തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരമായി ഓപൺ ഹൗസ്
text_fieldsമനാമ: ബഹ്റൈനിലെ പ്രവാസി ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപൺ ഹൗസ് സംഘടിപ്പിച്ചു.
കോവിഡിന് ശേഷം നേരിട്ടുള്ള രണ്ടാമത്തെ ഓപൺ ഹൗസാണ് വിജയകരമായി നടത്തിയത്. ഓപൺ ഹൗസിന്റെ പരിഗണനക്ക് വന്ന വിവിധ തൊഴിൽ, കോൺസുലാർ പരാതികളിൽ ചിലത് ഉടൻ പരിഹരിച്ചു. മറ്റ് ചില പരാതികൾ വേഗം പരിഹരിക്കുന്നതിന് തുടർനടപടികൾക്കായി മാറ്റിവെച്ചു.
എല്ലാ വർഷവും ജൂൺ 24ന് ആചരിക്കുന്ന പാസ്പോർട്ട് സേവ ദിവസിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ടാണ് അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഓപൺ ഹൗസിന് തുടക്കം കുറിച്ചത്. ഇതോടനുബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുടെ സന്ദേശവും അദ്ദേഹം വായിച്ചു.
വിവിധ തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിച്ച ബഹ്റൈനി അധികൃതരെയും സാമൂഹിക പ്രവർത്തകരെയും സംഘടനകളെയും അംബാസഡർ അഭിനന്ദിച്ചു. ഇന്ത്യൻ കമ്യൂണിറ്റി ക്ഷേമനിധിയുടെ സഹായത്തോടെ ഗാർഹിക തൊഴിലാളികളായ നിരവധി സ്ത്രീകൾക്ക് താൽക്കാലിക അഭയം നൽകാനും നാട്ടിലേക്ക് തിരിച്ചയക്കാനും സാധിച്ചു. ഈ മാസം മാത്രം നാല് ഗാർഹിക തൊഴിലാളികളെയാണ് മടക്കി അയച്ചത്.
ബഹ്റൈനിൽ കുടുങ്ങിയ തമിഴ്നാട്ടിൽനിന്നുള്ള രണ്ട് മത്സ്യത്തൊഴിലാളികളെയും എംബസിയുടെ ഇടപെടലിലൂടെ തിരിച്ചയക്കാൻ സാധിച്ചു. പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന മുഹമ്മദ് മുർസിലിനെ എംബസിയുടെയും ഐ.സി.ആർ.എഫിന്റെയും സഹകരണത്തോടെ തിരിച്ചയച്ചു.
അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പങ്കുചേർന്ന പ്രവാസി സമൂഹത്തിന് അംബാസഡർ നന്ദി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ബഹ്റൈൻ സർക്കാർ നിഷ്കർഷിച്ചിരിക്കുന്ന മുൻകരുതലുകൾ പാലിക്കണമെന്നും അംബാസഡർ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.