രക്ഷിതാക്കൾക്ക് താൽപര്യം വീട്ടിലിരുന്ന് പഠനം
text_fieldsമനാമ: സെപ്റ്റംബർ 16 മുതൽ സ്കൂളുകളിൽ അധ്യയനം പുനരാരംഭിക്കുമെന്ന് സർക്കാർ അറിയിെച്ചങ്കിലും ഭൂരിഭാഗം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും താൽപര്യം വീട്ടിലിരുന്നുള്ള പഠനം തന്നെ. കോവിഡ്-19 സംബന്ധിച്ച ആശങ്ക രക്ഷിതാക്കളെ അലട്ടുന്നുണ്ടെന്നാണ് പ്രതികരണങ്ങൾ തെളിയിക്കുന്നത്. സ്കൂളുകളിലെ പഠനം ആരംഭിക്കുന്നുണ്ടെങ്കിലും ഒാൺലൈൻ, ഒാഫ്ലൈൻ പഠനരീതികളിലൊന്ന് തിരഞ്ഞെടുക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.
രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും പ്രതികരണം അറിയാൻ വിദ്യാഭ്യാസ മന്ത്രാലയം സർവേ നടത്തുന്നുണ്ട്. ഒാൺലൈൻ പഠനം വേണോ ഒാഫ്ലൈൻ പഠനം വേണോ എന്ന ചോദ്യമാണ് ഇതിലുള്ളത്. സ്കൂളിലെത്തി നേരിട്ട് പഠനം നടത്താനുദ്ദേശിക്കുന്നവര്‍ക്ക് ആഴ്ചയില്‍ പരമാവധി രണ്ടു ദിവസമായിരിക്കും ക്ലാസ്.
ബാക്കി ദിവസങ്ങളില്‍ ഓണ്‍ലൈനായിരിക്കും പഠനം. എന്നാൽ, രണ്ടുദിവസം തന്നെ സ്കൂളിൽ പോകുന്ന കാര്യത്തിൽ രക്ഷിതാക്കൾക്ക് വിയോജിപ്പാണ്. കുട്ടികൾക്ക് അടക്കം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് രക്ഷിതാക്കളുടെ ആശങ്ക.
ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ നടത്തിയ സർവേയിൽ കേവലം രണ്ടു ശതമാനം മാത്രമാണ് സ്കൂളിൽ പോയി പഠനം നടത്തുന്നതിന് താൽപര്യപ്പെട്ടത്.
ക്ലാസ് മുറികളിലും സ്കൂൾ പരിസരങ്ങളിലും കൂടക്കൂടെ അണുനശീകരണം, വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ഫേസ് മാസ്ക് തുടങ്ങിയ മുൻകരുതലുകൾ എടുക്കുമെന്ന് മന്ത്രാലയം പറയുന്നുണ്ടെങ്കിലും രക്ഷിതാക്കൾക്ക് വിശ്വാസം പോര. മാസങ്ങളായി തുടരുന്ന ഒാൺലൈൻ വിദ്യാഭ്യാസം രക്ഷിതാക്കൾക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ മക്കളെ സ്കൂളിലയക്കാൻ മിക്കവരും മടിക്കുകയാണ്.
ചെറിയ കുട്ടികൾ മുൻകരുതലുകൾ എത്രത്തോളം പാലിക്കുമെന്നതിൽ അവർക്ക് ആശങ്കയുണ്ട്. എന്തായാലും, ഒാൺലൈൻ/ഒാഫ്ലൈൻ രീതികളിൽ ഒന്ന് തിരഞ്ഞെടുക്കാൻ അനുമതി നൽകിയത് രക്ഷിതാക്കൾക്ക് ആശ്വാസമാണ്.
സെപ്റ്റംബര്‍ ആറുമുതല്‍ അധ്യാപകര്‍ സ്കൂളുകളില്‍ ഹാജരാവുകയും 16 മുതല്‍ ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്യുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.