം. അവരുമായി സംസാരിച്ച് കാര്യങ്ങൾ അറിയാൻ ശ്രമിക്കുക. ഇത്തരം വലയിൽ വീണിട്ടുണ്ടെങ്കിൽ അധികൃതരുമായി ബന്ധപ്പെടുകയാണ് ഏറ്റവും നല്ല മാർഗം.
ഓൺലൈൻ ബ്ലാക്ക്മെയിൽ ചെയ്യുന്നവരിൽനിന്നും കൊള്ളയടിക്കുന്നവരിൽനിന്നും കുട്ടികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ‘ഹിമയ’ (സംരക്ഷണം) എന്ന സംരംഭം അധികൃതർ ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ ബഹ്റൈൻ ഇന്റർപോളിന്റെ അന്താരാഷ്ട്ര ചൈൽഡ് സെക്ഷ്വൽ എക്സ്േപ്ലായിറ്റേഷൻ ഡേറ്റാബേസിൽ ചേർന്നിട്ടുണ്ട്.
രാജ്യത്ത് സുരക്ഷിതമായ സൈബർ ഇടം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള സൈബർ ബോധവത്കരണം അധികൃതർ നടത്തിവരുകയാണ്. തങ്ങളുടെ കുട്ടികൾ ഓൺലൈൻ ചൂഷണത്തിന് ഇരയായതായി ആശങ്കപ്പെടുന്ന മാതാപിതാക്കൾക്ക്, 992 എന്ന ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ഹോട്ട്ലൈനുമായി ബന്ധപ്പെടാം.
998 എന്ന ടോൾ ഫ്രീ നമ്പറിൽ ചൈൽഡ് പ്രൊട്ടക്ഷൻ സെന്ററുമായി ബന്ധപ്പെട്ട് ചൂഷണം സംബന്ധിച്ച കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.