പിണറായി ഭരണം ജനമൈത്രി പൊലീസിനെ ജനവിരുദ്ധ പൊലീസാക്കി -ടി.സിദ്ദിഖ് എം.എൽ.എ
text_fieldsമനാമ: കോടിയേരി ബാലകൃഷ്ണൻ കേരളത്തിൽ ആവിഷ്കരിച്ച ജനമൈത്രി പൊലീസിനെ പിണറായി വിജയൻ ഭരണം ജനവിരുദ്ധ ക്രിമിനൽ പൊലീസാക്കി മാറ്റിയിരിക്കുകയാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ കുറ്റപ്പെടുത്തി. ബഹ്റൈൻ സന്ദർശനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
പൊലീസ് ജനവിരുദ്ധമായതിെന്റ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കിളികൊല്ലൂർ സംഭവം. കേരളത്തിൽ ഇടതുഭരണത്തിൻകീഴിൽ നടന്നുകൊണ്ടിരിക്കുന്ന പൊലീസിെന്റ ക്രിമിനൽ പ്രവർത്തനത്തിെന്റ ഉദാഹരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ മുഴുവൻ നടന്നിട്ടുള്ളത്. രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ഒരു സൈനികന് പോലും രക്ഷയില്ലെങ്കിൽ ഒരു സാധാരണക്കാരെന്റ അവസ്ഥ എന്തായിരിക്കുമെന്ന ഗൗരവകരമായ ചോദ്യമാണ് കിളികൊല്ലൂർ സംഭവം ഉയർത്തുന്നത്.
കോഴിക്കോട് ഒരു വിമുക്ത ഭടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽവെച്ച് അതീവ ഗുരുതരമായ രീതിയിൽ ആക്രമിക്കാൻ നേതൃത്വം കൊടുത്തത് ഡി.വൈ.എഫ്.ഐ പ്രവർത്തകരായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ആക്രമണത്തിന് നേതൃത്വം കൊടുത്തത് പൊലീസാണ്.
നീതി നൽകേണ്ട പൊലീസ് ജീവൻ പോലും ബാക്കി നൽകില്ല എന്ന അവസ്ഥയിലേക്ക് കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ മാറി. പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിക്കാത്ത ഒരു വിഭാഗമായി കേരളത്തിലെ പൊലീസിനെ മാറ്റിയതിനുള്ള പ്രധാന ഉത്തരവാദിത്തം ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കാണ്. പൊലീസ് സേനയിൽ ഭരണകൂടത്തിെന്റ നിയന്ത്രണം സമ്പൂർണ്ണമായി നഷ്ടപ്പെടുകയും പാർട്ടിയിലെയും പൊലീസിലെയും ക്രിമിനൽ മനോഭാവത്തിന് കീഴ്പ്പെടുന്ന ഒരു വിഭാഗത്തിെന്റ കൈകളിലേക്ക് പൊലീസ് സംവിധാനം മുഴുവൻ മാറുകയും ചെയ്തു.
ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നം മയക്കുമരുന്നാണ്. മയക്കുമരുന്ന് വ്യാപനത്തിലെ പ്രധാന പ്രതികൾ നിസംഗതയോടെ ഇതിനെ നോക്കിക്കണ്ട ഭരണകൂടവും നിയന്ത്രിക്കാൻ ഒരു നടപടി പോലും സ്വീകരിക്കാതെ പൊലീസുമാണ്. കേരളത്തെ നിക്ഷേപകരുടെ ഹബ്ബാക്കി മാറ്റാൻ വിദേശയാത്രക്ക് നേതൃത്വം കൊടുക്കുന്ന ഭരണകൂടം സംസ്ഥാനത്തെ ആഗോള ലഹരിയുടെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണ്. 2016ൽ എൻ.ഡി.പി.എസ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 5600 ആയിരുന്നു. എന്നാൽ, 2022 ജൂൺ വരെയുള്ള കണക്കനുസരിച്ച് കേസുകളുടെ എണ്ണം 11900 ആയി ഉയർന്നു. രജിസ്റ്റർ ചെയ്യപ്പെടാത്ത കേസുകൾ ഇതിലധികമാണ്. സ്കൂളുകളിലും കവലകളിലും മാർക്കറ്റുകളിലും പൊതു ഇടങ്ങളിലും ലഹരിയുടെ ഉപയോഗം വ്യാപകമായി വർധിച്ചു. പൊലീസിെന്റ വീഴ്ചയും ക്രിമിനൽ മനോഭാവവും ഇതിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഇതിനെതിരെ രാഷ്ട്രീയത്തിനതീതമായി പോരാടേണ്ട സമയമാണ്. സ്ഥിരം കുറ്റവാളികളെ പൂട്ടുന്നതിന് നിയമത്തിൽ മാറ്റം വരുത്തുന്നതിനുള്ള നടപടികൾ സർക്കാരിെന്റ ഭാഗത്തുനിന്നുണ്ടാകണം. നിർഭാഗ്യവശാൽ സർക്കാരിെന്റ ശ്രദ്ധ ഇത്തരം കാര്യങ്ങളിലല്ല എന്നത് ഏറെ ഗൗരവതരമാണ്. ലഹരിയെ നിയന്ത്രിക്കാനുള്ള പോരാട്ടത്തിൽ സർക്കാരിന് പ്രതിപക്ഷത്തിെന്റ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.