ബസ് ഡ്രൈവർമാർക്ക് ഗതാഗത ബോധവത്കരണ ക്ലാസൊരുക്കി പ്ലസ് ട്രാൻസ്പോർട്ട് കമ്പനി
text_fieldsമനാമ: ട്രാൻസ്പോർട്ട് സേവനദാതാക്കളായ പ്ലസ് ട്രാൻസ്പോർട്ട് കമ്പനി ബസ് ഡ്രൈവർമാർക്കായി ജുഫൈർ കെ ഹോട്ടലിൽ വെച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ സഹകരണത്തോടെ ട്രാഫിക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
റോഡിലെ മറ്റുയാത്രക്കാരുടെയും വിദ്യാർഥികളുടെയും സുരക്ഷിതമായ യാത്രകൾക്ക് ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും റോഡിൽ വാഹനമോടിക്കുമ്പോൾ ചെയ്യുന്ന ചെറിയ അശ്രദ്ധകൾ പോലും വലിയ അപകടങ്ങൾ വരുത്തിവെക്കുന്നതിന്റെ ഗൗരവത്തെക്കുറിച്ചും ട്രാഫിക് ഉദ്യോഗസ്ഥർ ഡ്രൈവർമാരെ ബോധവത്കരിച്ചു.വർധിച്ചുവരുന്ന റോഡപകടങ്ങളിൽ പലതും ഡ്രൈവർമാരുടെ നിയമലംഘനങ്ങൾകൊണ്ടും നിസ്സാരമായ അശ്രദ്ധകളിൽനിന്നും സംഭവിക്കുന്നതാണ്.
ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ചാൽ ഇതിൽ പലതും ഒഴിവാക്കാൻ കഴിയുന്നതുമാണെന്ന് അധികാരികൾ സദസ്സിനെ ഓർമിപ്പിച്ചു. നിയമ ലംഘനങ്ങളിൽ പിടിക്കപ്പെട്ടാൽ പിഴയടച്ചു രക്ഷപ്പെടുന്നവർ, തങ്ങൾക്കു പിഴ ലഭിച്ചത് സാമ്പത്തിക നേട്ടമുണ്ടാക്കാനല്ലെന്നും അത്തരം പിഴ ചുമത്തലുകൾകൊണ്ട് തങ്ങൾ വീണ്ടും അശ്രദ്ധമായി റോഡിൽ വാഹനങ്ങൾ ഉപയോഗിക്കാതിരിക്കാനുള്ള അവബോധത്തിനും മുൻകരുതലിനും വേണ്ടിയാണെന്നും മനസ്സിലാക്കണം. അതിനാൽ നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാജ്യത്തു നടന്നിട്ടുള്ള ചില അപകടങ്ങളുടെ ചലന ചിത്രങ്ങളുദാഹരിച്ചുകൊണ്ട് അധികാരികൾ വിശദീകരിച്ചു.
ട്രാഫിക് അവബോധന ക്യാമ്പ് സംഘടിപ്പിക്കാൻ മുന്നോട്ടുവന്ന പ്ലസ് ട്രാൻസ്പോർട്ട് കമ്പനി അധികാരികളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അനുമോദിച്ചു. ഡ്രൈവർമാരെ ബോധവത്കരിക്കുന്നതിനു അവസരമൊരുക്കിത്തന്ന ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിനും ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരായ സുധീഷ് ചാക്കോ മോണ്ടിക്കും ഹുസൈൻ യൂസഫ് അൽ ഹയ്ക്കിക്കും പ്ലസ് ട്രാൻസ്പോർട്ട് കമ്പനി അധികൃതർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.