പടപേടിച്ച് പവിഴദ്വീപിലെത്തിയപ്പോൾ പന്തളം ബാലന്റെ ഗാനമേള
text_fieldsമനാമ: ‘പടപേടിച്ച് പന്തളത്തെത്തിയപ്പോൾ, അവിടെ പന്തളം ബാലന്റെ ഗാനമേള’ -ഒരുകാലത്ത് പ്രസിദ്ധമായിരുന്ന ചൊല്ലായിരുന്നു ഇത്. പഴഞ്ചൊല്ലിനെ ഏതോ സരസഹൃദയം മാറ്റിയെഴുതിയതാണ്. പന്തളം ബാലൻ എന്ന സംഗീത പ്രതിഭക്കുള്ള അംഗീകാരമായിരുന്നു യഥാർഥത്തിൽ ഈ ചൊല്ല്. കേരളത്തിലെമ്പാടും പന്തളം ബാലന്റെ ഗാനമേളയുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരുപക്ഷേ, ഏറ്റവും കൂടുതൽ വേദികളിൽ ഗാനമേള നടത്തിയതും ബാലനായിരിക്കാം.
നാല് ദശകത്തിലധികമായി പാടിക്കൊണ്ടിരിക്കുന്ന പന്തളം ബാലൻ പതിനായിരത്തോളം വേദികളില്‍ പരിപാടി അവതരിപ്പിച്ചുകഴിഞ്ഞു. ചലച്ചിത്ര മേഖല പല കാരണങ്ങളാൽ പ്രയോജനപ്പെടുത്താതെപോയ ഈ ഗായകന് ജനഹൃദയങ്ങളിലായിരുന്നു എന്നും സ്ഥാനം.
പാട്ടുകേൾക്കാൻ റേഡിയോ മാത്രം ഉണ്ടായിരുന്ന ഒരുകാലത്ത് അമ്പലപ്പറമ്പുകളെയും പള്ളിമുറ്റങ്ങളെയും വായനശാലകളുടെയും ക്ലബുകളുടേയും അങ്കണങ്ങളെയുമെല്ലാം യേശുദാസിന്റെ ഗാനങ്ങളാൽ സമ്പുഷ്ടമാക്കിയത് പന്തളം ബാലനായിരുന്നു. ‘നക്ഷത്ര ദീപങ്ങള്‍ തിളങ്ങി’, ‘കാട്ടിലെ പാഴ്മുളം തണ്ടില്‍നിന്നും’, ‘ഹരിമുരളീ രവം’, ‘ഏഴുസ്വരങ്ങളും’, ‘പ്രമദവനം...’ തുടങ്ങിയ ദാസേട്ടൻ ഹിറ്റുകളൊക്കെ ബാലന്റെ ശബ്ദത്തിലൂടെയാണ് ജനഹൃദയങ്ങളെ കീഴടക്കിയത്.
തിരുവനന്തപുരം സംഗീത കോളജിൽ പഠനം പൂർത്തിയാക്കിയ ബാലനെ ചലച്ചിത്രലോകം വേണ്ടത്ര ഗൗനിച്ചില്ല. അതിനുപിന്നിൽ അവഗണനയുടെ കയ്പുണ്ട്. ദേവരാജന്‍ മാഷാണ് സിനിമയില്‍ പാടാന്‍ ആദ്യമായി അവസരം നൽകിയത്. ‘സഖാവ്’ എന്ന സിനിമയിലായിരുന്നു ആദ്യത്തെ പാട്ട്. ആ സിനിമ പക്ഷേ, പുറത്തിറങ്ങിയില്ല. ടി. ബാലനെ പന്തളം ബാലനാക്കിയതും ദേവരാജന്‍ മാസ്റ്ററാണ്.
പിന്നീട് ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ ഗോത്രം എന്ന ചിത്രത്തിലും പാടി. 2002ൽ രവീന്ദ്രന് മാഷാണ് ‘എന്റെ ഹൃദയത്തിന്റെ ഉടമ’ എന്ന ചിത്രത്തിലെ ഗാനം പാടാൻ അവസരം നൽകിയത്. ഇല്ലൊരു മലർച്ചില്ല ചേക്കേറുവാന്‍... എന്ന ഒ.എൻ.വിയുടെ വരികൾ. അതിനുശേഷം ‘പകല്‍പ്പൂരം’ സിനിമയിൽ രവീന്ദ്രന് മാഷിന്റെ സംഗീതത്തില്‍ എസ്. രമേശന് നായര്‍ എഴുതിയ ‘നടവഴിയും ഇടവഴിയും’ എന്നു തുടങ്ങുന്ന ഗാനം പാടി.
മികച്ച ഗാനം എന്ന അംഗീകാരം പാട്ടിന് കിട്ടി. പക്ഷേ, സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ബാലന്റെ പേരുണ്ടായിരുന്നില്ല. അവസരം തേടി ബാലന് ആരുടേയും പിന്നാലെ പോയില്ല.
സ്വന്തം ഗാനമേള ട്രൂപ്പുമായി ബാലൻ ലോകം മുഴുവൻ സഞ്ചരിച്ചു. ബാലന്റെ പരിപാടികള്‍ക്കായി സംഘാടകര്‍ കാത്തുനിന്നു. അവഗണിച്ചവർക്കൊക്കെ ജനഹൃദയങ്ങളിൽ കുടിയേറി ബാലൻ മറുപടി നൽകി. അവിരാമം തുടരുന്ന ആ സംഗീതം ആസ്വദിക്കാൻ ബഹ്റൈനിലെ സംഗീതപ്രേമികൾക്കും അവസരം വന്നിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.