വ്യാജ സന്ദേശങ്ങളിലൂടെ ഓൺലൈൻ തട്ടിപ്പ് വീണ്ടും
text_fieldsമനാമ: കെ.വൈ.സി അപ്ഡേറ്റ് ചെയ്യാത്തതുകൊണ്ട് എ.ടി.എം കാർഡ് േബ്ലാക്കായെന്നും ബെനിഫിറ്റ് പേ അപ്ഡേറ്റ് ചെയ്യണമെന്നും പറഞ്ഞ് വ്യാജ സന്ദേശങ്ങൾ വീണ്ടും വ്യാപകമായി. കാർഡ് ആക്ടിവേറ്റ് ചെയ്യണമെങ്കിൽ ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്ന് പറഞ്ഞാണ് ഫോണിൽ മെസേജ് വരുന്നത്. എ.ടി.എം കാർഡിന്റെ പേരിൽ മാത്രമല്ല ബെനിഫിറ്റ് പേയുടെ പേരിലും സി.പി.ആറിന്റെ പേരിലും സമാനമായ മെസേജ് ഇപ്പോൾ ലഭിക്കുന്നുണ്ട്. ഇത്രയുംനാൾ ആരോഗ്യ ആപ്പിന്റെ പേരിലായിരുന്നു സന്ദേശം. ലിങ്കിൽ ക്ലിക്ക് ചെയ്താലോ ഒ.ടി.പി പറഞ്ഞുകൊടുത്താലോ ഉടൻ അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. വിവിധ രാജ്യങ്ങളിലിരുന്നാണ് തട്ടിപ്പുകാർ ഈ പ്രവർത്തനം നടത്തുന്നതെന്നതിനാൽ പണം പോയാൽ തിരിച്ചുകിട്ടുക എളുപ്പമല്ല. സമീപ ദിവസങ്ങളിൽ വന്ന ഒരു മെസേജ് ഇങ്ങനെയായിരുന്നു. ഒരു വെബ്സൈറ്റ് അഡ്രസ് നൽകിയിട്ട് അതുവഴി ഓൺലൈൻ വ്യാപാരം നടത്താനായിരുന്നു ക്ഷണം. വസ്ത്രങ്ങൾക്കും സുഗന്ധദ്രവ്യങ്ങൾക്കും വമ്പിച്ച വിലക്കുറവാണ് ഓഫർ ചെയ്തിരുന്നത്. ഇൗ വെബ്സൈറ്റിലൂടെ വ്യാപാരം നടത്തിയവരുടെ വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കി. അതുവെച്ച് അവർ അക്കൗണ്ടിൽ നിന്ന് പണം തട്ടുകയും ചെയ്തു. പണം പോയപ്പോഴാണ് പലരും ഇതറിഞ്ഞത്. ഇൻവെസ്റ്റ്മെന്റ് ഫേം ആണെന്നു പറഞ്ഞുള്ള വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും പ്രചരിക്കുന്നുണ്ട്. ഇതിൽ നിക്ഷേപിച്ചാൽ സ്ഥിരമായി ലാഭവിഹിതം നൽകുമെണ് ഓഫർ. ഇത്തരം നിക്ഷേപം നടത്താൻ താൽപര്യമുള്ളവർ ഈ കമ്പനികൾ യഥാർഥമാണോ, ഇവക്ക് സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈനിന്റെ അക്രഡിറ്റേഷൻ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നാടൻ കോഴിയിറച്ചിയടക്കമുള്ള ഉൽപന്നങ്ങൾ നല്ല വിലക്കുറവിൽ തരാം എന്ന് പറഞ്ഞ് ലോക്കൽ ഫാം കമ്പനിയുടെ പേരിലും സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഓർഡർ കൺഫേം ചെയ്യാൻ ഒരു ദീനാർ നൽകാൻ പറയും. നമ്മൾ സമ്മതിച്ചാൽ വേറൊരു സൈറ്റിലേക്ക് റീഡയറക്ട്ചെയ്യും. അവർ നമ്മുടെ ബാങ്ക് വിവരങ്ങൾ ആരായും. കെടുത്താൽ കാശ് പോയതുതന്നെ.
സമൂഹ മാധ്യമങ്ങളിലൂടെയും ഓൺലൈനുകളിലൂടെയും തെറ്റായ അവകാശവാദവുമായി തട്ടിപ്പ് നടത്തുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ എപ്പോഴും മുന്നറിയിപ്പ് നൽകാറുണ്ട്. ഏതെങ്കിലും തരത്തിൽ നമ്മുടെ വ്യക്തിവിവരങ്ങൾ നൽകുകയും പണം നഷ്ടപ്പെടുകയും ചെയ്താൽ ഉടൻനെ ബാങ്കിൽ വിളിച്ച് എടി.എം േബ്ലാക്ക് ചെയ്യണം.
ഒരു വെബ്സൈറ്റ് വലിയ ഓഫർ നൽകുമ്പോൾ തന്നെ സംശയിക്കണമെന്നും വിശ്വസനീയമായ ഓൺലൈൻ സൈറ്റുകളിൽ നിന്ന് മാത്രമേ ഓൺലൈൻ ഇടപാടുകൾ നടത്താകൂ എന്നും അധികൃതർ അറിയിക്കുന്നു. ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച് ചിത്ര സഹിതം അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.