വനിതകളുടെ പാർലമെന്ററി പങ്കാളിത്തം; ഇന്ത്യയുടെ സ്ഥിതി ദയനീയമെന്ന് ഇന്റർപാർലമെന്ററി യൂനിയൻ റിപ്പോർട്ട്
text_fieldsമനാമ: ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ നിയമനിർമാണ സഭയിലെ പങ്കാളിത്തത്തിൽ വനിതകളുടെ എണ്ണം ആഗോള ശരാശരിയിലും ഏറെ താഴെയാണെന്ന് പഠനറിപ്പോർട്ട്. 69 കോടി വനിതകളുള്ള രാജ്യത്ത് 15 ശതമാനം മാത്രമാണ് നിയമനിർമാണ സഭകളിലെ വനിത പങ്കാളിത്തമെന്ന് ബഹ്റൈനിൽ നടക്കുന്ന ഇന്റർ പാർലമെന്ററി യൂനിയന്റെ 146 ാമത് സമ്മേളനത്തിലവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
187 രാജ്യങ്ങളിൽനിന്നുള്ള 1500ലധികം പാർലമെന്റ് അംഗങ്ങളാണ് അഞ്ചുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇന്ത്യയിൽനിന്ന് ലോക്സഭ സ്പീക്കർ ഓം ബിർളയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പങ്കെടുക്കുകയാണ്. പാർലമെന്ററി സ്ഥാപനങ്ങളിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുക എന്നത് രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ആഗോളസമ്മേളനത്തിന്റെ പ്രധാന അജണ്ടയാണ്. നാമനിർദേശം ചെയ്യപ്പെടുന്നവരടങ്ങുന്ന ഉപരിസഭയിലും സ്ത്രീപ്രാതിനിധ്യം ഇന്ത്യയിൽ വളരെ കുറവാണെന്ന് (13.8ശതമാനം) റിപ്പോർട്ട് അടിവരയിട്ട് പറയുന്നു. വനിത സംവരണ ബിൽ ശിപാർശ ചെയ്യപ്പെട്ടിട്ട് 25 വർഷമായിട്ടും പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും നടപ്പാക്കിയിട്ടില്ല. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ഭീഷണിയും ഓൺലൈൻ അധിക്ഷേപങ്ങളും വർധിക്കുകയാണ്. വനിത പ്രതിഷേധക്കാർക്കുനേരെയുള്ള അതിക്രമങ്ങളുടെ എണ്ണവും ഇന്ത്യയിൽ വളരെ വലുതാണെന്നും റിപ്പോർട്ടിലുണ്ട്.
ആഗോളതലത്തിൽ സ്ത്രീകളുടെ പാർലമെന്ററി പങ്കാളിത്തം 26.5 ശതമാനമാണ്. ഓരോ വർഷവും 0.4 ശതമാനത്തിന്റെ വർധനവുമാത്രമേ സംഭവിക്കുന്നുള്ളൂ. കഴിഞ്ഞ ആറു വർഷക്കാലയളവിലെ ഏറ്റവും കുറഞ്ഞ വളർച്ചയാണ് കഴിഞ്ഞ വർഷമുണ്ടായത്. ക്യൂബ, മെക്സികോ, ന്യൂസിലൻഡ്, നികരാഗ്വെ, റുവാൻഡ, യു.എ.ഇ എന്നീ രാജ്യങ്ങളിലാണ് വനിത സാമാജികരുടെ എണ്ണം അമ്പതുശതമാനത്തിന് മുകളിലുള്ളത്. 67 രാജ്യങ്ങളിൽ 30 ശതമാനത്തിനു താഴെയാണ് വനിതസാമാജികർ. യു.എസിൽ 29.5 ശതമാനം വനിതകളേ പാർലമെന്റ് അംഗങ്ങളായുള്ളൂ. തെക്കേ അമേരിക്കൻ രാജ്യങ്ങളിലാണ് ഇക്കാര്യത്തിൽ കഴിഞ്ഞ വർഷം കുതിച്ചുചാട്ടമുണ്ടായത്.
1.6 ശതമാനം ഇവിടെ വളർച്ചയുണ്ടായി. കൊളംബിയയിലും ബ്രസീലിലും സ്ത്രീപക്ഷ രാഷ്ട്രീയത്തിന് വലിയ മുന്നേറ്റമുണ്ടായതായും റിപ്പോർട്ട് നിരീക്ഷിക്കുന്നു. പരിസ്ഥിതി, സാമൂഹികനീതി, ലിംഗനീതി എന്നീ വിഷയങ്ങളിലൂന്നി നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി സ്ത്രീകൾ വൻതോതിൽ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുകയും ഈ രാജ്യങ്ങളിൽ സഭകളിലെ സ്ത്രീ പങ്കാളിത്തം വർധിക്കുകയും ചെയ്തു. ആഫ്രിക്കയിലും ഗണ്യമായ വർധന രേഖപ്പെടുത്തി. മിഡിലീസ്റ്റും വടക്കേ ആഫ്രിക്കയും അടങ്ങുന്ന മേഖലയുടെ പ്രകടനം മോശമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോള ശരാശരിയായ 26.5ന് അടുത്തെത്താൻ ഒരു രാജ്യത്തിനുമായില്ല. ബഹ്റൈനും ഇസ്രായേലും മാത്രമാണ് 20 ശതമാനം കടന്നത്.
വനിതകളുടെ സാമാജികത്വത്തിൽ വരുന്ന വർധന കേവലം കണക്കുകൾ എന്നതിലുപരി ലോകരാജ്യങ്ങളൂടെ മുൻഗണനാ അജണ്ടകളിൽ നിർണായകമായ മാറ്റംവരുത്താൻ ഉതകുന്നതാണെന്നും ഇൻറർ പാർലമെന്ററി യൂനിയൻ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി അടക്കം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലും ലിംഗനീതി സംബന്ധമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിലും സ്ത്രീ സാമാജികർ വലിയ താൽപര്യം കാട്ടുന്നതായും യൂനിയൻ നിരീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.