മിന്നിത്തിളങ്ങുന്ന ഉൽക്കകൾ തലങ്ങും വിലങ്ങും; പെർസീഡ്സ് ഉൽക്കാവർഷം ഈയാഴ്ച
text_fieldsമനാമ: പ്രപഞ്ചസൗന്ദര്യത്തിന്റെ അപൂർവതകൾക്ക് സാക്ഷ്യംവഹിക്കാൻ ശാസ്ത്രസ്നേഹികൾക്ക് അവസരം നൽകിക്കൊണ്ട് പെർസീഡ്സ് ഉൽക്കാവർഷം ഈ ആഴ്ച ആകാശത്ത് സംഭവിക്കും. മണിക്കൂറിൽ 50 മുതൽ 100 വരെ ഉൽക്കകളെ ആകാശത്ത് കാണാനുള്ള അസുലഭ അവസരമാണ് തെളിഞ്ഞ കാലാവസ്ഥ എല്ലാവർക്കും നൽകുന്നത്.
ബഹ്റൈനുൾെപ്പടെ ഗൾഫ് മേഖലയിൽ ഉൽക്കാവർഷം വ്യക്തമായി കാണാനാകുമെന്നാണ് ശാസ്ത്രലോകം പ്രവചിക്കുന്നത്. 26 കിലോമീറ്റർ വ്യാസമുള്ള, ധൂമകേതുവായ സ്വിഫ്റ്റ്-ടട്ടിലിന്റെ പ്രയാണത്തിൽനിന്ന് ഉൽഭവിച്ച ഛിന്നഗ്രഹങ്ങളാണ് പെർസീഡ്സ് ഉൽക്കാവർഷത്തിന് കാരണമെന്നാണ് ശാസ്ത്രകാരൻമാരുടെ അഭിപ്രായം. 133 വർഷത്തിലൊരിക്കലാണ് സ്വിഫ്റ്റ്-ടട്ടിൽ പ്രത്യക്ഷപ്പെടുന്നത്. 1992 ലാണ് ഈ ധൂമകേതു അവസാനമായി കടന്നുപോയത്. ധൂമകേതു സൂര്യനോട് അടുത്ത് വരുമ്പോൾ അതിൽ നിന്ന് പുറത്തേക്ക് വരുന്ന പൊടിപടലങ്ങളാണ് ഉൽക്കകളായി പരിണമിച്ചത്. 25,000 വർഷമാണ് സ്വിഫ്റ്റ്-ടട്ടിൽ ധൂമകേതുവിന്റെ പ്രായമെന്നാണ് കണക്കാക്കുന്നത്.
അത്രയും പ്രായം ഈ ഉൽക്കാശിലകൾക്കും കാണും. അങ്ങനെ നോക്കിയാൽ പ്രപഞ്ചത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന സന്ദേശവാഹകരാണ് ഉൽക്കകൾ എന്ന് പാരിസ് ഒബ്സർവേറ്ററിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെലസ്റ്റിയൽ മെക്കാനിക്സിൽ ആസ്ട്രോഫിസിസിസ്റ്റായ ഡോ.അശ്വിൻ ശേഖർ ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു.
ഐസോടോപ്പ് ഡേറ്റിങ് ടെക്നിക്കുകൾ ഉപയോഗിച്ച് ഉൽക്കാശിലകളുടെ പ്രായം നിർണയിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ സൗരയൂഥ പരിണാമം പഠിക്കുന്നതിന് വളരെയേറെ സഹായകരമാണ് ഉൽക്കകളെപ്പറ്റിയുള്ള പഠനം.സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഉൽക്കാവർഷം അതിമനോഹരമായ പ്രപഞ്ചകാഴ്ചയാണ്.പെർസീഡ്സ് ഉൽക്കാവർഷം വേനൽക്കാലത്താണ് നടക്കുന്നതെന്നതിനാൽ നഗ്നനേത്രങ്ങൾകൊണ്ട് അവ വീക്ഷിക്കാൻ സാധിക്കും. ആഗസ്റ്റ് ആദ്യത്തിലാണ് സാധാരണ ഉൽക്കാമഴ സംഭവിക്കുന്നത്.
ആഗസ്റ്റ് 12നാണ് ഏറ്റവും മികവുറ്റ രീതിയിൽ ഗൾഫ് മേഖലയിൽ അവ കാണാൻ സാധിക്കുന്നതെന്നാണ് ശാസ്ത്രലോകം കരുതുന്നത്. ടെലിസ്കോപ്പിന്റെയോ മറ്റ് ഉപകരണങ്ങളുടേയോ സഹായം ആവശ്യമില്ല എന്നതിനാൽ ആർക്കും ഈ ആകാശവിസ്മയം വീക്ഷിക്കാൻ സാധിക്കും.
നഗരത്തിലെ ശക്തിയേറിയ പ്രകാശത്തിൽനിന്ന് മാറി ഒരു സ്ഥലം തിരഞ്ഞെടുക്കുകയാണെങ്കിൽ ആകാശകാഴ്ചകൾ വ്യക്തമായിരിക്കുമെന്നുമാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.