ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വ്യാപകം
text_fieldsമനാമ: ഡിജിറ്റൽ പേമെന്റ് പ്ലാറ്റ്ഫോമുകൾ വഴി പണമിടപാട് നടത്തുന്നവരെ കബളിപ്പിക്കുന്ന സംഘങ്ങൾ വ്യാപകമായതോടെ കർശന നടപടിയെടുക്കാൻ പൊലീസ് ഒരുങ്ങുന്നു. കഴിഞ്ഞദിവസങ്ങളിൽ ഇത്തരം സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ തട്ടിപ്പ് സംബന്ധിച്ച് നിരവധി പരാതികളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. നിരവധിപേർക്ക് പണം നഷ്ടമായി. കോവിഡ് കാലത്താണ് വ്യാപകമായി ആളുകൾ ഓൺലൈൻ പണമിടപാടിലേക്ക് തിരിഞ്ഞത്. അതേത്തുടർന്ന് തട്ടിപ്പുകാരും വ്യാപകമായി രംഗത്തിറങ്ങി. അജ്ഞാത നമ്പറുകളിൽനിന്ന് കാൾ ചെയ്യുകയാണ് ഇവരുടെ രീതി. ബാങ്കിൽനിന്നാണെന്നും സർക്കാർ സ്ഥാപനങ്ങളിൽനിന്നാണെന്നുമാണ് ഇവർ പറയുക.
ഇതുകൂടാതെ ഇ-മെയിൽ വഴിയും ടെക്സ്റ്റ് മെസേജിലൂടെയും ഇവർ ഇരകളെ കണ്ടെത്തും. വ്യക്തിഗത കാര്യങ്ങളും ബാങ്കിന്റെയും ക്രെഡിറ്റ് കാർഡിന്റെയും വിവരങ്ങളും ചോദിച്ചറിയും. ഈ വിവരങ്ങൾ പറഞ്ഞാലുടൻ അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടും. പലപ്പോഴും മറ്റു രാജ്യങ്ങളിലിരുന്നാണ് ഇവരുടെ ഓപറേഷനുകൾ എന്നതിനാൽ നടപടിയെടുക്കാനുമാവില്ല.
വിശ്വസിപ്പിക്കാനായി സൈനിക ഉദ്യോഗസ്ഥരുടെ വേഷം ധരിച്ച് വിഡിയോ കാൾ വിളിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൈബർ സുരക്ഷ സംബന്ധിച്ച് കൂടുതൽ ശക്തമായ സംവിധാനങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബഹ്റൈനിലെ 73 ശതമാനം ഡിജിറ്റൽ ഇടപാടുകാർക്കും ഇത്തരം സന്ദേശങ്ങൾ വന്നതായാണ് കണക്ക്. ഇതിൽ 27 ശതമാനം പേർക്ക് പണം നഷ്ടമാവുകയും ചെയ്തു. ഇരകളാക്കപ്പെട്ടവരിൽ ബഹുഭൂരിപക്ഷത്തിനും 1000 ദിനാറിൽ കൂടുതൽ നഷ്ടമായെന്നാണ് ആന്റി വൈറസ് പ്രൊവൈഡറായ കാപർസ്കിയുടെ റിപ്പോർട്ട്. ബഹ്റൈനിൽ ഒരുലക്ഷത്തിലധികം ഇത്തരം ഫിഷിങ് സന്ദേശങ്ങൾ തടയാൻ സാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.