ജനങ്ങളുടെ മനസറിഞ്ഞ ഭരണാധികാരി -ഡോ. രവി പിള്ള
text_fieldsമനാമ: യു.എ.ഇയുടെ വളർച്ചയിലും പുരോഗതിയിലും നിർണായക സംഭാവന നൽകിയ ഭരണാധികാരിയെയാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് ആർ.പി ഗ്രൂപ്പ് ചെയർമാൻ ഡോ. രവി പിള്ള അനുസ്മരിച്ചു.
2004ൽ ചുമതലയേറ്റെടുത്ത അദ്ദേഹം യു.എ.ഇയെ ലോകത്തിലെ ശക്തമായ രാജ്യങ്ങളിലൊന്നാക്കി മാറ്റുന്നതിൽ പങ്കുവഹിച്ചു. ജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അടുത്തറിയുകയും നിറവേറ്റുകയും ചെയ്ത ഭാരണാധികാരിയാണ് അദ്ദേഹം. അവരുടെ സ്വപ്നങ്ങൾക്ക് അദ്ദേഹം ചിറകുകൾ നൽകി. പൗരന്മാരുടെയും പ്രവാസികളുടെയും അഭിവൃദ്ധിക്ക് അദ്ദേഹം മുഖ്യ പരിഗണന നൽകി.
രാജ്യത്തെ ഡിഫൻസ് ഫോഴ്സിനെ ലോകത്തെ ശക്തമായ സേനകളിൽ ഒന്നാക്കി മാറ്റാനും അദ്ദേഹത്തിന് സാധിച്ചു. യു.എ.ഇയെ പുതുയുഗത്തിലേക്കു നയിക്കുന്നതിന്‍റെ ഭാഗമായി നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങളും പരിഷ്കാരങ്ങളും രാജ്യാന്തര തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടു. രാജ്യത്തിന്‍റെ സാമ്പത്തിക വൈവിധ്യവത്കരണത്തിന് വിജയകരമായി നേതൃത്വം നൽകുകയും പുതിയ മേഖലകളിലേക്കുള്ള കുതിപ്പിന് വഴിയൊരുക്കുകയും ചെയ്തു.
ലോകത്തിന്‍റെ പല ഭാഗങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഭാരണാധികാരിയായ അദ്ദേഹം പ്രളയ സമയത്ത് കേരളത്തിന് നൽകിയ പിന്തുണ വിലപ്പെട്ടതാണെന്നും രവി പിള്ള അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.