കണികാ ശാസ്ത്ര എക്സിബിഷൻ: ‘CERN ഇൻ ബഹ്റൈൻ’ 25 മുതൽ
text_fieldsമനാമ: തംകീന്റെ പിന്തുണയോടെ ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് ആൽ ഖലീഫ സെന്ററിന് കീഴിൽ കണികാ ശാസ്ത്ര എക്സിബിഷൻ സംഘടിപ്പിക്കുന്നു. ഏപ്രിൽ 25 മുതൽ മേയ് 25 വരെയാണ് പ്രദർശനം. യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ചുമായി (CERN) സഹകരിച്ചാണ് സ്ഥിരം പ്രദർശനം ഒരുക്കുന്നത്. ‘വിത്തൗട്ട് മാഡ്നെസ് വി വിൽ ഡു നത്തിങ്’ എന്ന സാംസ്കാരിക സീസണിലാണ് റിസർച്ച് കേന്ദ്രം തുറക്കുക.
പ്രപഞ്ചത്തിന്റെ ആവിർഭാവം, അതുമായി ബന്ധപ്പെട്ട സിനിമകൾ, ചിത്രങ്ങൾ, ഇന്ററാക്ടിവ് സ്ക്രീനുകൾ, വെർച്വൽ റിയാലിറ്റി എന്നിങ്ങനെ വിവിധ രീതിയിൽ പ്രകൃതിരഹസ്യങ്ങളെ അനാവരണം ചെയ്യുകയാണ് ഇവിടെ. ലാർജ് ഹാഡ്രോൺ കൊളൈഡറിന്റെ ത്രിമാന ചിത്രവും മനുഷ്യരാശി നിർമിച്ചെടുത്ത വലുതും ബൃഹത്തായതുമായ ശാസ്ത്ര ഉപകരണമായി കണക്കാക്കപ്പെടുന്ന 13,000 ടൺ ഭാരമുള്ള പ്രാഥമിക കണികാ ഡിറ്റക്ടറിന്റെ വലിയ ചിത്രവും പ്രദർശിപ്പിക്കും.
പ്രപഞ്ചത്തിന്റെ ഉത്ഭവവും സ്വഭാവവും പഠിക്കാനും ഗവേഷണം നടത്താനുമായി 1954ൽ സ്ഥാപിതമായതാണ് യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്. ദ്രവ്യത്തിന്റെ അടിസ്ഥാന നിർമാണ ഘടകങ്ങൾ കണ്ടെത്തുകയും ദ്രവ്യം എങ്ങനെ പരിണമിച്ചുവെന്നും വിശദീകരിക്കുന്നു.
ഇന്ന് കാണുന്ന ഗാലക്സികൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ എന്നിവ മാത്രം നിലനിന്നിരുന്ന ആദ്യകാല പ്രപഞ്ചത്തിന്റെ അവസ്ഥ വീക്ഷിക്കാൻ ആയിരക്കണക്കിന് ഗവേഷകർക്കും പര്യവേക്ഷകർക്കുമുള്ള സൗകര്യങ്ങളും സ്ഥാപനം നൽകുന്നു.
വിദ്യാർഥികളിലും യുവജനങ്ങളിലും ശാസ്ത്രാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് ആൽ ഖലീഫ സെന്റർ ഫോർ കൾചറൽ ആൻഡ് റിസർച് സെന്റർ, യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർചിന്റെ സഹകരണത്തോടെ ബഹ്റൈനിലെയും അറബ്, ഗൾഫ് മേഖലയിലെയും ഗവേഷണങ്ങൾക്കും ശിൽപശാലകൾക്കും നേതൃത്വം നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നു വരെയും വൈകുന്നേരം നാലുമുതൽ ഏഴുവരെയുമാണ് ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് ആൽ ഖലീഫ മുഹറഖ് സെന്ററിന്റെ സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.