സമാജത്തിൽ ഇന്ന് പന്തളം ബാലനും, രാജലക്ഷ്മിയും
text_fieldsമനാമ: ശ്രാവണം 2024 ഓണാഘോഷങ്ങളുടെ ഭാഗമായുള്ള പ്രശസ്തരുടെ സംഗീത നിശകൾ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ബഹ്റൈൻ കേരളീയ സമാജത്തിൽ അരങ്ങേറും. അനുബന്ധ പൊതുയോഗങ്ങളിൽ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും.
വ്യാഴാഴ്ച വൈകുന്നേരം എട്ടിന് ആരംഭിക്കുന്ന പൊതുയോഗത്തിൽ എം.വിൻസെന്റ് എം.എൽ.എ. മുഖ്യാതിഥിയായിരിക്കും. പ്രശസ്ത പിന്നണി ഗായകൻ പന്തളം ബാലൻ നയിക്കുന്ന സംഗീത നിശയിൽ രാധാകൃഷ്ണൻ നായർ, തേക്കടി രാജൻ, രാജലക്ഷ്മി എന്നീ പ്രശസ്ത ഗായകരും പങ്കെടുക്കും.
വെള്ളിയാഴ്ച വൈകീട്ട് 7.30ന് തെന്നിന്ത്യയുടെ വാനമ്പാടി കെ.എസ്.ചിത്രയുടെ സംഗീത നിശ നടക്കും. പ്രശസ്ത പിന്നണി ഗായകരായ മധുബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവരും സംഗീത വിരുന്നിന്റെ ഭാഗമാകും. അന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയാകും.
ചടങ്ങിൽ ബി.കെ.എസ്. കഥാകുലപതി പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ ടി. പത്മനാഭന് സമ്മാനിക്കും.ഓണാഘോഷങ്ങളുടെ ഭാഗമാകാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു. ഈ മാസം 27ന് പഴയിടം മോഹനൻ നമ്പൂതിരിയുടെ പാചകത്തിൽ ഒരുങ്ങുന്ന ഓണസദ്യയോടെയാണ് ഒരു മാസം നീണ്ടുനിൽക്കുന്ന സമാജം ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീഴുക. സദ്യ കൂപ്പണുകൾ സമാജം ഓഫിസിൽനിന്നും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.