കാത്തിരുന്ന നാളെത്തി; ഓണോത്സവം ഇന്ന് ദാന മാളിൽ
text_fieldsമനാമ: മലയാളിത്തമുള്ള മത്സരങ്ങളും കൈനിറയെ സമ്മാനങ്ങളുമായി പവിഴദ്വീപിന്റെ ഓണാഘോഷത്തിന് പൊലിമയേകി ‘ഗൾഫ് മാധ്യമം’ലുലു ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലബാർ ഗോൾഡ് ഓണോത്സവം വെള്ളിയാഴ്ച ലുലു ദാന മാളിൽ.
കേരളത്തനിമയാർന്ന മത്സരങ്ങളും മത്സരാർഥികൾക്ക് കൈനിറയെ സമ്മാനങ്ങളുമായി ഓണോത്സവം അരങ്ങേറുമ്പോൾ, കാണികൾക്കായി നിരവധി ഇൻസ്റ്റന്റ് മത്സരങ്ങളാണ് കാത്തിരിക്കുന്നത്. ഒപ്പം നൂറുകണക്കിന് സമ്മാനങ്ങളും. ആഘോഷപ്പകലിൽ നിങ്ങളോടൊപ്പം കളിയും ചിരിയും തമാശയും കാര്യവുമായി പ്രിയങ്കരരായ ടി.വി താരങ്ങളും പ്രശസ്ത അവതാരകരുമായ ജീവ ജോസഫും മീനാക്ഷി രവീന്ദ്രനും. ഇൻസ്റ്റന്റ് ഗെയിമുകൾക്കും ചോദ്യോത്തരങ്ങൾക്കും ജീവയും മീനാക്ഷിയും നേതൃത്വം നൽകും. ഉത്തരങ്ങൾ നൽകിയാൽ അപ്പോൾതന്നെ സമ്മാനങ്ങൾ കരസ്ഥമാക്കാം.
കുട്ടികൾക്കും മുതിർന്നവർക്കും മതിമറന്നാഹ്ലാദിക്കാൻ വക നൽകുന്ന അത്യുഗ്രൻ മത്സരങ്ങളാണ് ഓണോത്സവത്തിന്റെ ഭാഗമായി നടക്കുക. രാവിലെ ഒമ്പതു മുതൽ ചിത്രരചന, പൂക്കളം മത്സരങ്ങൾ നടക്കും. നൂറുകണക്കിന് എൻട്രികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് മത്സരിക്കുക. മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും കൈനിറയെ സമ്മാനങ്ങൾ ലഭിക്കും. മധുരപ്രിയരുടെ മനസ്സിൽ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചുകൊണ്ട് പായസമത്സരം ഉച്ചക്കുശേഷം നടക്കും. പായസത്തിന്റെ വേറിട്ട രുചിക്കൂട്ടുകൾ പരീക്ഷിക്കാനും സമ്മാനങ്ങൾ വാരിയെടുക്കാനുമുള്ള അവസരമാണ് മലയാളി മങ്കമാർക്കും പുരുഷ കേസരികൾക്കുമായി ഒരുക്കിയിരിക്കുന്നത്. വൈകീട്ട് നാലു മുതലാണ് കളിയും ചിരിയും കുസൃതിയും കുറുമ്പുമായി കപ്പിൾ കോണ്ടസ്റ്റ്.
ജീവയുടേയും മീനാക്ഷിയുടേയും മാസ്മരിക പ്രകടനം. അവരോട് വാചകത്തിലും അഭിനയത്തിലും മത്സരിച്ചുകൊണ്ട് കപ്പിളുകളുടെ ഉത്സവാഘോഷം. ചിരിയും അഭിനയവും കുസൃതിയുമൊക്കെയായി കുറച്ചധികം സമയം ആനന്ദിക്കാനൊരു അസുലഭ അവസരം.
ഓണോത്സവത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം വൈകീട്ട് 6.15ന് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയ്ൻ നിർവഹിക്കും. സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ഈ വെള്ളിയാഴ്ച സായാഹ്നം സമ്മോഹനമാകട്ടെ. എല്ലാ വഴികളും ദാന മാളിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.