ഓസോൺ പാളി സംരക്ഷണം; നടപടികൾ സ്വീകരിക്കും -പരിസ്ഥിതി സുപ്രീം കൗൺസിൽ പ്രസിഡന്റ്
text_fieldsലോക ഓസോൺ സംരക്ഷണ ദിനം രാജ്യത്ത് ആചരിച്ചു
മനാമ: ഓസോൺ പാളി സംരക്ഷിക്കാനുള്ള ബഹ്റൈനിന്റെ ശ്രമങ്ങളെ അന്താരാഷ്ട്ര സമൂഹം വിലമതിക്കുന്നുവെന്നത് സന്തോഷകരമാണെന്ന് പരിസ്ഥിതി സുപ്രീം കൗൺസിൽ (എസ്.സി.ഇ) പ്രസിഡന്റ് ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. അന്താരാഷ്ട്ര ലക്ഷ്യങ്ങൾക്ക് ഇണങ്ങുംവിധം ഓസോൺ പാളിയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും ലക്ഷ്യമിട്ട് ദേശീയ പാരിസ്ഥിതിക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
നിരവധി സർക്കാർ, സ്വകാര്യ ഏജൻസികൾ ഈ ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓസോൺ പാളി സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനാചരണ വേളയിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ‘മോൺട്രിയൽ പ്രോട്ടോകോൾ: ഓസോൺ പാളി ശരിയാക്കലും കാലാവസ്ഥ വ്യതിയാനം കുറക്കലും’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ഓസോൺ പാളി സംരക്ഷണ അന്താരാഷ്ട്ര ദിനം ആചരിച്ചത്.
ഓസോൺ പാളിയെ നശിപ്പിക്കുന്ന വസ്തുക്കളും ഉപകരണങ്ങളും നിരോധിച്ചുകൊണ്ട്, ഓസോൺ പാളി സംരക്ഷണത്തിന്റെ ആവശ്യകതകൾ കൈവരിക്കുന്നതിന് ബഹ്റൈൻ ശക്തമായി മുന്നേറുകയാണെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു.
ഓസോൺ പാളിക്ക് ക്ഷതമേൽപിക്കുന്ന രാസവസ്തുക്കളെ ക്രമേണ ഇല്ലാതാക്കാൻ സഹായിക്കുന്ന പദ്ധതികളും രാജ്യം നടപ്പാക്കിയിട്ടുണ്ട്. 2025 ആകുമ്പോൾ 73.5 ശതമാനം കുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
റഫ്രിജറേഷൻ മേഖലയിൽ ഹൈഡ്രോഫ്ലൂറോകാർബണുകളുടെ ക്രമാനുഗതമായ കുറവുവഴി ആഗോളതാപനം എന്ന പ്രതിഭാസം കുറക്കുന്നതിന് സഹായിക്കുന്ന മോൺട്രിയൽ പ്രോട്ടോകോളിലെ ഭേദഗതിയിൽ സമവായം കൈവരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഓസോൺ പാളിയുടെ തകർച്ച തടയുന്നതിനും അതിന്റെ വീണ്ടെടുക്കൽ ആരംഭിക്കുന്നതിനും കാരണമായ ഓസോൺ പാളിയെ സംരക്ഷിക്കാൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങളിൽ ശൈഖ് അബ്ദുല്ല അഭിമാനം പ്രകടിപ്പിച്ചു.
അടുത്ത രണ്ടുപതിറ്റാണ്ടിനുള്ളിൽ ഓസോൺ പാളിയുടെ പൂർണമായ വീണ്ടെടുക്കൽ ഘട്ടത്തിലെത്തുക എന്ന ആത്യന്തിക ലക്ഷ്യം കൈവരിക്കുന്നതിന് അന്താരാഷ്ട്ര ഐക്യദാർഢ്യം തുടരേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.