ബഹ്റൈന് എന്നും പ്രിയങ്കരൻ
text_fieldsമനാമ: ബഹ്റൈൻ പ്രവാസികളുടെ ഹൃദയത്തുടിപ്പുകൾ തിരിച്ചറിഞ്ഞ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. 2013ൽ യു.എൻ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ അദ്ദേഹത്തെ ഇരുകൈകളും നീട്ടിയാണ് ബഹ്റൈനിലെ മലയാളി സമൂഹം സ്വീകരിച്ചത്. അന്ന് കേരള മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിനും പത്നി മറിയാമ്മക്കും ഒപ്പമുണ്ടായിരുന്ന മന്ത്രി കെ.സി. ജോസഫിനും രാജകീയ സ്വീകരണമാണ് ബഹ്റൈൻ ഭരണകൂടം ഒരുക്കിയത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുമായി ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇന്ത്യയുമായുള്ള ബഹ്റൈന്റെ ചരിത്രപരമായ ബന്ധം അനുസ്മരിച്ച ഹമദ് രാജാവ് ഇന്ത്യൻ പ്രവാസികൾ രാജ്യത്തിന് ചെയ്യുന്ന സേവനങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു. പ്രവാസികളോട് ബഹ്റൈൻ കാണിക്കുന്ന സ്നേഹം തനിക്ക് വ്യക്തമായതായി ഉമ്മൻ ചാണ്ടി പിന്നീട് ‘ഗൾഫ് മാധ്യമ’ത്തോട് വെളിപ്പെടുത്തി.
ബഹ്റൈൻ നാഷനൽ തിയറ്ററിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിലാണ് അദ്ദേഹം യു.എൻ ഇക്കണോമിക് ആൻഡ് സോഷ്യോ അഫയേഴ്സ് വിഭാഗം അണ്ടർ സെക്രട്ടറി വു ഹോഡ് ബോയിൽനിന്ന് യു.എൻ പുരസ്കാരം ഏറ്റുവാങ്ങിയത്. അഴിമതി തടയലും പൊതുസേവനവും മുൻനിർത്തി നൽകുന്ന പുരസ്കാരമാണ് ഇന്ത്യക്ക് ലഭിച്ചത്. കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമായിരുന്നെന്നും ഉമ്മൻ ചാണ്ടി അന്ന് പറഞ്ഞു. ബഹ്റൈനിൽനിന്ന് ആദ്യമായി കേരളം സന്ദർശിച്ച ഭരണാധികാരി താനാണെന്നും കേരള സന്ദർശനം അവിസ്മരണീയ അനുഭവമാണ് സമ്മാനിച്ചതെന്നും പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉമ്മൻ ചാണ്ടിയോട് പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയുടെ മാതൃകയിൽ താൻ എല്ലാ ആഴ്ചയും മജ്ലിസ് സംഘടിപ്പിക്കാറുണ്ടെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി. തനിക്ക് അടുത്ത ദിവസമായ വെള്ളിയാഴ്ച ബഹ്റൈനിൽ 22 പരിപാടികളിൽ പങ്കെടുക്കാനുണ്ടെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചപ്പോൾ കിരീടാവകാശി അത്ഭുതം കൂറുകയും ചെയ്തു.
പറഞ്ഞതുപോലെ മലയാളിസമൂഹം മൂന്നു ദിവസമായി നൽകിയ 35 സ്വീകരണ പരിപാടികളിലും ക്ഷീണമേതുമില്ലാതെ പങ്കെടുത്തിട്ടാണ് മടങ്ങിയത്. വ്യവസായ പ്രമുഖരുമായും സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുമായും കൂടിക്കാഴ്ച നടത്താനും സമയം കണ്ടെത്തി. എം.എ. യൂസുഫലി, ഡോ. രവി പിള്ള, ഡോ. വർഗീസ് കുര്യൻ, അൽ നൂർ ഇന്റർനാഷനൽ സ്കൂൾ ചെയർമാൻ അലി ഹസൻ തുടങ്ങി നിരവധി പേരുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. പ്രവാസികളുടെ ഏത് പ്രശ്നവും തന്നെ അറിയിക്കണമെന്നും സാധ്യമായ പരിഹാരമുണ്ടാക്കാൻ എല്ലായ്പോഴും സന്നദ്ധനാണെന്നും ഉറപ്പുനൽകിയാണ് അദ്ദേഹം മടങ്ങിയത്. 2017ൽ വീണ്ടുമെത്തിയ ഉമ്മൻ ചാണ്ടിയെ ബഹ്റൈൻ അന്നത്തേതുപോലെ തന്നെ സസ്നേഹം സ്വീകരിച്ചു. ബഹ്റൈൻ നാഷനൽ ഡേയോടനുബന്ധിച്ച് ഒ.ഐ.സി.സി സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു അദ്ദേഹമെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.