ഫലസ്തീൻ; അടിയന്തര സഹായമെത്തിക്കാനുള്ള നിർദേശത്തെ സ്വാഗതംചെയ്ത് മന്ത്രിസഭ
text_fieldsമനാമ: ഫലസ്തീനിലെ ദുരിതബാധിതർക്ക് അടിയന്തര സഹായമെത്തിക്കാനുള്ള രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെ ആഹ്വാനത്തെ മന്ത്രിസഭ യോഗം സ്വാഗതം ചെയ്തു.
യു.എന്നുമായി ചേർന്ന് യുദ്ധക്കെടുതി അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാനും പുനരധിവസിപ്പിക്കുന്നതിനുമാവശ്യമായ സഹായം സംഭരിക്കുന്നതിന് റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വൈദ്യസഹായം, അവശ്യ ഭക്ഷ്യവസ്തുക്കൾ, വെള്ളം, വെളിച്ചം തുടങ്ങിയവ എത്തിക്കുന്നതിനാണ് നിർദേശം. യുദ്ധം അവസാനിപ്പിക്കുന്നതിനും സിവിലിയന്മാർക്ക് സംരക്ഷണം നൽകുന്നതിനുമുള്ള പ്രാധാന്യം കാബിനറ്റ് ഊന്നിപ്പറഞ്ഞു. ബന്ദികളാക്കിയ സാധാരണക്കാരെ മോചിപ്പിക്കാനും അക്രമം വ്യാപിപ്പിക്കുന്നതിൽനിന്നും ഒഴിവായി നിൽക്കാനും സാധിക്കേണ്ടതുണ്ട്. സുസ്ഥിരമായ സമാധാനം മേഖലയിൽ സാധ്യമാക്കുന്നതിനുള്ള വഴികൾ എത്രയും വേഗം കണ്ടെത്തുമെന്ന പ്രതീക്ഷയും കാബിനറ്റ് പങ്കുവെച്ചു.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രമാണ് മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനും ഫലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിനുമുള്ള ഫോർമുലയെന്നാണ് ബഹ്റൈൻ കരുതുന്നത്. ഇക്കാര്യത്തിൽ അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും കരാറുകളും പാലിക്കാൻ മുന്നോട്ടുവരുകയും ചെയ്യേണ്ടതുണ്ട്. ബഹ്റൈന്റെ സംസ്കാരവും ചരിത്രപരമായ അടയാളങ്ങളും സംരക്ഷിക്കുന്നതിനുള്ള ഹമദ് രാജാവിന്റെ നിർദേശപ്രകാരം വിവിധ മന്ത്രാലയങ്ങൾ സ്വീകരിച്ച നടപടിക്രമങ്ങളെക്കുറിച്ച് കാബിനറ്റ് ചർച്ചചെയ്തു.
നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ മുഹറഖ് സന്ദർശനവും മുഹറഖിലെ വിവിധ സാംസ്കാരിക അടയാളങ്ങൾ സംരക്ഷിക്കുന്നതിന് നടപ്പാക്കുന്ന പദ്ധതികൾ വേഗത്തിലാക്കാനും തീരുമാനിച്ചു.
ഉപഭോക്താക്കൾക്ക് വേഗത്തിൽ സേവനം നൽകുന്നതിന് ഇ- സേവനം വ്യാപകമാക്കാൻ വിവിധ മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി. ഇ-ഗവൺമെൻറ് ഫോറത്തിൽ വിജയിച്ച മന്ത്രാലയങ്ങളെയും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെയും കാബിനറ്റ് പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.