പാർലമെന്റ്, മുനിസിപ്പൽ തെരഞ്ഞെടുപ്പ്: 73 ശതമാനം പോളിങ്
text_fieldsമനാമ: കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ്, മുനിസിപ്പൽ കൗൺസിലിലേക്കുള്ള വോട്ടെടുപ്പിൽ 73 ശതമാനം പോളിങ്. വിവിധ സ്കൂളുകളിൽ സജ്ജീകരിച്ച ബൂത്തുകളിൽ രാവിലെതന്നെ വോട്ട് രേഖപ്പെടുത്താൻ ആളുകളെത്തിയിരുന്നു. സ്ത്രീകളുടെ വർധിച്ച സാന്നിധ്യവും ഇപ്രാവശ്യമുണ്ടായിരുന്നതായി വനിത സുപ്രീം കൗൺസിൽ വ്യക്തമാക്കി.കോവിഡ് ബാധിതരായവർക്ക് വോട്ട് രേഖപ്പെടുത്താൻ എക്സിബിഷൻ സെന്ററിൽ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ഇവിടെയും ശക്തമായ വോട്ടിങ്ങാണ് രേഖപ്പെടുത്തിയത്.
കാപിറ്റൽ ഗവർണറേറ്റിലെ നാലാം മണ്ഡലത്തിൽ മത്സരിക്കുന്ന സിറ്റിങ് എം.പിയായ അമ്മാർ അൽബന്നായ് മറ്റൊരു സ്ഥാനാർഥി വോട്ടിന് പണം കൊടുത്തതായി ആരോപണമുന്നയിച്ചു.ഇത് സ്ഥിരീകരിക്കുന്ന വിഡിയോയും പരാതിയോടൊപ്പം നൽകി. ഓരോ സ്ഥാനാർഥിക്കും വേണ്ടിയുള്ള പ്രത്യേക ടീം വോട്ടിങ് കേന്ദ്രങ്ങളിൽ രാവിലെ തന്നെയെത്തി സ്ഥാനാർഥികളുടെ ചിത്രവും തെരഞ്ഞെടുപ്പ് വാഗ്ദാനപത്രികകളും വിതരണം നടത്തിയിരുന്നു. വിവിധ മന്ത്രിമാരും രാജകുടുംബാംഗങ്ങളും പോളിങ് ബൂത്തുകളിലെത്തി വോട്ട് ചെയ്തു. വാഹനം ആവശ്യമായ വോട്ടർമാർക്ക് സ്ഥാനാർഥികൾ വാഹന സൗകര്യമേർപ്പെടുത്തിയിരുന്നു. സ്ഥാനാർഥികൾ തങ്ങളുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വോട്ട് ഉറപ്പിക്കുന്നതിന് അവസാന നിമിഷംവരെ നേരിൽ വിളിച്ച് ബന്ധപ്പെടുന്നതും കാണാമായിരുന്നു.
ബദൽ ശിക്ഷ പദ്ധതി ഉപയോഗപ്പെടുത്തിയ തടവുകാർ തെരഞ്ഞെടുപ്പ് നടപടികളിൽ സഹായികളായും സുരക്ഷ സൈനികർക്ക് പിന്തുണ നൽകിയും കൂടെയുണ്ടായിരുന്നു. 100 പേരെയാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. പ്രായമായവരെ സഹായിക്കുക, വോട്ടിങ് കേന്ദ്രങ്ങളിലാവശ്യമായ സൗകര്യങ്ങളൊരുക്കുക എന്നിവയും ഇവരുടെ ചുമതലയിലായിരുന്നു. ഇവരിൽ വോട്ടുള്ള 93 പേർ വോട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.