ജനപക്ഷ രാഷ്ട്രീയം, പരിസ്ഥിതി സൗഹൃദ വികസനം
text_fieldsമനാമ: ജനപക്ഷ രാഷ്ട്രീയവും പരിസ്ഥിതി സൗഹൃദ വികസനവുമാണ് വെല്‍ഫെയര്‍ പാര്‍ട്ടി ലക്ഷ്യമിടുന്നത്. പരിസ്ഥിതിക്കും ആവാസ വ്യവസ്ഥക്കും പരിക്കേല്പിക്കാതെയുള്ള അടിസ്ഥാന വികസനമാണ് ജനങ്ങള്ക്കാവശ്യമെന്നുള്ള തിരിച്ചറിവാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തെത്തി നില്ക്കുമ്പോള് ഉണ്ടാവേണ്ടത്. പ്രവാസ ഭൂമികയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്ന ജനപക്ഷ രാഷ്ട്രീയത്തെ അംഗീകരിക്കുന്നവരുടെ വോട്ട് ഉറപ്പിക്കാൻ വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
വര്‍ഗീയതക്കും വിഭാഗീയതക്കും എതിരായ മാനവികതയുടെ പക്ഷത്താണ് നിലനില്ക്കേണ്ടതെന്ന ബോധ്യമാണ് പുതിയ സാഹചര്യത്തിലുണ്ടാവേണ്ടത്. മതവൈരവും വര്‍ഗീയതയും ജാതീയതയും അരങ്ങുവാഴുന്ന കാലത്ത് അതിനെതിരെ നിലകൊള്ളുകയെന്നത് സുപ്രധാന ദൗത്യമാണ്. അതോടൊപ്പം, രാജ്യത്തെ എല്ലാ മനുഷ്യർക്കും ജീവിക്കാനുള്ള അടിസ്ഥാന സൗകര്യം ഉറപ്പുവരുത്താനുമാകണം. ജനകീയ പ്രശ്നങ്ങളിൽ ഒപ്പമുണ്ട് വെൽെഫയർ, എന്തിനും എപ്പോഴും എന്ന നിലപാടാണ് വെല്‍ഫെയര്‍ പാർട്ടി മുന്നോട്ട് വെക്കുന്നത്. തെരഞ്ഞെടുപ്പില്‍ ജയവും പരാജയവും സാധാരണമാണ്.
എന്നാല്‍, ജയമുറപ്പാക്കാന്‍ ഏത് ഹീനമാര്‍ഗവും അവലംബിക്കുകയെന്നത് മൂല്യമുള്ള രാഷ്ട്രീയ സംസ്കാരം തള്ളിക്കളയുന്ന ഒന്നാണ്. അതിനാല്‍ നെറികെട്ട രീതികള്‍ തെരഞ്ഞെടുപ്പ് രംഗത്തുനിന്നും തുടക്കം മുതലേ ഒഴിവാക്കിയ പാര്‍ട്ടിയാണ് വെല്ഫെയറെന്നത് അഭിമാനകരമാണ്. ഗ്രാമങ്ങളുടെ വികസനം മുഖ്യ അജണ്ടയായ തെരഞ്ഞെടുപ്പെന്നതിനാല്‍ പ്രാദേശിക സഖ്യങ്ങള്‍ രൂപപ്പെടുത്തിയാണ് മുന്നോട്ടുപോകുന്നത്. മതേതര ചേരിയോട് സഹകരിച്ച് ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തുന്നത് രാഷ്ട്ര നിര്‍മാണ പ്രക്രിയയാണ്. എല്ലാവര്ക്കും അഭിമാനത്തോടെ ജീവിക്കാവുന്ന നീതിയിലധിഷ്ഠിതമായ ക്ഷേമ രാഷ്ട്ര സങ്കല്പം യാഥാര്‍ഥ്യമാക്കുന്നതിന് ഒരു പക്ഷേ കാലങ്ങള്‍ പ്രവര്‍ത്തിക്കേണ്ടിവന്നേക്കാം. എന്നാല്‍പോലും അതിെൻറ ചെറുതിരി വെട്ടം നമ്മുടെ നാട്ടില്‍ തീര്‍ക്കാന്‍ സാധിക്കുമെന്നതിെൻറ ഉദാഹരണമാണ് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധികളുടെ മികവാര്‍ന്ന പ്രവര്‍ത്തനം. കഴിഞ്ഞ വർഷം കേരളത്തിൽ ഹരിത സൗഹൃദ വാർഡായി തെരഞ്ഞെടുക്കപ്പെട്ട മുക്കം മുനിസിപ്പാലിറ്റിയിലെ വാർഡ് വെൽഫെയർ പാർട്ടിയെ പ്രതിനിധാനം ചെയ്യുന്ന വാർഡ് മെമ്പറുടേതാണ് എന്നത് ഇതിനുദാഹരണമാണ്.
കോവിഡ് കാലത്ത് പ്രയാസത്തിലായ പ്രവാസികൾക്ക് ആവശ്യമായ ജീവിത ചുറ്റുപാട് ഒരുക്കുന്നതിലും പ്രവാസികളെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളിലും സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന് സജീവമായി പ്രവര്‍ത്തിച്ചു. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ തെളിമയോടെ പ്രവര്‍ത്തിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കായിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രവാസി സൗഹൃദ പാര്‍ട്ടിയെന്ന ഖ്യാതിയും ഇതിനോടകം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നേടാനായിട്ടുണ്ട്. മറ്റെല്ലാ പരിഗണനകള്‍ക്കും അതീതമായി നാടിെൻറ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവര്‍ക്കും സാമൂഹിക നീതിയിലും സാമൂഹിക സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ നിലപാടുകൾ സ്വീകരിക്കുന്ന, അതോടൊപ്പം പ്രവാസികളെ ചേര്ത്തുപിടിക്കുന്നവര്ക്കുമാകട്ടെ ഇത്തവണത്തെ വോട്ടെന്ന് പ്രവാസികള്‍ തീരുമാനിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.