പാസ്പോർട്ട് ഗ്ലോബൽ ഇൻഡെക്സ് പട്ടിക; റാങ്കിങ് നിലനിർത്തി ബഹ്റൈൻ
text_fieldsമനാമ: പാസ്പോർട്ട് ഗ്ലോബൽ ഇൻഡെക്സിൽ റാങ്കിങ് നിലനിർത്തി ബഹ്റൈൻ. യാത്ര രേഖയെന്ന നിലയിൽ അതിന്റെ മൂല്യം, വിശേഷാവകാശം (പ്രിവിലേജ്, വ്യക്തിസ്വാതന്ത്ര്യം എന്നിവ അടിസ്ഥാനമാക്കി നൊമാഡ് പാസ്പോർട്ട് ഇൻഡെക്സ് പുറത്തുവിട്ട 2025ലെ പട്ടിക പ്രകാരമാണ് ബഹ്റൈൻ തങ്ങളുടെ റാങ്കിങ് നിലനിർത്തിയത്. വിസ ഫ്രീ യാത്ര, ടാക്സേഷൻ, ആഗോളമായി രാജ്യത്തിനുള്ള പ്രതിച്ഛായ, ഇരട്ട പൗരത്വത്തിനുള്ള സൗകര്യം മുതലായവയും പട്ടിക തയാറാക്കുന്നതിന് മാനദണ്ഡങ്ങളാണ്.
199 രാജ്യങ്ങളിൽനിന്ന് 103ആം സ്ഥാനമാണ് ബഹ്റൈൻ നിലനിർത്തിയത്. ഗൾഫ് രാജ്യങ്ങളിൽ ആഗോള തലത്തിൽ പത്താം സ്ഥാനത്തുള്ള യു.എ.ഇയാണ് ഒന്നാം സ്ഥാനത്ത്. ഒമാൻ (89), ഖത്തർ (96), സൗദി അറേബ്യ (110) എന്നിങ്ങനെയാണ് മറ്റു റാങ്കിങ്ങുകൾ. ഇന്ത്യ 148ാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന ഖ്യാതി ഐറിഷ് പാസ്പോർട്ടിനാണ്. പട്ടികയിൽ സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനം നേടിയപ്പോൾ ഗ്രീസ് മൂന്നാമതും പോർചുഗൽ നാലാമതുമെത്തി. മാൾട്ടയാണ് അഞ്ചാം സ്ഥാനത്തുള്ളത്. പട്ടികയിൽ ആദ്യ ഒമ്പത് സ്ഥാനക്കാരും യൂറോപ്യൻ രാജ്യങ്ങളാണ്.
യു.കെ 21ാം സ്ഥാനത്തും യു.എസ്.എ പട്ടികയിൽ 45ാം സ്ഥാനത്തുമാണ്. 2023ൽ ബഹ്റൈന്റെ സ്ഥാനം 99 ആയിരുന്നു, 2022ൽ 104ഉം. കഴിഞ്ഞ വർഷമാണ് 103ലേക്കെത്തിയത്. 195 മുതൽ 199 വരെയുള്ള റാങ്കുകളിൽ ഉൾപ്പെട്ട ഏറ്റവും ദുർബലമായ പാസ്പോർട്ടുകൾ പാകിസ്താൻ, ഇറാഖ്, എറിത്രീയ, യമൻ, അഫ്ഗാനിസ്താൻ എന്നിവയുടേതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.