ഹൃദയാഘാതത്തെക്കുറിച്ച് അവബോധം നൽകാൻ പി.എൽ.സി
text_fieldsമനാമ: പ്രവാസികൾക്കിടയിൽ ഹൃദയാഘാതത്തെക്കുറിച്ച് അവബോധം നൽകാൻ ലക്ഷ്യമിട്ട് പ്രവാസി ലീഗൽ സെൽ (പി.എൽ.സി). കഴിഞ്ഞ വർഷത്തെ ഹൃദയാഘാത മരണനിരക്ക് കൂടിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ‘കണക്ടിങ് പീപ്ൾ’ എന്ന ശീർഷകത്തിൽ പി.എൽ.സി അടുത്ത ശനിയാഴ്ച രാവിലെ 9.30 മുതൽ അൽ ഹസമിലെ കിംസ് ഓഡിറ്റോറിയത്തിൽ ക്ലാസ് സംഘടിപ്പിക്കും. പരിപാടിയിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രവാസികൾക്കിടയിലെ ഹൃദയസ്തംഭനം, മുന്നറിയിപ്പ് സൂചനകൾ, പ്രതിരോധം എന്നിവയെക്കുറിച്ച് രാജ്യത്തെ മികച്ച ഹൃദ്രോഗ വിദഗ്ധർ സംസാരിക്കും.
സിവിൽ സൊസൈറ്റികളുമായും സാമൂഹികസന്നദ്ധ സംഘടനകളുമായും സഹകരിച്ച് ഞങ്ങൾ നടത്തിയ അന്വേഷണത്തിലാണ്, കഴിഞ്ഞ വർഷം പ്രവാസികൾക്കിടയിൽ ഹൃദയസ്തംഭന മരണങ്ങളുടെ എണ്ണം വർധിച്ചതായി മനസ്സിലാക്കിയതെന്ന് പി.എൽ.സി ഗ്ലോബൽ പബ്ലിക്ക് റിലേഷൻസ് ഓഫിസറും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത് പറഞ്ഞു. ഹൃദയപ്രശ്നങ്ങൾ വർധിക്കുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് സംസാരിക്കുകയും അവയെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുകയും ചികിത്സാ പിന്തുണ നൽകുകയും ചെയ്യേണ്ടത് പ്രധാനമാണ്. രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിലെ തൊഴിലാളികളെ ബോധവത്കരിക്കുക എന്നതാണ് പി.എൽ.സിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരമായി പരിശോധനക്ക് പോകാത്ത ലേബർ ക്യാമ്പുകളിലെയും വർക്ക്സൈറ്റുകളിലെയും പ്രവാസികളെയാണ് ഞങ്ങൾ പ്രധാനമായും ലക്ഷ്യം വെക്കാൻ ആഗ്രഹിക്കുന്നത്. അത്തരക്കാർ പലരും തങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്നില്ല. ജോലി കഴിഞ്ഞ് അവർക്ക് മാറ്റിവെക്കാൻ കൂടുതൽ ഒഴിവുസമയമില്ല എന്നതാവും അതിന് പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിലൂടെ സൗജന്യ വൈദ്യോപദേശം തേടാനും രോഗത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നും സുധീർ തിരുനിലത്ത് പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം 2020ൽ 303ഉം 2021ൽ 352ഉം മരണങ്ങൾ ബഹ്റൈനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.