ബഹ്റൈനിൽ ഓൺലൈൻ തട്ടിപ്പുകാരുടെ കൂട്ട ‘ആക്രമണം’
text_fieldsമനാമ: ബഹ്റൈനിൽ ചൊവ്വാഴ്ചയുണ്ടായത് ഓൺലൈൻ തട്ടിപ്പുകാരുടെ വ്യാപക ‘ആക്രമണം’. നിരവധി പേർക്കാണ് ഏകദേശം ഒരേസമയം വാട്സ്ആപിൽ തട്ടിപ്പുകാരുടെ കാൾ എത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് മിക്കവർക്കും കാൾ വന്നത്. ബഹ്റൈൻ നമ്പറിൽനിന്ന് വന്ന കാൾ തട്ടിപ്പാണെന്ന് തിരിച്ചറിയാതെ പലരും എടുക്കുകയും ചെയ്തു. കാൾ എടുക്കാത്തവരെ വീണ്ടും വീണ്ടും വിളിച്ച് ശല്യപ്പെടുത്തുന്നത് തുടർന്നു. വിളിച്ച വാട്സ്ആപ് നമ്പറിലെ പ്രൊഫൈലിൽ പേരോ മറ്റു വിവരങ്ങളോ ഒന്നുമുണ്ടായിരുന്നില്ല.
കോവിഡ്-19 വാക്സിൻ മുഴുവൻ ഡോസും എടുത്തിട്ടില്ലെന്നും അതിനുവേണ്ടി രജിസ്റ്റർ ചെയ്യണമെന്നുമാണ് കാൾ എടുത്തവരോട് ആവശ്യപ്പെട്ടത്. എല്ലാ ഡോസും എടുത്തിട്ടുണ്ടെന്ന് പറഞ്ഞവരോട്, രേഖയിൽ അതു കാണുന്നില്ലെന്നും അതിനാൽ ഉടൻതന്നെ അവർ അയക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാനുമാണ് ആവശ്യപ്പെട്ടത്. സംശയം തോന്നിയതിനാൽ കൂടുതൽ സംസാരത്തിന് നിന്നില്ലെന്ന് ചില അനുഭവസ്ഥർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഓൺലൈൻ തട്ടിപ്പുകാർ എല്ലാ ദിവസവും ഇരകൾക്കായി വല വീശിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. പലരും പണം നഷ്ടമാകാതെ രക്ഷപ്പെടുന്നുണ്ട് എന്നത് ആശ്വാസകരമാണ്. മുമ്പൊക്കെ വിദേശ നമ്പറുകളിൽനിന്നാണ് കാളുകൾ വന്നിരുന്നതെങ്കിൽ ഇപ്പോൾ ബഹ്റൈൻ നമ്പറിൽനിന്നും വാട്സ്ആപ് കാൾ വരുന്നത് ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. അത്യാവശ്യക്കാർ ആരെങ്കിലുമായിരുമെന്ന് കരുതി കാൾ എടുത്ത് തട്ടിപ്പിനിരയാകുന്നവരും ഉണ്ട്.
വാട്സ്ആപിൽ വിഡിയോ കാൾ ചെയ്തും തട്ടിപ്പുകാർ ഇരകളെ വീഴ്ത്താൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബഹ്റൈൻ സി.ഐ.ഡി എന്ന പേരിൽ തട്ടിപ്പുകാരൻ നടത്തിയ വിഡിയോ കാൾ ഒരാൾ റെക്കോഡ് ചെയ്തത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഓരോരുത്തരും ജാഗ്രത പാലിക്കുക എന്നതാണ് തട്ടിപ്പുകാരുടെ പിടിയിൽനിന്ന് രക്ഷപ്പെടാനുള്ള ഏകവഴി. ഫോൺ ചെയ്തോ വാട്സ്ആപിൽ വിളിച്ചോ ആരെങ്കിലും സി.പി.ആർ നമ്പർ, ഒ.ടി.പി നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ചോദിച്ചാൽ നൽകില്ലെന്ന് ഉറപ്പിച്ച് പറയുക. ഇത്തരം വിവരങ്ങൾ ബാങ്കോ മറ്റ് സർക്കാർ സംവിധാനങ്ങളോ ഫോണിലൂടെ ചോദിക്കില്ലെന്ന് മനസ്സിലാക്കുക. വാക്സിൻ എടുക്കാൻ രജിസ്റ്റർ ചെയ്യണമെന്ന് പറഞ്ഞ് ആരെങ്കിലും ലിങ്ക് അയച്ച് തന്നാൽ അതും തുറക്കരുത്. അജ്ഞാതർ അയക്കുന്ന ലിങ്കുകളിൽ അപകടം പതിയിരിക്കുന്നുണ്ടെന്ന് ഓർക്കുക. തട്ടിപ്പിനിരയായി പണം നഷ്ടമായാൽ ഉടൻതന്നെ ബാങ്കിനെ വിവരം അറിയിക്കണം. തുടർന്ന് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലും പരാതി നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.