ഹാജിമാരുടെ ലഗേജുകൾ നേരിട്ടു താമസസ്ഥലങ്ങളിലെത്തിക്കും
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസണിൽ ജിദ്ദ വിമാനത്താവളം വഴി എത്തുന്ന തീർഥാടകരുടെ ലഗേജുകൾ നേരിട്ടു താമസസ്ഥലത്ത് എത്തിക്കുന്നതിനുള്ള കരാറിൽ ഹജ്ജ് മന്ത്രാലയവും കസ്റ്റംസ് അതോറിറ്റിയും ഒപ്പുവെച്ചു. ഹജ്ജ് ഉംറ മന്ത്രാലയം സംഘടിപ്പിച്ച ഹജ്ജ് ഉംറ സേവന സമ്മേളനത്തിനിടയിലാണ് ‘പിൽഗ്രിം വിതൗട്ട് ലഗേജ്’ എന്ന സംരംഭം നടപ്പാക്കുന്നതിനുള്ള കരാറിൽ ജിദ്ദയിലെ ഹജ്ജ്, ഉംറ മന്ത്രാലയ ബ്രാഞ്ച് മേധാവി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ ഗന്നാമും പശ്ചിമ മേഖല കസ്റ്റംസ് അഡ്മിസ്ട്രേഷൻ ഡയറക്ടർ മിശ്അൽ ബിൻ ഹസൻ അൽസുബൈദിയും ഒപ്പുവെച്ചത്.
ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മഷാത്, സുരക്ഷാകാര്യ അതോറിറ്റി ഡെപ്യൂട്ടി ഗവർണർ അബ്ദുല്ല അൽനഇൗം എന്നിവർ സന്നിഹിതരായിരുന്നു. കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വിമാനത്താവളങ്ങളിലെ ഇന്റെർനാഷനൽ അറൈവൽ ടെർമിനലിനുള്ളിൽ നിന്ന് തീർഥാടകരുടെ ലഗേജുകൾ സ്വീകരിക്കുകയും മക്കയിലെ തീർഥാടകരുടെ താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മുൻവർഷങ്ങളിൽ ‘പിൽഗ്രിം വിത്തൗട്ട് ലഗേജ്’ സംരംഭം കൈവരിച്ച നേട്ടങ്ങളും അവലോകനം ചെയ്തശേഷമാണ് പദ്ധതി കൂടുതൽ വിപുലമാക്കാൻ ഹജ്ജ് മന്ത്രാലയം കസ്റ്റംസും കരാർ ഒപ്പുവെച്ചത്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ലഗേജുകൾ കൊണ്ടുപോകുന്നതിനുള്ള സമയപരിധി കുറക്കുന്നതിനും കസ്റ്റംസ് നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും ഈ സംരംഭം സഹായിച്ചതായാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.