മരുഭൂമിയിലെ മരുപ്പച്ച കാഴ്ചകൾ...
text_fieldsമനാമ: മരുഭൂമിയുടെ വരണ്ടകാഴ്ചകൾക്ക് നടുവിൽ പച്ചപ്പണിഞ്ഞുകിടക്കുന്ന നിരവധി മനോഹര പ്രദേശങ്ങളുണ്ട് ബഹ്റൈനിൽ. അതിലൊന്നാണ് സഖീറിന് സമീപം അൽ ഖയാനയിലെ പെനിൻസുല ഫാം. പച്ചക്കറികളും ആളുകളുമൊക്കെയായി സുന്ദരമായ കാഴ്ചയാണ് ഈ ഫാം സമ്മാനിക്കുന്നത്. മരുഭൂമിയിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഹൈഡ്രോപോണിക്സ് കൃഷി നടത്തുന്നു എന്നതാണ് ഈ ഫാമിന്റെ പ്രത്യേകത. ജലവും പോഷകലായനികളും ഉപയോഗിച്ച് മണ്ണില്ലാതെ, വെള്ളത്തിൽ സസ്യങ്ങളും വിളകളും ഔഷധ സസ്യങ്ങളും വളർത്തുന്ന കൃഷിരീതിയാണ് ഹൈഡ്രോപോണിക്സ്.താരതമ്യേന, ചെലവേറിയ ഈ കൃഷിക്ക് നിരന്തരമായ നിരീക്ഷണവും പരിപാലനവും ആവശ്യമാണ്.ജലജന്യരോഗങ്ങൾ സസ്യങ്ങളെ ബാധിക്കുന്നത് തടയാൻ കൂടാരത്തിനകത്തെ ഊഷ്മാവ് 28 ഡിഗ്രിയിൽ കൂടാതെ നിലനിർത്തണം. ചൂടുകാലത്ത് വെള്ളം സ്പ്രേ ചെയ്തും കൂളിങ് ഫാനുകൾ ഉപയോഗിച്ചുമാണ് ഇത് സാധ്യമാക്കുന്നത്.
ജി.സി.സിയിലെ തന്നെ വലിയ ഹൈഡ്രോപോണിക്സ് ഫാമുകളിലൊന്നായ പെനിൻസുല ഫാമിൽ 45,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒമ്പത് ഹരിത കൂടാരങ്ങളാണുള്ളത്. ഇതിന് പുറമേ, പുറത്ത് 10,000 ചതുരശ്ര മീറ്ററിലും കൃഷി ചെയ്യുന്നുണ്ട്. ഏഴു തരത്തിലുള്ള ലെറ്റൂസ് സലാഡ് ഇലകൾ, സാധാരണ തക്കാളി, ചെറി തക്കാളി, പ്ലം തക്കാളി, മഞ്ഞ, ചുവപ്പ്, ഓറഞ്ച്, പച്ചനിറങ്ങളിലുള്ള കാപ്സിക്കം, പച്ചമുളക്, കുക്കുമ്പർ തുടങ്ങിയവയാണ് ഇവിടെ ഹൈഡ്രോപോണിക്സ് കൃഷിയിലൂടെ ഉൽപാദിപ്പിക്കുന്നത്. ലെറ്റൂസ് സലാഡ് ഇലകൾ പൂർണ വളർച്ചയെത്താൻ 45 ദിവസമെടുക്കും. തക്കാളി തൈകൾ ഏകദേശം ആറു മാസത്തോളമാണ് വിളവ് നൽകുന്നത്.
പുറത്ത് മണ്ണിൽ കൃഷിചെയ്യുന്ന പപ്പായത്തോട്ടമാണ് മറ്റൊരാകർഷണം. ഒന്നര മീറ്റർ ഉയരത്തിൽ വളരുന്ന പപ്പായയിൽനിന്ന് ഫലങ്ങൾ കൈകൾ കൊണ്ട് പറിക്കാൻ കഴിയും. കൂടാതെ നീളൻ പയർ, ഫ്രഞ്ച് ബീൻസ്, മത്തങ്ങ, എഗ്പ്ലാന്റ്, കോളിഫ്ലവർ, കാബേജ് തുടങ്ങിയ പച്ചക്കറികളും ഇവിടെ കൃഷിചെയ്യുന്നുണ്ട്. ബഹ്റൈനിലെ സൂപ്പർ മാർക്കറ്റുകളിലേക്ക് എല്ലാ ദിവസവും രാവിലെ ഇവിടെനിന്ന് പച്ചക്കറികൾ എത്തിക്കും. കൃഷിയോടനുബന്ധിച്ച് ഒരു ആട് ഫാമും ഇവിടെയുണ്ട്. ടോഗൻബർഗർ, ആൽപൈൻ, നുബിയൻ തുടങ്ങിയ ഇനങ്ങളിലുള്ള ആടുകളാണ് ഇവിടെയുള്ളത്.
ആട്ടിൻ പാലിൽനിന്ന് ഐസ്ക്രീം, ചീസ്, ബട്ടർ തുടങ്ങിയവയും ഉൽപാദിപ്പിക്കുന്നുണ്ട്. പെനിൻസുല ഫാം എന്നപേരിൽ ഇവ വിപണിയിലും ലഭ്യമാക്കുന്നുണ്ട്. ആടുകൾക്കുള്ള തീറ്റപ്പുല്ലും ഫാമിന്റെ ഒരുഭാഗത്തായി കൃഷി ചെയ്യുന്നു. മരു ഭൂമിയിലെ തണുത്ത കാലാവസ്ഥയിലും വേനൽക്കാലത്തെ ഉയർന്ന താപനിലയിലും സ്ഥിരതയാർന്ന ഉൽപാദനം നടത്താൻ ഫാമിന് കഴിയുന്നുണ്ടെന്ന് ഓപറേഷൻ മാനേജർ മോഹൻ ഗൗഡ പറഞ്ഞു. നിരവധി പുരസ്കാരങ്ങളും ഫാമിന് ലഭിച്ചിട്ടുണ്ട്. പ്രവൃത്തിദിനങ്ങളിൽ മുൻകൂട്ടി അനുവാദം വാങ്ങി ഇവിടം സന്ദർശിക്കാൻ അനുമതി നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.