ഏകാധിപതികളെ വിലങ്ങിടുന്ന പ്രതിപക്ഷ നിരകൾ
text_fieldsഒരു പതിറ്റാണ്ടിനുശേഷം ഇന്ത്യൻ ജനാധിപത്യത്തിലെ നല്ലൊരു ദിവസമായിട്ടാണ് പ്രതിപക്ഷ സഖ്യമായ ഇൻഡ്യാ മുന്നണിയുടെ നേതൃത്വത്തിൽ ഭരണഘടന കൈയിലേന്തി ഭരണപക്ഷത്തിന്റെ വർഗീയ രാഷ്ട്രീയത്തെ പാർലമെന്റിൽ നേരിട്ടത് മതേതര വിശ്വാസികൾ കണ്ടത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുശേഷം വളരെ കൃത്യതയോടെയും ഐക്യത്തോടെയുമാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസംതന്നെ സഭയിൽ മിന്നും പ്രകടനം കാഴ്ചവെച്ചത്.
പാർലമെന്റ് ജനാധിപത്യത്തിൽ ശക്തമായ പ്രതിപക്ഷം ആവശ്യമാണ്. അതിശക്തമായ പ്രതിപക്ഷനിര രൂപം കൊള്ളുമ്പോൾ മാത്രമാണ് രാജ്യത്തിന് ഉപകാരപ്രദമായ നിയമനിർമാണങ്ങൾ നടക്കുക. രാജ്യത്തിന് ആവശ്യമായ വിവിധങ്ങളായ പദ്ധതികൾ വിഭാവനം ചെയ്യാനും സാധിക്കുക. എന്നാൽ, അങ്ങനെയൊരു ശക്തമായ പ്രതിപക്ഷനിര കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്നതാണ് ജനാധിപത്യവും മതേതരവും തോൽക്കാനുള്ള കാരണങ്ങളായി വിലയിരുത്തപ്പെട്ടത്. 2024ലെ ജനവിധി എന്നു പറയുന്നത് അതിശക്തമായ ഒരു പ്രതിപക്ഷനിര വേണമെന്ന് രാജ്യത്തെ ജനാധിപത്യവിശ്വാസികൾ ഒന്നടങ്കം ആഗ്രഹിച്ചതാണ്. എന്നാൽ, അത് ഒരു പരിധിവരെ സാധ്യമാവുകയും ചെയ്തു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യൻ പാർലമെന്റിൽ ഏതെങ്കിലും വിഷയത്തിൽ ശക്തമായ ചർച്ചകൾ നടന്നിട്ടില്ല. അതിന് അവസരങ്ങളും ഭരണപക്ഷം നൽകിയിട്ടില്ല. ചർച്ച ചെയ്യപ്പെടാൻ ഇവിടെ വിഷയങ്ങളൊന്നും ഇല്ലാത്തത് കൊണ്ടാണോ. വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രശ്നമായി അവർ കണ്ടില്ല. തൊഴിൽ തേടി നടക്കുന്ന രണ്ടു യുവാക്കൾ കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിനിടെ ബഹളമുണ്ടാക്കിയിരുന്നു. രാജ്യത്തെ വർഗീയതയുടെ പേരിൽ വിഭജനം നടത്താൻ മണിപ്പൂരിലടക്കം വിവിധ സംസ്ഥാനങ്ങളിലും രണ്ടാം മോദി സർക്കാർ ശ്രമം നടത്തിയതും കൂടുതൽ ചർച്ച ചെയ്യപ്പെടാതെ പോയതാണ്.
ഏകാധിപതികളുടെ അജണ്ടകളുടെ ഭാഗമാണ് പ്രതിപക്ഷത്തെ ഇല്ലാതാക്കുകയെന്നത്. അവരുടെ ശബ്ദം പുറംലോകം കേൾക്കരുത് ആരും കാണരുത് എന്നതായിരുന്നു ഫാഷിസ്റ്റ് നയം. രാജ്യത്തെ ഒരോ പ്രശ്നങ്ങളെയും പേടിച്ച് അതിന്റെ വിവിധ വശങ്ങളെടുത്ത് ചർച്ച ചെയ്തു പരിഹരിക്കപ്പെടാനാണ് എം.പിമാരെ ജനം പാർലമെന്റിലേക്ക് തെരഞ്ഞെടുത്ത് അയക്കുന്നത്. എത്രയെത്ര അടിയന്തര പ്രമേയങ്ങൾക്കാണ് അന്ന് അനുമതി നിഷേധിക്കപ്പെട്ടത്. എല്ലാം ഏകാധിപതികളാൽ ഓരോന്നായ് തടയപ്പെട്ടു. കാലം കണക്കുചോദിക്കാതെ കടന്നുപോയിട്ടില്ല. രാജ്യത്ത് നഷ്ടപ്പെട്ടു പോയ പ്രതാപങ്ങൾ ശക്തിയോടെ തിരിച്ചുപിടിക്കാൻ ഇൻഡ്യ മുന്നണിക്ക് കഴിയട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.